മുല്ലപ്പെരിയാര്‍ ഡാം ശർക്കരയും ചുണ്ണാമ്പു കൊണ്ട് നിർമിച്ച അകം കാലിയായ ജലബോംബെന്ന് മുന്‍ വൈദ്യുതി മന്ത്രിയും എംഎല്‍എയുമായ എം.എം. മണി. മുല്ലപ്പെരിയാര്‍ വണ്ടിപ്പെരിയാറിന് മുന്‍പില്‍ ജലബോംബായി നില്‍ക്കുകയാണ്.ഡാം പൊട്ടിയാല്‍ മലയാളികള്‍ വെള്ളം കുടിച്ചും തമിഴര്‍ വെള്ളം കിട്ടാതെയും മരിക്കുമെന്ന് സ്വത സിദ്ധമായ നർമത്തിൽ ചാലിച്ച ഭാഷയിൽ എംഎം മണിപറഞ്ഞു. നെടുങ്കണ്ടത്ത് ഹൈറേഞ്ച് സംരക്ഷണ സമിതി സംഘടിപ്പിച്ച കര്‍ഷക ഉപവാസ സമരത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം. ഞാന്‍ ഇത് നിയമസഭയില്‍ ഇങ്ങനെ തന്നെ പറഞ്ഞിട്ടുണ്ട്. ഇതുവച്ച് രാഷ്ട്രീയം കളിക്കുകയാണ് തമിഴ്‌നാട്ടുകാര്‍. അതിനിപ്പം വേറെ വഴിയൊന്നുമില്ല. പുതിയ ഡാമല്ലാതെ വേറെ എന്താ മാര്‍ഗം. നമ്മുടെ എല്‍ഡിഎഫ് ഗവണ്‍മെന്റിന് ഇക്കാര്യത്തില്‍ ഈ നിലപാട് തന്നെയാണ്- മണി സർക്കാർ നിലപാടും ഡാം സുരക്ഷിതം അല്ലെന്നു തന്നെയെന്ന് സൂചിപ്പിക്കുന്ന തരത്തിലാണ് സംസാരിച്ചത്.
ശര്‍ക്കരയും സുര്‍ക്കിയും ചുണ്ണാമ്പും ഉപയോഗിച്ച അതിന്റെ അകത്ത് കാലിയാണ്. ഞാന്‍ പല പ്രാവശ്യം അതിന്റെ അകത്ത് പോയിട്ടുണ്ട് മന്ത്രിമാരുടെ കൂടെ. വെള്ളം ഇറ്റിറ്റ് വരുന്നുണ്ട്. അതിന്റെ പുറത്ത് സിമന്റും കമ്പിയും പൂശിയെന്നൊന്നും ന്യായം പറഞ്ഞിട്ട് കാര്യമില്ല. അതിന്റെ മുകളില്‍ സിമന്റ് പൂശിയാല്‍ നില്‍ക്കുമോ–മണിയാശാൻ ചോദിച്ചു.













