ലുധിയാന ജില്ലാ കോടതി സ്ഫോടനവുമായി ബന്ധപ്പെട്ട് സിഖ്‌സ് ഫോർ ജസ്റ്റിസ് (എസ് എഫ് ജെ) തീവ്രവാദ ഗ്രൂപ്പിലെ അംഗമായ ജസ്‌വിന്ദർ സിംഗ് മുൾട്ടാനിയെ ജർമനിയിൽ അറസ്റ്റ് ചെയ്തു. ജർമൻ പൗരനായ മുൾട്ടാനിയെ ഡിസംബർ 27 അർദ്ധരാത്രിയോടെ മധ്യ ജർമ്മനിയിലെ എർഫർട്ടിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഇയാളെ കൈമാറാനുള്ള നടപടികൾ ഇന്ത്യ ഉടൻ ആരംഭിക്കും.
പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐയും പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ഗുണ്ടാസംഘത്തലവൻ ഹർവീന്ദർ സിംഗ് റിൻഡയും വഴിയാണ് ഇയാൾ ലുധിയാന സ്‌ഫോടനം ആസൂത്രണം ചെയ്തത്. മുൾട്ടാനിയെ ചോദ്യം ചെയ്യാൻ ഇന്ത്യൻ അന്വേഷണ ഏജൻസികൾ ഉടൻ ജർമ്മനിയിലേക്ക് പോയേക്കും. പഞ്ചാബ് പോലീസിൽ നിന്ന് പിരിച്ചുവിട്ട ഹെഡ് കോൺസ്റ്റബിൾ ഗഗൻദീപ് സിങ്ങിനെ ലുധിയാന സ്‌ഫോടനത്തിന്റെ കരുവാക്കി മുൾട്ടാനി മാറ്റി.

ഡൽഹിയിലും മുംബൈയിലും സ്‌ഫോടനം നടത്താൻ മുൾട്ടാനി പദ്ധതിയിട്ടിരുന്നതായും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ഇതിന് പിന്നാലെ കേന്ദ്രസർക്കാരിന്റെ അപേക്ഷയെ തുടർന്നാണ് തുടർന്നാണ് അറസ്റ്റ്.
പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന കള്ളക്കടത്തുകാരുടെ സഹായത്തോടെ അതിർത്തിക്കപ്പുറത്ത് നിന്ന് പഞ്ചാബിലേയ്ക്ക് സ്ഫോടനവസ്തുക്കളും ഗ്രനേഡുകളും അടങ്ങിയ ആയുധങ്ങൾ കടത്തിയതോടെയാണ് ഇയാൾ പൊലീസിന്റെ നിരീക്ഷണത്തിലാകുന്നത്. തീവ്രവാദ പ്രവർത്തനങ്ങൾക്കായി പാകിസ്ഥാനിൽ നിന്നും പഞ്ചാബിലേയ്ക്ക് സ്ഫോടക വസ്തുക്കൾ കടത്താൻ ഇയാൾ ആസൂത്രണം ചെയ്തിരുന്നതായും സൂചനയുണ്ട്.













