യു പി പിടിച്ചെടുക്കാനായി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് കോപ്പുകൂട്ടുമ്പോഴും, 40 ശതമാനം സീറ്റ് സ്ത്രീകൾക്ക് കൊടുത്ത് സ്ത്രീ വോട്ടുകൾ ആകർഷിക്കാമെന്ന് കണക്കുകൂട്ടുമ്പോഴും, പ്രധാന സ്ത്രീ നേതാക്കൾ തന്നെ കോൺഗ്രസിനെ വിട്ടു പോകുന്ന ദയനീയ കാഴ്ചയാണ് യു പിയിൽ കാണാനാകുന്നത്.
ഒരു വശത്ത് ഉന്നാവോ പെൺകുട്ടിയുടെ അമ്മയ്ക്കും ഓണറേറിയം ഉയർത്തുന്നതിന് വേണ്ടി പ്രക്ഷോഭം നടത്തിയ ആശാ വർക്കർ പൂനം പാണ്ഡെയ്ക്കും സീറ്റ് നൽകി സ്ഥാനാർഥി പട്ടിക പുറത്തിറക്കുമ്പോൾ മറു വശത്ത് പ്രിയങ്ക മൗര്യയെയും അതിഥി സിങിനെയും പോലുള്ള പ്രമുഖ നേതാക്കൾ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരുകയാണ്.
മഹിളാ കോൺഗ്രസ് വൈസ് പ്രസിഡന്റും യു പി യിലെ കോൺഗ്രസ് പ്രചാരണത്തിന്റെ പോസ്റ്ററിലെ പ്രധാന മുഖവുമായിരുന്നു പ്രിയങ്ക മൗര്യ. ‘ഞാൻ പെണ്ണാണ്, എനിക്ക് പോരാടാനാകും'(ലഡ്കി ഹൂം ലാഡ് സക്തി ഹൂം) എന്നായിരുന്നു കോൺഗ്രസിന്റെ ക്യാമ്പയിൻ മുദ്രാവാക്യം. പ്രിയങ്ക മൗര്യയുടെ മുഖമുള്ള പോസ്റ്റർ വലിയ രീതിയിൽ ശ്രദ്ധയാകർഷിച്ചിരുന്നു.
എന്നാൽ സീറ്റ് പങ്ക് വെച്ചപ്പോൾ പ്രിയങ്ക മൗര്യയെ തഴഞ്ഞു.ലഖ്നൗവിലെ സരോജിനി നഗറിൽനിന്ന് ജനവിധി തേടാനായിരുന്നു പ്രിയങ്ക മൗര്യയുടെ ആഗ്രഹം. എന്നാൽ സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചപ്പോൾ സീറ്റ് രുദ്ര ധാമൻ സിങ്ങിന് നൽകുകയായിരുന്നു.
നടപടിയിൽ പ്രകോപിതയായ പ്രിയങ്ക മൗര്യ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചു കൊണ്ടാണ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്.തന്റെ മുഖവും പേരും പ്രചാരണത്തിനായി ഉപയോഗിച്ചു. സീറ്റ് പങ്കു വെച്ചപ്പോൾ തന്നെ അവഗണിച്ചു. പ്രിയങ്ക പറഞ്ഞു.ജാതിയും കൈക്കൂലിയിലും പരിഗണിച്ചാണ് കോൺഗ്രസ് സ്ഥനാർഥിക ളെ നിശ്ചയിക്കുന്നതെന്നും പ്രിയങ്ക ആരോപിച്ചു.
സ്ത്രീ സൗഹൃദ പ്രചാരണ യജ്ഞതിനിടെ കോൺഗ്രസ്സിനേറ്റ മറ്റൊരു വലിയ തിരിച്ചടിയാണ് റായ്ബറേലി എം എൽ എ യും പ്രമുഖ കോണ്‍ഗ്രസ് നേതാവ് അഖിലേഷ് കുമാര്‍ സിങിന്റെ മകളുമായ അതിഥി സിങിന്റെ രാജി.
ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസിന്റെ യുവമുഖമായി നേതൃത്വം കരുതിയിരുന്ന നേതാവായിരുന്നു 34 കാരിയായ അതിഥി സിങ്. രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും വിശ്വസ്ഥയായിരുന്ന അതിഥി സിങ് കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് പോയത് കോൺഗ്രസിന് വലിയ ആഘാതമാണ് ഉണ്ടാക്കിയത്.
യു പി യിൽ സ്ഥാനാർഥി പട്ടിക പൂർത്തിയാകുമ്പോൾ 40 ശതമാനവും സ്ത്രീകൾ ആയിരിക്കുമെന്ന് പ്രിയങ്ക ഗാന്ധി പ്രഖ്യാപിക്കുമ്പോഴും,ശക്തമായ ക്യാമ്പയിനുകളുമായി മുന്നോട്ട് പോകുമ്പോഴും കോൺഗ്രസിന്റെ കാതലിൽ നിന്നുള്ള കൊഴിഞ്ഞു പോക്ക് കോൺഗ്രസിന് ക്ഷീണമുണ്ടാക്കുമെന്നത് യാഥാർത്ഥ്യമാണ്.
ആദ്യ കാലങ്ങളിൽ കോൺഗ്രസ് അടക്കി വാണിരുന്ന സംസ്ഥാനമായിരുന്നു ഉത്തർപ്രദേശ്. 1952 ല്‍ യു പി യിൽ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ വിജയം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനായിരുന്നു. പിന്നീടുണ്ടായ കലുഷിതമായ ആഭ്യന്തര പ്രശ്നങ്ങൾക്കുംനിരവധി രാഷ്ട്രപതി ഭരണങ്ങൾക്കുമൊടുവിൽ ബിജെപിയുടെ ആദ്യ രൂപമായ ജനതാ പാർട്ടിക്ക് അധികാരം കിട്ടുന്നത് 1977 ലെ തിരഞ്ഞെടുപ്പിലാണ്.
അടിയന്തരാവസ്ഥയിൽ ആസ്വസ്ഥരായ ജനതയുടെ പ്രതിഷേധമാണ് കോൺഗ്രസിന് അത്തവണ കാണാനായത്. 425 സീറ്റുകളിൽ കോൺഗ്രസ് വെറും 47 സീറ്റിലേക്ക് ഒതുങ്ങി. ജനതാ പാർട്ടി അന്ന് 352 സീറ്റുകളോടെ അധികാരത്തിൽ വന്നു.
എന്നാൽ ഒരു വർഷം പോലും ആ സർക്കാരിന് തികക്കാനായില്ല. 1980 ലെ തിരഞ്ഞെടുപ്പിൽ 309 സീറ്റുകളോടെ കോൺഗ്രസ് ഗംഭീര തിരിച്ചു വരവ് നടത്തി. പിന്നീട് പ്രധാന മന്ത്രി ആയിരുന്ന വി പി സിങ് ആയിരുന്നു അന്ന് യു പി മുഖ്യമന്ത്രി ആയത്. വിപി സിങ് പിന്നീട് ജനദാ ദളിന്റെ ഭാഗമായി.
1985-ൽ എന്‍ഡി തിവാരിയുടെ നേതൃത്വത്തിലാണ് കോൺഗ്രസ് അവസാനമായി യുപിയിൽ അധികാരത്തിൽ വന്നത്. ബാബരി സംഭവത്തിന് ശേഷം പിന്നീട് ഒരിക്കലും കോൺഗ്രസ്സിന് യുപിയിൽ അധികാരം സ്ഥാപിക്കാനായിട്ടില്ല. പിന്നീട് നടന്ന ഒരു തിരഞ്ഞെടുപ്പിലും 100 ന് മുകളില്‍ സീറ്റ് നേടാന്‍ പോലും കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.













