കന്നട പ്രതിവാര പത്രമായ തുംഗവാര്‍ത്തെ-യുടെ എഡിറ്റര്‍ ശിക്ഷിക്കപ്പെട്ട അപകീര്‍ത്തിക്കേസില്‍ ശിക്ഷ ശരിവെച്ച് സുപ്രീംകോടതി പ്രസ്‌തുത പത്രം ചെയ്‌തത് മഞ്ഞ പത്രപ്രവര്‍ത്തനമാണെന്ന് കടുത്ത വിമര്‍ശനം ഉയര്‍ത്തി. ഇതാണോ പത്രപ്രവര്‍ത്തനം എന്ന് കോടതി ചോദിച്ചു.
ഒരു വക്കീലിനെതിരെ തുടര്‍ച്ചയായി അപകീര്‍ത്തിപരമായ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് ചാര്‍ജ്ജ് ചെയ്യപ്പെട്ട കേസില്‍ പത്രത്തിന്റെ എഡിറ്ററെ ഒരു മാസം തടവിനും അരലക്ഷം രൂപ പിഴ നല്‍കാനുമാണ് 2015-ല്‍ കര്‍ണാടക ഹൈക്കോടതി ശിക്ഷിച്ചിരുന്നത്. ഇതിനെതിരായുള്ള അപ്പീലിലാണ് സുപ്രീംകോടതി ഈ ശിക്ഷ ശരിവെച്ചു കൊണ്ട് രൂക്ഷമായ പരാമര്‍ശങ്ങള്‍ നടത്തിയത്.
മൂന്നാംകിട വക്കീല്‍ എന്നായിരുന്നു വാര്‍ത്തയിലെ ഒരു പരാമര്‍ശമെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
എന്തു തരം ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് അത്ഭുതം കൂറിയ ജസ്‌റ്റിസ് സൂര്യകാന്ത് ഇത് മഞ്ഞ പത്രപ്രവര്‍ത്തനമാണെന്ന് പരാമര്‍ശിച്ചു. പ്രതിക്ക് നല്‍കിയ ശിക്ഷ ഉദാരമാണെന്നും ഇതിലുമധികം അര്‍ഹിക്കുന്നുണ്ടെന്നും ചീഫ് ജസ്റ്റിസ് രമണ നിരീക്ഷിച്ചു. പിഴയില്‍ 40,000 രൂപ അപകീര്‍ത്തിക്കിരയായ വ്യക്തിക്ക് നല്‍കാനും പതിനായിരം രൂപ സംസ്ഥാന ഖജനാവിലേക്ക് മുതല്‍ക്കൂട്ടാനും കോടതി നിര്‍ദ്ദേശിച്ചു.
കര്‍ണാടകയിലെ ഒരു അഭിഭാഷകനാണ് 2009-ല്‍ തനിക്കെതിരെ തുംഗവാര്‍ത്തെ-യില്‍ അതിന്റെ പ്രസാധകനും എഡിറ്ററുമായ വ്യക്തി തുടര്‍ച്ചയായി അടിസ്ഥാനമില്ലാത്ത അപവാദങ്ങള്‍ എഴുതിക്കൊണ്ടിരുന്നതായി സ്വകാര്യ അന്യായം ഫയല്‍ ചെയ്‌തത്. കീഴ്‌ക്കോടതിയും ഹൈക്കോടതിയും പത്രത്തിന്റെ നടപടിയില്‍ തെറ്റ് കണ്ടെത്തി ശിക്ഷ വിധിച്ചിരുന്നു. അപമാനകരമായ ഭാഷ തുടര്‍ച്ചയായി ഉപയോഗിച്ചത് ഹൈക്കോടതി പ്രത്യേകം പരാമര്‍ശിക്കുകയും ഇത് വ്യക്തിഹത്യ ചെയ്യാന്‍ ഉദ്ദേശിച്ചു തന്നെയാണെന്ന് നിരീക്ഷിക്കുകയും ചെയ്യുകയുണ്ടായി.













