• Home
  • latest news
  • പഞ്ചാബിലെ പൊലീസിനെ പുകയ്‌ക്കാന്‍ കേന്ദ്രത്തിന്റെ തന്ത്രം ഒരുങ്ങുന്നുവെന്ന്‌ റിപ്പോര്‍ട്ട്‌

പഞ്ചാബിലെ പൊലീസിനെ പുകയ്‌ക്കാന്‍ കേന്ദ്രത്തിന്റെ തന്ത്രം ഒരുങ്ങുന്നുവെന്ന്‌ റിപ്പോര്‍ട്ട്‌

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് സന്ദര്‍ശനത്തിനിടെയുണ്ടായ സുരക്ഷാവീഴ്ചയക്ക് പിന്നാലെ പഞ്ചാബ് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിസ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ്പിജി) നിയമപ്രകാരമുള്ള നടപടികള്‍ കേന്ദ്ര സർക്കാർ പരിഗണിക്കുന്നു എന്ന് റിപ്പോർട്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പഞ്ചാബ് സര്‍ക്കാര്‍ ഒരു ഉന്നതതല സമിതി രൂപവത്കരിച്ചിട്ടുണ്ടെങ്കിലും എസ്പിജി നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ കേന്ദ്രം ഒരുങ്ങുന്നതായാണ് ഉന്നതവൃത്തങ്ങള്‍ നല്‍കുന്ന വിവരം. ഇതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ ഡല്‍ഹിയിലേക്ക് വിളിപ്പിക്കുകയോ അവര്‍ക്കെതിരേ കേന്ദ്ര സര്‍ക്കാര്‍ തലത്തില്‍ അന്വേഷണം നടത്തുകയോ ചെയ്യാന്‍ സാധ്യതയുണ്ട്.
കര്‍ഷക പ്രതിഷേധക്കാര്‍ റോഡ് ഉപരോധിച്ചതോടെ പഞ്ചാബിലെ ഹുസൈനിവാലയിലെ രക്തസാക്ഷി സ്മാരകത്തില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള ഫ്ലൈ ഓവറില്‍ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കുടുങ്ങുകയായിരുന്നു. ഗുരുതര സുരക്ഷാ വീഴ്ച എന്ന് ഈ സംഭവത്തെ വിശേഷിപ്പിച്ച ആഭ്യന്തര മന്ത്രാലയം, പഞ്ചാബ് സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടുകയും ഉത്തരവാദികളെ കണ്ടെത്തി കര്‍ശന നടപടിയെടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

പഞ്ചാബ്‌ മുഖ്യമന്ത്രി ചരണ്‍ജിത്‌ ചന്നി

എസ്പിജി നിയമത്തിലെ സെക്ഷന്‍ 14 പ്രകാരം പ്രധാനമന്ത്രിയുടെ യാത്രകളില്‍ എസ്പിജിക്ക് എല്ലാവിധ സഹായങ്ങളും നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. ഇത് പാലിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ട സാഹചര്യത്തില്‍, എസ്പിജി നിയമത്തിന്റെ ലംഘനമായതിനാൽ നടപടികളുണ്ടാകുമെന്നുമാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

2020-ല്‍ പശ്ചിമ ബംഗാളില്‍ ഇത്തരമൊരു സാഹചര്യം ഉണ്ടായപ്പോള്‍ അത്‌ മമതബാനര്‍ജിയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള വലിയ ഏറ്റുമുട്ടലില്‍ കലാശിച്ചെങ്കിലും മമത സംസ്ഥാനത്തെ പൊലീസിനെ പൂര്‍ണമായും സംരക്ഷിച്ച്‌ കേന്ദ്രത്തിന്റെ നീക്കത്തെ നിര്‍വീര്യമാക്കുകയാണുണ്ടായത്‌. ബി.ജെ.പി. പ്രസിഡണ്ട്‌ ജെ.പി. നദ്ദയുടെ നേരെ ഉണ്ടായ ആക്രമണ ശ്രമത്തെ തുടര്‍ന്നായിരുന്നു ഇത്‌.

സംസ്ഥാന പൊലീസ്‌ ഉന്നതോദ്യോഗസ്ഥരെ കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹിയിലേക്ക്‌ വിളിച്ചു വരുത്താന്‍ ശ്രമിച്ചെങ്കിലും മമത അവരെ വിട്ടയച്ചിരുന്നില്ല. തുടര്‍ന്ന് സംസ്ഥാന ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരോട് ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടുകയും ഡല്‍ഹിയിലേക്ക് വിളിപ്പിക്കുകയും ചെയ്തു. എന്നാല്‍, സംസ്ഥാനം റിപ്പോര്‍ട്ട് അയച്ചില്ലെന്ന് മാത്രമല്ല സംസ്ഥാന സര്‍ക്കാര്‍ വിഷയം ഇതിനകം അന്വേഷിക്കുന്നുണ്ടെന്ന കാരണം പറഞ്ഞ് ഇരുവരും യോഗത്തില്‍ നിന്ന് പിന്മാറുകയും ചെയ്തു.

അന്ന്‌ കുറേ വാക്‌ പോര്‌ ഉണ്ടായെങ്കിലും കേന്ദ്രസര്‍ക്കാരിന്‌ മമതയുടെ നാട്ടിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ ഒരു നടപടിയും സ്വകരിക്കാന്‍ കഴിഞ്ഞിരുന്നില്ല എന്നതാണ്‌ വാസ്‌തവം. അതിനു സമാനമായ സാഹചര്യം ഇപ്പോള്‍ പഞ്ചാബില്‍ ഉണ്ടായിരിക്കുന്നു എന്നതാണ്‌ വസ്‌തുത.

Leave a Reply

Your email address will not be published. Required fields are marked *