• Home
  • latest news
  • പഞ്ചാബ്‌ രാഷ്ട്രീയം കലങ്ങും… 25 കര്‍ഷക സംഘടനകളുടെ ഇന്നത്തെ പ്രഖ്യാപനം പാർട്ടികൾക്ക് അഗ്നി പരീക്ഷ

പഞ്ചാബ്‌ രാഷ്ട്രീയം കലങ്ങും… 25 കര്‍ഷക സംഘടനകളുടെ ഇന്നത്തെ പ്രഖ്യാപനം പാർട്ടികൾക്ക് അഗ്നി പരീക്ഷ

കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ സമരം വിജയിച്ചതിനെത്തുടര്‍ന്ന്‌ പഞ്ചാബില്‍ കര്‍ഷക സംഘടനാനേതാക്കള്‍ നേരിട്ട്‌ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിലേക്ക്‌ കടക്കുമെന്ന പ്രഖ്യാപനം പരമ്പരാഗത രാഷ്ട്രീയപാര്‍ടികളുടെ മനസ്സില്‍ തീ കോരിയിടുന്നു.

സംസ്ഥാനത്തെ 32 കർഷക സംഘടനകളിൽ 25 എണ്ണവും ഇനി രാഷ്ട്രീയത്തിൽ നേരിട്ട് ഇടപെടും.

ഇതിനായി ഐക്യ സമാജ് മോർച്ച രൂപീകരിച്ചു. ബികെയു രാജേവാൾ നേതാവ് ബൽബീർ സിംഗ് രാജേവാലായിരിക്കും മുഖ്യമന്ത്രി സ്ഥാനാർഥി . ചണ്ഡീഗഡിൽ യോഗം ചേർന്നാണ് കർഷകർ ഇക്കാര്യം അറിയിച്ചത്. ഇവര്‍ ആം ആദ്‌മിയുമായി ചേര്‍ന്ന്‌ മല്‍സരിക്കാനൊരുങ്ങുന്നു എന്നത്‌ കോണ്‍ഗ്രസിനും ബി.ജെ.പി.ക്കും അമരീന്ദര്‍ സിങിനുമൊക്കെ കടുത്ത വെല്ലുവിളിയാണ്‌ ഉയര്‍ത്തുക. നിലവില്‍ പഞ്ചാബില്‍ ആം ആദ്‌മി പാര്‍ടി ഒറ്റയ്‌ക്കു തന്നെ നിര്‍ണ്ണായക ശക്തിയാണ്‌.

കര്‍ഷകരുമായി ചേര്‍ന്നാല്‍ ഒരു പക്ഷേ പഞ്ചാബില്‍ അധികാരശക്തിയായി മാറാന്‍ പോലും അവര്‍ക്ക്‌ കഴിയുമെന്ന അവസ്ഥയാണ്‌. 22 സംഘടനകൾ ചേർന്നാണ് തീരുമാനമെടുത്തത്. 3 സംഘടനകൾ കൂടി ഉടൻ ഒപ്പം ചേരുമെന്ന് നേതാക്കൾ അറിയിച്ചു.

എന്നാല്‍ സംയുക്തകിസാന്‍ മോര്‍ച്ചയുടെ പേരും ബാനറും ഉപയോഗിച്ച്‌ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കരുതെന്ന്‌ ഏഴ്‌ കിസാന്‍ സംഘടനകള്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്‌.

സമ്മര്‍ദ്ദ ശക്തിയായി മാത്രം കര്‍ഷകര്‍ നിന്നാല്‍ മതിയെന്നാണ്‌ പല സംഘടനകളുടെയും പക്ഷം.

മുഴുവന്‍ നിയമസഭാ സീറ്റിലും മല്‍സരിക്കുമെന്നും സമാന മനസ്‌കരായ പ്രസ്ഥാനങ്ങളുമായി സഖ്യമുണ്ടാക്കുമെന്നും 22 കര്‍ഷകനേതാക്കള്‍ പറയുന്നു. ആം ആദ്‌മിയുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്‌.

ബല്‍ബീര്‍ സിങ്‌ രജേവാള്‍ ചിലപ്പോള്‍ ആംആദ്‌മിയുടെ ബാനറില്‍ തന്നെ മല്‍സരിച്ചേക്കാനും സാധ്യതയുണ്ട്‌. ഖന്ന മണ്ഡലമാണ്‌ പരിഗണിക്കുന്നത്‌. രജേവാളിനു വേണ്ടിയുള്ള പോസ്‌റ്ററുകളും പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. എന്നാല്‍ സംയുക്ത കിസാന്‍ മോര്‍ച്ചയില്‍ ഇതു സംബന്ധിച്ച്‌ ഭിന്നാഭിപ്രായം ഉണ്ട്‌.

ഗുര്‍നാം ചാധുനി

അതേസമയം പഞ്ചാബിലെ കര്‍ഷകനേതാക്കള്‍ക്ക്‌ ആശങ്കയുണര്‍ത്തി ഹരിയാനയിലെ കര്‍ഷകനേതാവ്‌ ഗുര്‍നാം ചാധുനി രംഗത്തു വന്നിരിക്കയാണ്‌. അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്‌ താനും പഞ്ചാബില്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കും എന്നാണ്‌.

ചണ്ഡീഗഡിൽ സംയുക്ത സംഘർഷ് പാർട്ടി രൂപീകരിക്കുമെന്ന് ചധുനി ദിവസങ്ങൾക്ക് മുമ്പ് പ്രഖ്യാപിച്ചിരുന്നു. മിഷൻ പഞ്ചാബ് എന്നാണ് ചാധുനി ഇതിന് പേരിട്ടിരിക്കുന്നത്.

പഞ്ചാബ് രാഷ്ട്രീയത്തിൽ ചാധുനി സജീവമായാൽ കർഷക പ്രസ്ഥാനം സംസ്ഥാനത്ത് സൃഷ്ടിച്ച അന്തരീക്ഷത്തിന്റെ ഗുണം അദ്ദേഹത്തിന് ലഭിക്കും. ഇത് പഞ്ചാബിലെ കർഷക സംഘടനകളെ ആശങ്കയിലാക്കുന്നുണ്ട്.  ഇതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനും ഒരുങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *