മതപരമായ കാരണങ്ങളാല്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാത്ത അധ്യാപകര്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രം എടുത്താല്‍ മതിയെന്നും സ്‌കൂളില്‍ വരേണ്ടതില്ലെന്നുമുള്ള വിദ്യാഭ്യാസമന്ത്രിയുടെ നിര്‍ദ്ദേശത്തിന് സമ്മിശ്ര പ്രതികരണം. വാക്‌സിന്‍ നിര്‍ബന്ധമായും എടുക്കാന്‍ നിര്‍ദ്ദേശം നല്‍കുന്നതിനു പകരം അവര്‍ക്ക് സ്‌കൂളില്‍ വരേണ്ടതില്ലാത്ത സൗകര്യം നല്‍കുകയാണ് മന്ത്രി ചെയ്യുന്നതെന്ന് ആക്ഷേപം ചില കോണുകളില്‍ നിന്നും ഉയര്‍ന്നുകഴിഞ്ഞു.
വാക്‌സിന്‍ എടുക്കാത്ത 5000-ത്തോളം അധ്യാപകര്‍ ഉണ്ടെന്ന് വെളിപ്പെടുത്തിയ മന്ത്രി ഈ അധ്യാപകരുടെ നിലപാട് ഒരു തരത്തിലും പ്രോല്‍സാഹിപ്പിക്കുന്നില്ലെന്ന് ശിവന്‍കുട്ടി പ്രസ്‌താവിച്ചിരുന്നു. അധ്യാപകര്‍ക്ക് നിര്‍ബന്ധമായും വാക്‌സിനേഷന് വ്യവസ്ഥ ചെയ്യുന്ന ഉത്തരവ് ഇറക്കുകയാണ് വിദ്യാഭ്യാസവകുപ്പ് ചെയ്യേണ്ടതെന്ന അഭിപ്രായം അധ്യാപകര്‍ തന്നെ പറയുന്നുണ്ട്. എന്നാല്‍ തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടിരിക്കയാണെന്ന സ്ഥിരം പ്രതികരണമാണ് വിദ്യാഭ്യാസമന്ത്രിയില്‍ നിന്നുണ്ടായതെന്ന് അവര്‍ കുറ്റപ്പെടുത്തുന്നു.













