ഗോവ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 34 സ്ഥാനാർത്ഥികളുടെ പട്ടിക ബിജെപി വ്യാഴാഴ്ച പുറത്തുവിട്ടു. മുതിര്‍ന്ന ബി.ജെ.പി. നേതാവും മുൻ കേന്ദ്ര പ്രതിരോധ മന്ത്രിയും മുൻ ഗോവ മുഖ്യമന്ത്രിയുമായിരുന്ന മനോഹർ പരീക്കറുടെ സീറ്റായ പനാജിയിലേക്ക് അദ്ദേഹത്തിന്റെ മകൻ ഉത്പലിന് ടിക്കറ്റ് നൽകിയില്ല എന്നതാണ് എല്ലാവരെയും അതിശയിപ്പിച്ച കാര്യം. ബാബുഷ് മോൺസെറേറ്റിനാണ് ബിജെപി ഇവിടെ ടിക്കറ്റ് നൽകിയത്.
ബി.ജെ.പിയുടെ പട്ടിക പുറത്തുവന്നയുടൻ ആം ആദ്മി പാർട്ടി ഉത്പൽ പരീക്കറിന് പനാജിയിൽ ടിക്കറ്റ് വാഗ്ദാനം ചെയ്തു. ബിജെപിയുടെ യൂസ് ആൻഡ് ത്രോ നയത്തിൽ ഗോവയിലെ ജനങ്ങൾ ദുഃഖിതരാണെന്ന് അരവിന്ദ് കെജ്‌രിവാൾ ട്വീറ്റ് ചെയ്തു. പരീക്കർ കുടുംബത്തോടും അതുതന്നെ ചെയ്തു–കെജ്‌രിവാൾ പറഞ്ഞു.
തന്റെ പിതാവിന്റെ സീറ്റായ പനാജിയിൽ നിന്ന് മത്സരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഉത്പൽ പരീക്കർ നേരത്തെ തന്നെ പാർട്ടിയെ അറിയിച്ചിരുന്നു. മറ്റ് രണ്ട് സ്ഥലങ്ങളിൽ നിന്ന് മത്സരിക്കാൻ ഉത്പലിന് ബിജെപി വാഗ്ദാനം ചെയ്തെങ്കിലും അദ്ദേഹം അത് നിരസിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു . ബി.ജെ.പിയുടെ പട്ടിക പുറത്തുവന്നതിന് പിന്നാലെ തന്റെ നിലപാട് ഉടൻ വ്യക്തമാക്കുമെന്ന് ഉത്പൽ പറഞ്ഞു.













