പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യമുണ്ടാക്കുമെന്ന് പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരിന്ദർ സിങ്. കോൺഗ്രസിൽ നിന്നും വിട്ട് പഞ്ചാബ് ലോക് കോൺഗ്രസ് പാർട്ടി സ്ഥാപിച്ച് മുന്നോട്ട് പോവുകയാണ് അമരീന്ദർ സിങ് . കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഗജേന്ദ്ര സിങ് ഷെഖാവത്തുമായുള്ള കൂടിക്കാഴ്ച്ചയ്ക്കു ശേഷമാണ് അമരിന്ദർ ബിജെപി സഖ്യ കാര്യം അറിയിച്ചത്. മന്ത്രിക്കൊപ്പമുള്ള ചിത്രങ്ങളും സമൂഹമാധ്യമത്തിൽ അദ്ദേഹം പങ്കുവെച്ചു. പഞ്ചാബിലെ ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പു ചുമതലയുള്ള വ്യക്തിയാണ് ഗജേന്ദ്ര ഷെഖാവത്ത്.

ഷെഖാവത്തിന് പിന്നാലെ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുമായും അമരീന്ദർ കൂടിക്കാഴ്ച നടത്തും. പഞ്ചാബ് തിരഞ്ഞെടുപ്പ് അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലനിൽപ്പിന് വളരെ പ്രധാനമാണ്.
അകാലിദളിൽ നിന്ന് വേർപിരിഞ്ഞാണ് ബിജെപിയും ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ക്യാപ്റ്റൻ അമരീന്ദർ സിങ്ങിനെ കൂടാതെ, അകാലിദളിൽ നിന്ന് പിരിഞ്ഞ ശിരോമണി അകാലിദൾ (യുണൈറ്റഡ്) പ്രസിഡന്റ് സുഖ്‌ദേവ് ദിൻഡ്‌സയും ഡൽഹിയിൽ ഗജേന്ദ്ര ഷെഖാവത്തിനെ കണ്ടു.













