രാജ്യത്ത് ബുധനാഴ്ച 13,154 പുതിയ കൊവിഡ് കേസുകൾ. ഇത് ചൊവ്വാഴ്ചയേക്കാൾ ഇരട്ടിയോളം ആണ്, കൃത്യമായി 47 ശതമാനം . ചൊവ്വാഴ്ച 9,195 കേസുകളായിരുന്നു കണ്ടെത്തിയത്. ദിവസേനയുള്ള പുതിയ കേസുകൾ രണ്ട് ദിവസത്തിനുള്ളിൽ ഇരട്ടിയിലധികമായിരിക്കുന്നു. രണ്ടാം തരംഗത്തിൽ നാശം വിതച്ച മഹാരാഷ്ട്ര, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിൽ കൊവിഡ് രോഗികളുടെ എണ്ണം ഇരട്ടി വേഗത്തിലാണ് വർധിക്കുന്നത്. രണ്ട് സംസ്ഥാനങ്ങളിലും ഒറ്റ ദിവസം കൊണ്ട് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ റെക്കോർഡ് കുതിപ്പ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഡൽഹിയിൽ 86 ശതമാനവും മുംബൈയിൽ 82 ശതമാനവും വർധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഡൽഹിയിൽ 923 കേസുകൾ കണ്ടെത്തി, ഇത് മെയ് 30 ന് ശേഷമുള്ള ഏറ്റവും ഉയർന്ന എണ്ണമാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഡൽഹിയിൽ ജീനോം സീക്വൻസിങ്ങിനായി അയച്ച എല്ലാ സാമ്പിളുകളിലും 38 ശതമാനം ഒമിക്‌റോൺ പോസിറ്റീവ് ആയിരുന്നു.
മഹാരാഷ്ട്രയിൽ വർദ്ധിച്ചുവരുന്ന കൊവിഡ്കേസുകൾ കണക്കിലെടുത്ത്ഡിസംബർ 30 മുതൽ ജനുവരി 7 വരെ റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ, ബാറുകൾ, പബ്ബുകൾ, റിസോർട്ടുകൾ, ക്ലബ്ബുകൾ എന്നിവയുൾപ്പെടെ അടച്ചതോ തുറന്നതോ ആയ സ്ഥലങ്ങളിലെ പുതുവത്സര ആഘോഷങ്ങൾ, പാർട്ടികൾ എന്നിവ പോലീസ് നിരോധിച്ചു.
ജനുവരി 31ന് ശേഷം പൊതുസ്ഥലങ്ങളിൽ പ്രവേശിക്കുന്നതിന് രാജസ്ഥാൻ മന്ത്രിസഭ വാക്സിനേഷൻ നിർബന്ധമാക്കി. ഇതോടൊപ്പം രാത്രികാല കർഫ്യൂ കർശനമായി നടപ്പാക്കാനും നിർദേശം നൽകിയിട്ടുണ്ട്. മാളുകളും മറ്റ് വാണിജ്യ സ്ഥാപനങ്ങളും എല്ലാ ദിവസവും രാത്രി 10 വരെ മാത്രം തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കും.













