പാലക്കാട് മധു വധക്കേസിൽ പുതിയ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കുമെന്ന് ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻ. 3 അഭിഭാഷകരുടെ പേര് മധുവിന്റെ കുടുംബത്തിന് തന്നെ നിർദേശിക്കാമെന്നും ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻ അറിയിച്ചു.
കേസ് മൂന്ന് തവണ പരിഗണിച്ചപ്പോഴും പബ്ലിക് പ്രോസീക്യൂട്ടർ ഹാജരായിരുന്നില്ല. തുടർന്നാണ് കോടതി ഇടപെടൽ. കേസ് മാർച്ച് 26 ന് വീണ്ടും പരിഗണിക്കും.
2018 ഫെബ്രുവരി 22നാണ് മുക്കാലി ചിണ്ടക്കി ഊരിലെ മധുവിനെ മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാർ തല്ലിക്കൊന്നത്. മധു കൊല്ലപ്പെട്ടിട്ട് 4 വർഷം ആയിട്ടും കേസിൽ വിചാരണ ആരംഭിച്ചിട്ടില്ല. കേസിൽ ആദ്യം നിയമിച്ച പബ്ലിക് പ്രോസക്യൂട്ടർ ഒഴിവാകുകയായിരുന്നു. പിന്നീട് നിയമിച്ച അഭിഭാഷകൻ, ജൂനിയറെ അയച്ചതല്ലാതെ ഒരു തവണ പോലും നേരിട്ട് കോടതിയിൽ ഹാജരായിരുന്നില്ല.കോടതിയുടെ ഈ ഇടപെടലിൽ എങ്കിലും നീതി കിട്ടുമെന്ന പ്രതീക്ഷയിലാണ് മധുവിന്റെ കുടുംബം.













