ലോകത്തെ അഴിമതി രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ നില ദയനീയമായി തന്നെ തുടരുന്നു. ആറു വര്‍ഷം മുമ്പ് ഉണ്ടായിരുന്ന നിലയെക്കാളും ഒന്‍പത് പോയിന്റ് താഴ്‌ന്ന് ഇപ്പോള്‍ 85-ാം സ്ഥാനത്താണ് ഇന്ത്യയുടെ സ്ഥാനം. അതേസമയം അയല്‍ രാജ്യങ്ങളായ ചൈനയും ഭൂട്ടാനും അഴിമതി കുറഞ്ഞ രാജ്യങ്ങളായി നില്‍ക്കുന്നു.
ചൈനയുടെ നേട്ടം എടുത്തു പറയേണ്ടതാണ്. കഴിഞ്ഞ വര്‍ഷം 78-ാമത് ആയിരുന്ന ചൈന ഈ വര്‍ഷം നില മെച്ചപ്പെടുത്തി 66 ആയി. ഭൂട്ടാനാകട്ടെ നേരത്തെ തന്നെ മികച്ച നിലയുണ്ടായിരുന്നത് തുടരുന്നു, 25-ാംസ്ഥാനത്താണ് ഈ രാജ്യമുള്ളത്.

അഴിമതിയുടെ തോത് വിലയിരുത്തി റാങ്കിങ് നിശ്ചയിക്കുന്ന സംഘടനയായ ട്രാന്‍സ്‌പരന്‍സ് ഇന്റര്‍ നാഷണല്‍ ഇന്‍ഡക്‌സ് പുറത്തു വിട്ട 2021-ലെ കണക്കുകളിലാണ് ഈ വിശദാംശങ്ങള്‍.
പാകിസ്‌താനും നേപ്പാളും ശ്രീലങ്കയും ബംഗ്ലാദേശും മ്യാന്‍മറും അഴിമതിയില്‍ കുളിച്ചു നില്‍ക്കുന്ന രാജ്യമാണെന്നാണ് കണക്കുകള്‍. പാകിസ്‌താന്റെ റാങ്ക് 140 ആണ്. ശ്രീലങ്ക 102-ാംസ്ഥാനത്തും നേപ്പാള്‍ 117-മതും ബംഗ്ലാദേശ് 147-ാം സ്ഥാനത്തുമാണ് നില്‍പ്.
താലിബന്‍ ഭരണത്തിനു കീഴില്‍ അഫ്‌ഗാനിസ്ഥാനിലെ അഴിമതി വര്‍ധിച്ചതായി റിപ്പോര്‍ട്ടിലുണ്ട്. 2020-ല്‍ 165-ാം സ്ഥാനത്തായിരുന്നു അഫ്‌ഗാന്‍ ഇപ്പോള്‍ നില വീണ്ടും താഴ്‌ന്ന് 174-ാമതാണ്. ആകെ 180 രാജ്യങ്ങളാണ് പട്ടികയിലുള്ളത് എന്ന് ഓര്‍ക്കുക.
വന്‍ ശക്തികളില്‍ അമേരിക്കയില്‍ അഴിമതി കൂടുതലാണ്. 27-ാം സ്ഥാനത്താണവരുടെ നില്‍പ്. റഷ്യ അഴിമതിയില്‍ വളരെ മുന്നിലാണ്-136-ാം സ്ഥാനത്താണ് ആ രാജ്യം. ബ്രിട്ടന്റെ നില മെച്ചമാണ്. അവര്‍ 11-ാം സ്ഥാനത്തുണ്ട്.

അഴിമതി ഏറ്റവും കുറഞ്ഞ രാജ്യങ്ങള്‍ സ്‌കാന്‍ഡിനേവ്യന്‍ രാഷ്ട്രങ്ങളാണ്. ഡെന്‍മാര്‍ക് ആണ് ഏറ്റവും അഴിമതി ഇല്ലാത്ത രാജ്യം. ഒന്നാം സ്ഥാനത്ത് അവരാണ്. പിന്നില്‍ ഫിന്‍ലാന്‍ഡ്, ന്യൂസിലാന്‍ഡ്, നോര്‍വ്വെ എന്നിവയുണ്ട്. സിംഗപ്പൂരില്‍ അഴിമതി വളരെ കുറവാണ്- അവര്‍ അഞ്ചാം സ്ഥാനത്താണ്. തൊട്ടു പിറകില്‍ സ്വീഡന്‍.
പട്ടികയില്‍ ഏറ്റവും അവസാനം നില്‍ക്കുന്ന രാജ്യം ആഫ്രിക്കന്‍ രാജ്യമായ സൗത്ത് സുഡാന്‍ ആണ്. സിറിയ, സോമാലിയ എന്നിവ തൊട്ടു പിറകിലുണ്ട്. നോര്‍ത്ത് കൊറിയ സമഗ്രാധിപത്യ ഭരണത്തിനു കീഴിലായിട്ടും അഴിമതിക്കാര്യത്തില്‍ ഭീകരമാണ്-175-ാം സ്ഥാനത്താണ് നില്‍പ്. യമന്‍, വെനിസ്വേല എന്നിവയും അടുത്തടുത്തായി ഉണ്ട്.
റിപ്പോർട്ട് അനുസരിച്ച് ലോകത്ത് അഴിമതി കുറയ്ക്കുന്നതിനുള്ള നടപടികൾ മന്ദഗതിയിലാണ് . മനുഷ്യാവകാശങ്ങളും ജനാധിപത്യവും ആക്രമിക്കപ്പെടുകയാണ്. ചില രാജ്യങ്ങൾ കൊവിഡ്-19 ന്റെ ഒഴികഴിവുകൾ പറഞ്ഞ് സ്വാതന്ത്ര്യം നിയന്ത്രണത്തിലാക്കാൻ ശ്രമിക്കുന്നു. 131 രാജ്യങ്ങൾ 10 വർഷമായി അഴിമതി നിയന്ത്രിക്കാൻ പ്രത്യേക ശ്രമമൊന്നും നടത്തിയില്ല.













