രാജസ്ഥാനില്‍ കോണ്‍ഗ്രസ് മന്ത്രിസഭാ പുനസ്സംഘടന പൂര്‍ത്തിയാകുന്നു. ഇന്ന് പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേല്‍ക്കും. പുനസ്സംഘടന സുഗമാമാക്കാനായി ഇന്നലെ എല്ലാ മന്ത്രിമാരും രാജി സമര്‍പ്പിച്ചിരുന്നു. കാബിനറ്റില്‍ 15 പുതുമുഖങ്ങളാണുണ്ടാകുക എന്നാണ് പുറത്തുവന്നിട്ടുള്ള വിവരം. ഇതില്‍ 5 പേര്‍ സച്ചിന്‍ പൈലറ്റിന്റെ ക്യാമ്പിലുള്ളവരാണ്.

മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായി അധികാരത്തര്‍ക്കത്തില്‍ നിരന്തരമായി ഏര്‍പ്പെട്ടിരുന്ന സച്ചിന്‍ പൈലറ്റിനു തൃപ്‌തികരമായ രീതിയിലാണ് ഇത്തവണത്തെ പുനസ്സംഘടന. അതുകൊണ്ടു തന്നെ യാതൊരു ഭിന്നതയും പാര്‍ടിയില്‍ ഇല്ലെന്ന് ഇന്ന് രാവിലെ സച്ചിന്‍ വാര്‍ത്താസമ്മേളനം വിളിച്ച് പ്രഖ്യാപിക്കുകയും ചെയ്‌തിട്ടുണ്ട്. എന്നാല്‍ അതൃപ്‌തിയുമായി ചില എം.എല്‍.എ.മാര്‍ രംഗത്തുണ്ട്. ഏറ്റവുംഅഴിമതിക്കാരനെയാണ് മന്ത്രിയാക്കാന്‍ പോകുന്നതെന്ന് ആല്‍വാര്‍ എം.എല്‍.എ. ജോഹരി ലാല്‍ മീണ ആരോപിക്കുന്നു.
പുതിയ മന്ത്രിമാരില്‍ സ്‌ത്രീകള്‍ വെറും മൂന്നു പേര്‍ മാത്രമേയുള്ളൂ എന്നതിനെ ബി.ജെ.പി. വിമര്‍ശിച്ച് മുന്നോട്ടു വന്നരിക്കയാണ്. യു.പി.യില്‍ വനിതകള്‍ക്ക് നാല്‍പത് ശതമാനം സംവരണം പ്രഖ്യാപിച്ച കോണ്‍ഗ്രസ് എന്തു കൊണ്ടാണ് രാജസ്ഥാനില്‍ സ്‌ത്രീകള്‍ക്ക് ഇരുപത് ശതമാനം മാത്രം പ്രാതിനിധ്യം നല്‍കുന്നതെന്ന് ബി.ജെ.പി. വക്താവ് അമിത് മാളവ്യ ചോദിച്ചു.













