• Home
  • kerala
  • ഇ. സന്തോഷ് കുമാറിന്റെ ‘നാരകങ്ങളുടെ ഉപമ’യ്ക്ക് മണിമല്ലിക സാഹിത്യ പുരസ്കാരം

ഇ. സന്തോഷ് കുമാറിന്റെ ‘നാരകങ്ങളുടെ ഉപമ’യ്ക്ക് മണിമല്ലിക സാഹിത്യ പുരസ്കാരം

പ്രമുഖ കഥാകാരൻ ഇ സന്തോഷ് കുമാറിൻ്റെ നാരകങ്ങളുടെ ഉപമ എന്ന ചെറുകഥാ സമാഹാരം 2021 ലെ മണിമല്ലികസ്മാരക സാഹിത്യ പുരസ്കാരത്തിന്അർഹമായി. തലശ്ശേരി ഗവ . ബ്രണ്ണൻ കോളേജിലെ മലയാള വിഭാഗത്തിലെ പൂർവ വിദ്യാർത്ഥിനിയും അദ്ധ്യാപികയുമായിരുന്ന എ.കെ.മണിമല്ലികയുടെ സ്മരണാർത്ഥം അവരുടെ ഭർത്താവ് ഗോപാലൻ തയ്യിൽ ബ്രണ്ണൻ മലയാളം സമിതിയുമായി ചേർന്ന് ഏർപ്പെടുത്തിയതാണ് മണിമല്ലിക സ്മാരക സാഹിത്യ പുരസ്കാരം . പതിനയ്യായിരം രൂപയും ഹരീന്ദ്രൻ ചാലാട് രൂപകല്പന ചെയ്ത ശില്പവുമടങ്ങുന്നതാണ് ഈ അവാർഡ്. 2019 ജനുവരി ഒന്നു മുതൽ 2020 ഡിസംബർ 31 വരെ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച ചെറുകഥാ സമാഹാരങ്ങളാണ് ഈ വർഷം പരിഗണിച്ചത്. നാല്പത്തെട്ട് എൻട്രികളിൽ നിന്ന് അവസാനറൗണ്ടിലെത്തിയ പത്ത് സമാഹാരങ്ങളിൽ നിന്നാണ് നിരൂപകരായ എൻ ശശിധരൻ, ഡോ.എസ്.എസ് ശ്രീകുമാർ , എ വി പവിത്രൻ എന്നിവരുൾപ്പെട്ട ജൂറി പുരസ്കാരത്തിന് അർഹമായ കൃതി തെരഞ്ഞെടുത്തത്.

കണ്ണൂർ സർവകലാശാലയുടെ കീഴിലെ കോളേജുകളിൽ നിന്ന് എം.എ മലയാളം പരീക്ഷയിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തിയ വിദ്യാർത്ഥികൾക്ക് ബ്രണ്ണൻ മലയാളം സമിതിയുടെ ആഭിമുഖ്യത്തിൽ ഏർപ്പെടുത്തിയ മണിമല്ലിക വിദ്യാഭ്യാസ പുരസ്കാരത്തിന് അനവദ്യ .പി, തസ്ലീമ ടി.കെ ,സയോണ .എ എന്നിവർ അർഹരായി.
2021 ഡിസംബർ 10 ന് രാവിലെ 10.30 ന് ബ്രണ്ണൻ കോളേജ് മലയാളം സെമിനാർ ഹാളിൽ നടക്കുന്ന ചടങ്ങിൽ പ്രശസ്ത എഴുത്തുകാരനും ഡോക്യുമെൻററി സംവിധായകനുമായ എം.എ റഹ്മാൻ പുരസ്കാരങ്ങൾ സമ്മാനിക്കുമെന്ന്‌ മലയാളം സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ വി.എസ്‌.അനില്‍കുമാര്‍, പ്രൊഫ.കെ.പി.നരേന്ദ്രന്‍, ഡോ.ആര്‍.രാജശ്രീ, ഡോ.എന്‍.ലിജി എന്നിവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *