• Home
  • latest news
  • പുലി പ്രഭാകരനോ ഭിന്ദ്രന്‍വാലയോ ആവുക…മുസ്ലീങ്ങളെ വേട്ടയാടുക-ഹരിദ്വാര്‍ പ്രസംഗത്തിനെതിരെ ഒടുവില്‍ കേസെടുത്തു, പക്ഷേ ആരെയും അറസ്റ്റ്‌ ചെയ്‌തില്ല

പുലി പ്രഭാകരനോ ഭിന്ദ്രന്‍വാലയോ ആവുക…മുസ്ലീങ്ങളെ വേട്ടയാടുക-ഹരിദ്വാര്‍ പ്രസംഗത്തിനെതിരെ ഒടുവില്‍ കേസെടുത്തു, പക്ഷേ ആരെയും അറസ്റ്റ്‌ ചെയ്‌തില്ല

മുസ്ലീങ്ങളെ വംശഹത്യയ്‌ക്കിരയാക്കാനായി പുലി പ്രഭാകരനെപ്പോലെയോ ഭിന്ദ്രന്‍വാലയെപ്പോലെയോ ഹിന്ദുക്കള്‍ മാറണമെന്നുള്‍പ്പെടെയുള്ള കൊലവിളിയാഹ്വാനം ഹരിദ്വാറിലെ ഹിന്ദുമത പാര്‍ലമെന്റില്‍ മുഴക്കിയ സംഭവത്തില്‍ ഒടുവില്‍ ഉത്തരാഖണ്ഡ്‌ ഭരണകൂടം കേസെടുത്തു. എന്നാല്‍ ഇതുവരെ ആരെയും അറസ്റ്റ്‌ ചെയ്‌തിട്ടില്ല.

ഡിസംബര്‍ 17 മുതല്‍ 19 വരെ നടന്ന സമ്മേളനത്തില്‍ പരസ്യമായ വംശഹത്യാ ആഹ്വാനമായിരുന്നു മുഴങ്ങിയത്‌. രാജ്യത്തെ മുന്‍ സൈനിക മേധാവികളും രണ്ട ഡസനോളം മുന്‍ ഉന്നത സൈനിക ഓഫീസര്‍മാരും നൂറിലേറെ രാജ്യാന്തര പ്രശസ്‌തരായ വ്യക്തികളും പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും പ്രതിഷേധക്കത്ത്‌ എഴുതിയതിനു ശേഷമാണ്‌ ഈ വംശഹത്യാഹ്വാനസംഭവം ശ്രദ്ധിക്കപ്പെട്ടത്‌.

അവസാനം ഗത്യന്തരമില്ലാതെ ശനിയാഴ്‌ച എഫ്‌.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്‌തു. സമ്മേളനത്തിന്റെ മുഖ്യസംഘാടകനും വംശഹത്യാഹ്വാനം മുഴക്കിയവരില്‍ പ്രമുഖനുമായ യതി നരസിംഹാനന്ദയ്‌ക്കെതിരെ കേസെടുത്തു.

https://thepoliticaleditor.com/2022/01/renowned-persons-writes-protest-letter-against-the-call-for-genocide-of-indian-muslims-in-hardwar-hindu-parliament/

ഒപ്പം സാഗര്‍ സിന്ധു മഹാരാജ്‌ തുടങ്ങി ആകെ അഞ്ച്‌ പേര്‍ക്കെതിരെ എഫ്‌.ഐ.ആര്‍. ഇട്ടിട്ടുണ്ട്‌. ഹിന്ദുക്കള്‍ കൂടുതല്‍ കുട്ടികളെ പ്രസവിക്കണമെന്നും മുസ്ലീങ്ങള്‍ ഹിന്ദുമതത്തിലേക്ക്‌ മാറിയെങ്കില്‍ മാത്രം അവരെ ജീവിക്കാന്‍ അനുവദിക്കണമെന്നും പ്രസംഗിച്ചയാളാണ്‌ സാഗര്‍ സിന്ധുമഹാരാജ്‌.

ഹിന്ദുക്കള്‍ ആയുധമെടുത്ത്‌ എല്‍.ടി.ടി.ഇ. നേതാവ്‌ വേലുപ്പിള്ള പ്രഭാകരനെപ്പോലെയോ ഖലിസ്ഥാന്‍ ഭീകരന്‍ ഭിന്ദ്രന്‍വാലയെപ്പോലെയോ ആയി ആയുധമെടുത്ത്‌ മുസ്ലീങ്ങളെ മുഴുവന്‍ കൊല്ലണമെന്ന്‌ നരസിംഹാനന്ദയും ആഹ്വാനം ചെയ്‌തു.

ഇവരുടെ പ്രസംഗത്തിന്റെ വീഡിയോ ക്ലിപ്പുകളും വ്യാപകമായി പ്രചരിക്കപ്പെട്ടു. ഇതോടെയാണ്‌ വിഷയം പ്രശസ്‌ത വ്യക്തികള്‍ ഏറ്റെടുത്ത്‌ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയത്‌.

സംഘപരിവാര്‍ അനുകൂല ദേശീയ മാധ്യമങ്ങള്‍ ഈ വാര്‍ത്തയൊന്നും അറിഞ്ഞതായി ഭാവിച്ചില്ല. എന്നാല്‍ പ്രതിഷേധക്കത്തിന്റെ വിശദാംശം എന്‍.ഡി.ടി.വി. ഉള്‍പ്പെടെ പുറത്തു വിട്ടതോടെ സര്‍ക്കാരിന്‌ പേരിനെങ്കിലും നടപടി സ്വീകരിക്കേണ്ടിവന്നിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *