പദ്മശ്രീ ലഭിച്ച ശോശാമ്മ ഐപ്പിന് പറയാനുള്ളത് മൂന്ന് പതിറ്റാണ്ട് നീളുന്ന പശു സംരക്ഷണത്തിന്റെ കഥയാണ്.വംശനാശത്തിന്റെ വക്കില്‍നിന്ന് ഒരു പറ്റം വെറ്ററിനറി ഡോക്ടര്‍മാരുടെ ശ്രമഫലമായി പുനര്‍ജന്മം ലഭിച്ച കേരളത്തിന്റെ സ്വന്തം കന്നുകാലി ജനുസായ വെച്ചൂരിന്റെ കഥ.വെച്ചൂർ പശു സംരക്ഷണ യജ്ഞതിന് മുന്നിൽ നിന്ന് ചുക്കാൻ പിടിച്ച വ്യക്തിയാണ് പത്തനംതിട്ട നിരണത്ത് സ്വദേശിനിയായ ഡോ.ശോശാമ്മ ഐപ്പ്. 1989ല്‍ ഡോ. ശോശാമ്മ ഐപ്പിന്റെ നേതൃത്വത്തില്‍ കാർഷിക സർവകലാശലയിൽ നിന്ന് ഒരു പറ്റം യുവ ഡോക്ടര്‍മാര്‍ വെച്ചൂര്‍പ്പശുക്കള്‍ക്കായി ഇറങ്ങിത്തിരിക്കുകയായിരുന്നു.

മനോഹരന്‍ എന്ന വ്യക്തിയുടെ വീട്ടില്‍നിന്ന് ലക്ഷണമൊത്ത ഒരു വെച്ചൂര്‍ പശുവിനെ ലഭിച്ചതു മുതല്‍ വെച്ചൂര്‍പശു സംരക്ഷണ ദൗത്യം ആരംഭിച്ചു. അധിക ലാഭത്തിൽ കേന്ദ്രീകരിച്ച് സങ്കരയിനം പശുക്കളെ സർക്കാർ പ്രോത്സാഹിപ്പിക്കുന്ന കാലത്താണ് ശോശാമ്മ ടീച്ചറും കുട്ടികളും വെച്ചൂർ പശു സംരക്ഷണവുമായി ഇറങ്ങി തിരിക്കുന്നത്. വീട്ടിൽ വെച്ചൂർ പശു ഉണ്ടായിരുന്നത് കൊണ്ട് തന്നെ അവയുടെ പ്രാധാന്യത്തെ പറ്റി നല്ല ബോധ്യം ടീച്ചർക്കുണ്ടായിരുന്നു. മൂന്ന് പതിറ്റാണ്ട് പിന്നിട്ട് ഇന്നും ആ യജ്‌ഞം തുടർന്ന് പോവുകയാണ് ശോശാമ്മ ഐപ്. ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചെങ്കിലും വെച്ചൂര്‍ പശുക്കളുടെ വംശശുദ്ധി ഉറപ്പുവരുത്തുന്നതിനും സംരക്ഷണ ശ്രമങ്ങൾക്കുമായുള്ള വെച്ചൂർ പശു കൺസർവേഷൻ ട്രസ്റ്റിൽ സജീവമാണ് ശോശാമ്മ ടീച്ചർ. പദ്മശ്രീക്ക് മുമ്പ് ലോക ഭക്ഷ്യകാർഷിക സംഘടനയുടെയും (എഫ്.എ.ഒ.), ഐക്യരാഷ്ട സംഘടനയുടെ വികസന പ്രോജക്ടിന്റെയും (യു.എൻ.ഡി. പി.) അംഗീകാരങ്ങൾ ലഭിച്ചു.മണ്ണുത്തിയിൽ ഇന്ദിരാനഗറിലാണ് താമസം. പരേതനായ എബ്രഹാം വർക്കി (റിട്ട. പ്രൊഫസർ, കാർഷിക സർവകലാശാല)യാണ് ഭർത്താവ്. ഡോ. മിനിയും ജോർജുമാണ് മക്കൾ.
തളരാത്ത മനസ്സുമായി റാബിയ…

