റിപ്പബ്ലിക് ദിനാഘോഷവുമായി ബന്ധപ്പെട്ട് നടത്തുന്ന ബീറ്റിങ് റിട്രീറ്റ് ചടങ്ങിൽ ഇത്തവണ ഗാന്ധിജിയുടെ പ്രിയ ഈണമായ ‘അബൈഡ് വിത്ത് മീ’ ഉണ്ടാകില്ല.
പകരം ‘ഏ മേരെ വതൻ കെ ലോഗോ’ എന്ന ഹിന്ദി ദേശ ഭക്തി ഗാനമാകും സൈനിക ബാന്റുകൾ വായിക്കുക. ഇന്ത്യ- ചൈന യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ സ്മരണാർത്ഥം കവി പ്രദീപ് രചിച്ച ഗാനമാണിത്.
ഇന്ത്യൻ സംഗീതങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതിന്റെ ഭാഗമായാണ് ഗാന്ധിജിയുടെ ഇഷ്ട ഗാനം ഒഴിവാക്കിയതെന്നാണ് കേന്ദ്ര വിശദീകരണം.
2020 ലെ റിപബ്ളിക്ക് ദിനാഘോഷ വേളയിൽ തന്നെ അബൈഡ് വിത്ത് മീ ഒഴിവാക്കാൻ കേന്ദ്രം പദ്ധതിയിട്ടിരുന്നെങ്കിലും ശക്തമായ പ്രതിഷേധം കാരണം സാധിച്ചില്ല.
‘അബൈഡ് വിത്ത് മീ’ എന്ന ഗാനം സ്കോട്ടീഷ് ആംഗ്ലിക്കൻ സാഹിത്യ കാരനായ ഹെൻറി ഫ്രാൻസിസ് മരണക്കിടക്കയിൽ കിടന്ന് രചിച്ചതാണ്. 1950മുതൽ ബീറ്റിംഗ് റിട്രീറ്റിൽ ഈ ഗാനം വായിച്ചു പോരുന്നു. എന്നാൽ ഇത്തവണ ജനുവരി 29 ന് നടക്കുന്ന ബീറ്റിംഗ് റിട്രീറ്റിൽ പരമാവധി ഇന്ത്യൻ ഗാനങ്ങൾ മാത്രമേ സൈനിക ബാൻഡ് വായിക്കുകയുള്ളൂവെന്ന് ഇതുമായി ബന്ധപ്പെട്ടവർ അറിയിച്ചു.
















