ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രത്തില്‍ ഒരു പങ്കിന്റെയും മഹത്വം പറയാനില്ലാത്ത ഇന്നത്തെ സംഘപരിവാര്‍ സ്വാതന്ത്ര്യസമര ചരിത്രം തിരുത്തിയെഴുതാന്‍ നടത്തുന്ന നീക്കത്തില്‍ ഒരു ചുവടുകൂടി-ജവഹര്‍ലാല്‍ നെഹ്‌റുവല്ല, ആദ്യത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയെന്നു വരുത്താന്‍ സംഘപരിവാര്‍ ബുദ്ധികേന്ദ്രങ്ങള്‍ നടത്തുന്ന നവചരിത്രരചനയുടെ ഭാഗമായി ഡൽഹിയിൽ ഇന്ന് ഇന്ത്യാ ഗേറ്റിൽ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ സ്ഥാപിക്കുകയാണ്.
നേതാജിയുടെ പ്രതിമ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചത് മുതൽ ജവഹർലാൽ നെഹ്‌റു അല്ല സുഭാഷ് ചന്ദ്രബോസ് ആണോ രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രി എന്ന ചർച്ച വീണ്ടും സോഷ്യൽ മീഡിയയിൽ തുടങ്ങിയിട്ടുണ്ട്.

ഇന്ത്യക്കാര്‍ ഏറ്റവുമധികം മറക്കാന്‍ സംഘപരിവാര്‍ ആഗ്രഹിക്കുന്ന പേര് ജവാഹര്‍ലാല്‍ നെഹ്‌റുവിന്റെതാണ്. ഇന്ത്യയെ ശക്തമായ ആധുനിക ജനാധിപത്യ, മതേതര രാഷ്ട്രമാക്കാന്‍ ശ്രമിച്ച വ്യക്തിയെ അല്ലാതെ പിന്നെ ആരെയാണവര്‍ തമസ്‌കരിക്കേണ്ടത്. സംഘപരിവാറിന് ഏറ്റവും ചതുര്‍ഥിയായ രണ്ടേരണ്ട് സംഗതികളേയുള്ളൂ–ജനാധിപത്യം, മതേതരത്വം. നെഹ്‌റുവിനെ ജനം ഓര്‍മിക്കുന്നത് മറ്റൊരു രാഷ്ട്രീയത്തെയും ഒാര്‍മിപ്പിക്കും.
അതിനാല്‍ നെഹ്‌റുവിനെ കോണ്‍ഗ്രസില്‍ ആരൊക്കെ ഉള്‍പാര്‍ടി ജനാധിപത്യത്തിന്റെ ഭാഗമായി എതിര്‍ത്തിരുന്നുവോ അവരെയെല്ലാം ഉയര്‍ത്തി വിഗ്രഹവല്‍ക്കരിക്കുന്ന പദ്ധതിയാണ് ഹിന്ദുത്വകേന്ദ്രങ്ങള്‍ ഭരണയന്ത്രം ഉപയോഗിച്ച് ചെയ്‌തുവരുന്നത്. സുഭാഷ് ചന്ദ്രബോസിനൊടുള്ള ബി.ജെ.പിയുടെ പ്രണയത്തിലും ഇതല്ലാതെ വേറെ ഒന്നുമില്ലെന്ന ചര്‍ച്ചയും ഉയരുന്നുണ്ട്.
ബോസ് രൂപീകരിച്ച ആസാദ് ഹിന്ദ് സര്‍ക്കാര്‍ ആയിരുന്നു ആദ്യ ഇന്ത്യാഗവണ്‍മെന്റ് എന്ന് സ്ഥാപിക്കാനുള്ള ശ്രമവും പ്രതിമ സ്ഥാപിക്കലിന്റെ ഭാഗമായി സംഘപരിവാര്‍ നവമാധ്യമങ്ങള്‍ വഴി ആരംഭിച്ചിട്ടുണ്ട്. നെഹ്‌റുവിനെ എതിര്‍ത്തിരുന്ന ബോസിനെ ഉപയോഗിച്ച് നെഹ്‌റുവിനെ ഇടിച്ചുതാഴ്‌ത്തുക എന്നതാണ് തന്ത്രം. അതേസമയം ബോസിന്റെ മരണത്തിനിടയാക്കിയ സംഭവങ്ങളിലെ ദുരൂഹത നീക്കാന്‍ അവര്‍ തയ്യാറുമല്ല.
നേതാജി സുഭാഷ് ചന്ദ്രബോസ് 1943 ഒക്ടോബർ 21-ന് ഇന്ത്യയിലെ ആദ്യത്തെ സ്വതന്ത്ര താൽക്കാലിക സർക്കാർ സിംഗപ്പൂരിൽ രൂപീകരിച്ചു. ആസാദ് ഹിന്ദ് സർക്കാർ എന്നായിരുന്നു അതിനു കൊടുത്ത പേര്. രണ്ടാം ലോകമഹായുദ്ധകാലത്തായിരുന്നു ഈ സുപ്രധാന സംഭവം.
ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് ഇന്ത്യയെ മോചിപ്പിക്കാൻ നേതാജി സായുധ പോരാട്ടവും ആരംഭിച്ചു. ഈ സായുധ പോരാട്ടം രാജ്യക്കാരെ സ്വാതന്ത്ര്യം നേടാൻ സഹായിക്കുമെന്ന് ബോസിന് ഉറപ്പുണ്ടായിരുന്നു. ആൻഡമാൻ നിക്കോബാർ ദ്വീപുകളും ജപ്പാൻ നേതാജിയുടെ നേതൃത്വത്തിലുള്ള ആസാദ് ഹിന്ദ് സർക്കാരിന് കൈമാറി.
താൽക്കാലിക പ്രവാസ ഗവൺമെന്റിന്റെ പ്രധാനമന്ത്രിയായിരുന്നു സുഭാഷ് ചന്ദ്രബോസ്. ആസാദ് ഹിന്ദ് ഫൗജിലെ റാണി ഝാൻസി റെജിമെന്റ് – രാജ്യത്തെ ആദ്യത്തെ വനിതാ റെജിമെന്റും ബോസ് രൂപീകരിച്ചു. ക്യാപ്റ്റൻ ലക്ഷ്മി സെഹ്ഗാളിന്റെ കൈകളിലായിരുന്നു ഇതിന്റെ നിയന്ത്രണം. ഈ സർക്കാരിലെ പ്രചരണ വിഭാഗം കൈകാര്യം ചെയ്തത് എസ് എ അയ്യർ ആയിരുന്നു. റാഷ് ബിഹാരി ബോസിനെ നേതാജിയുടെ മുഖ്യ ഉപദേഷ്ടാവാക്കി. ആസാദ് ഹിന്ദ് സർക്കാരിന് സ്വന്തമായി ബാങ്കും കറൻസിയും സിവിൽ കോഡും സ്റ്റാമ്പുകളും ഉണ്ടായിരുന്നു.