സർക്കാർ സാക്ഷരതാ പദ്ധതികൾ ആരംഭിക്കുന്നതിന് മുമ്പേ തന്നെ ചുറ്റുമുള്ളവരെ അക്ഷരം പഠിപ്പിക്കാൻ ആരംഭിച്ചതാണ് കെ വി റാബിയ. വെള്ളിനക്കാട്ടെ വീട്ടിൽ ചക്ര കസേരയിൽ ഇരുന്നാണ് റാബിയ തന്റെ സാക്ഷരതാപ്രവർത്തനം നടത്തുന്നത് എന്നത് പദ്മശ്രീയുടെ തിളക്കം കൂട്ടുന്നു.വെള്ളിനക്കാട്ടെ പരേതരായ മൂസക്കുട്ടി -ബിയ്യാച്ചുട്ടി ദമ്പതികളുടെ മകളാണ് റാബിയ. ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് റാബിയക്ക് പോളിയോ പിടിപെട്ട് തളർച്ച ബാധിക്കുന്നത്. ശരീരം തളർന്നതോടെ പഠനം വെല്ലുവിളിയായി. തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജിൽ പ്രീഡിഗ്രിക്ക് ചേർന്നെങ്കിലും പരീക്ഷയ്ക്ക് ആറുമാസം മുൻപ് അരയ്ക്കു കീഴ്പ്പോട്ട് തളർന്ന് റാബിയയുടെ ചലനശേഷി പൂർണമായും നഷ്ടപ്പെട്ടു. ഔദ്യോഗിക പഠനം അവിടെ അവസാനിച്ചെങ്കിലും തോറ്റു കൊടുക്കാൻ റാബിയ തയാറായില്ല. പുസ്തകങ്ങളെ സ്നേഹിതനാക്കി, അനൗദ്യോഗികമായി പഠിച്ച് ബിരുദവും ബിരിദാനന്തര ബിരുദവും നേടി. വെള്ളിനക്കാട്ടെ സാമൂഹ്യ സാംസ്കാരിക പരിപാടികളിൽ സജീവമാണ് റാബിയ. വെള്ളിനാട് റോഡ് വികസനത്തിലും നാട്ടിലേക്ക് വൈദ്യുതി എത്തിക്കുന്നതിലും പ്രധാന പങ്ക് വഹിച്ചു. റാബിയ രൂപം കൊടുത്ത ‘ചലനം ‘ എന്ന സംഘടന തുടർച്ചയായ ഇരുപതാം വർഷത്തിലും നാട്ടിലെ നിരക്ഷരർക്ക് അക്ഷരം പറഞ്ഞു കൊടുത്ത് മുന്നേറുകയാണ്.സർക്കാർ തലത്തിൽ കുടുംബശ്രീ വിപുലവമാവുന്നതിന് മുൻപ് തന്നെ റാബിയ അയൽവാസികളായ സ്ത്രീകളെ ഒന്നിച്ച് കൂട്ടി സ്ത്രീശാക്തീകരണ പദ്ധതികൾ ആരംഭിച്ചിരുന്നു.ഇടയ്ക്ക് അർബുദം ഒന്ന് തളർത്തിയെങ്കിലും അവിടെയും തോൽക്കാൻ റാബിയ തയാറായില്ല. 32 ആം വയസ്സിൽ അർബുദത്തേയും അതിജീവിച്ചു.തിരൂരങ്ങാടിയിലെ റാബിയയുടെ വീട് സാംസ്കാരിക കേന്ദ്രം കൂടിയാണ്. ഗ്രന്ഥാലയം, ഭിന്നശേഷിക്കാരുടെയും സ്ത്രീകളുടെയും പുനരധിവാസം, പാലിയേറ്റീവ് പ്രവർത്തനം തുടങ്ങി എല്ലാ പ്രവർത്തികളും അവിടെ സജീവമായി നടക്കുന്നു. 56 ആം വയസ്സിൽ തേടിയെത്തിയ പദ്മശ്രീ യുടെ ആഘോഷത്തിലാണ് തിരൂരങ്ങാടിയിലെ വീടും വെള്ളിനക്കാട് നാടും.
93-ആം വയസ്സിൽ തേടിയെത്തിയ പദ്മശ്രീ…

രാജ്യം പത്മശ്രീ നൽകി ആദരിച്ച ചുണ്ടയിൽ ശങ്കരനാരായണ മേനോൻ എന്ന ഉണ്ണി ഗുരുക്കൾ രാജ്യത്തെ ഏറ്റവും മുതിർന്ന ആയോധന കല അഭ്യാസികളിൽ ഒരാളാണ്. 93 കാരനായ ശങ്കരനാരായണ മേനോൻ ചാവക്കാട് വല്ലഭട്ട കളരി സംഘത്തിന്റെ കളരിയാശാനും ഗുരുവുമായി തുടരുന്നു. കളരിപ്പയറ്റ് ലോകമെമ്പാടും ജനകീയമാക്കിയതിൽ വല്ലഭട്ട കളരിക്ക് വലിയ പങ്കുണ്ട്.ആറാം വയസ്സിലാണ് ഉണ്ണി ഗുരുക്കൾ കളരി പയറ്റ് അഭ്യസിച്ചു തുടങ്ങിയത്, പ്രായം തളർത്താത്ത മെയ് വഴക്കത്തോടെ 93-ആം വയസ്സിലും അത് തുടർന്ന് പോകുന്നു.മുടവങ്ങാട്ടിൽ തറവാട്ടിലെ ഏഴാം തലമുറയിലെ കളരി അഭ്യാസിയാണ് ഉണ്ണി ഗുരുക്കൾ. മുടവങ്ങാട്ടിൽ കുടുംബം, മലബാറിലെ വെട്ടത്തു നാട് രാജാവിന്റെ സൈന്യത്തെ നയിച്ച പാരമ്പര്യം പേറുന്നവരാണ്. “എല്ലാ ദിവസവും അച്ഛൻ രാവിലെ 5.30ന് കളരിയിൽ വന്ന് രാവിലെ 8.30 വരെ പരിശീലനത്തിന് മേൽനോട്ടം വഹിക്കും . അച്ഛന്റെ അച്ചടക്കവും സൂക്ഷ്മമായ പരിശീലനവുമാണ് ഈ പ്രായത്തിലും അദ്ദേഹത്തെ ആരോഗ്യവാനായി നിലനിർത്തുന്നത്. ഒരു ആയോധനകല പരിശീലകൻ എന്ന നിലയിൽ അദ്ദേഹം വളരെ കർക്കശക്കാരനാണ്. ” മകൻ കൃഷ്ണദാസ് പ്രമുഖ്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. ഉണ്ണി ഗുരുക്കളും മക്കളും ഒരുപാട് യാത്ര ചെയ്യുകയും അമേരിക്ക, യുകെ, ഫ്രാൻസ് തുടങ്ങി നിരവധി രാജ്യങ്ങളിൽ കളരി കേന്ദ്രങ്ങൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. അവർക്ക് ലോകമെമ്പാടും അയ്യായിരത്തിലധികം ശിഷ്യന്മാരുമുണ്ട്. കളരിപ്പയറ്റിന് നൽകിയ സംഭാവനകൾക്ക് കേരള ഫോക്ലോർ അക്കാദമി അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളും ഉണ്ണി ഗുരുക്കൾ നേടിയിട്ടുണ്ട്.
















