• Home
  • latest news
  • ലഖിംപൂര്‍ ഖേരി കേസ്‌ സുപ്രീംകോടതി ഇന്ന്‌ വീണ്ടും പരിഗണിക്കും

ലഖിംപൂര്‍ ഖേരി കേസ്‌ സുപ്രീംകോടതി ഇന്ന്‌ വീണ്ടും പരിഗണിക്കും

ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനംകയറ്റി കൊലപ്പെടുത്തിയ കേസ്‌ സുപ്രീംകോടതി ഇന്ന്‌ വീണ്ടും പരിഗണിക്കും. ഒക്ടോബര്‍ 20-ന്‌ കേസ്‌ കേട്ട കോടതി യു.പി.സര്‍ക്കാരിനെതിരെ രൂക്ഷമായ പരാമര്‍ശങ്ങള്‍ നടത്തുകയുണ്ടായി. സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുന്നതിലും കോടതി ആവശ്യപ്പെട്ട പ്രകാരം അക്രമം സംബന്ധിച്ച് റിപ്പോര്‍ട്ട്‌ തക്കസമയത്ത്‌ സമര്‍പ്പിക്കുന്നതിലും വീഴ്‌ച വരുത്തിയതിന്‌ സര്‍ക്കാരിന്റെ അഭിഭാഷകന്‍ ഹരീഷ്‌ സാല്‍വെയോട്‌ കോടതി കടുത്ത ഭാഷയില്‍ പ്രതികരിച്ചിരുന്നു. കോടതിയെ തെറ്റിദ്ധരിപ്പിക്കുകയും വിവരങ്ങള്‍ മറച്ചു വെക്കാന്‍ പരമാവധി ശ്രമിക്കുകയും ചെയ്യുന്നത് കയ്യോടെ കണ്ടെത്തിയ സുപ്രീംകോടതി ഈ കേസ് അനന്തമായ കഥയാക്കാന്‍ അനുവദിക്കില്ലെന്ന് പ്രസ്താവിച്ചു.

ഒക്ടോബര്‍ 20-ന് മുന്‍പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. സാക്ഷികളുടെ മൊഴി രേഖപ്പെടുത്താനും കോടതി ആവശ്യപ്പെട്ടിരുന്നു. ഇതും യു.പി.സര്‍ക്കാര്‍ ചെയ്തിട്ടില്ല എന്നത് കോടതിയെ കുപിതരാക്കി. യു.പി.സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ ഹരീഷ് സാല്‍വേയോട് കോടതി ചൂടായി. ഇന്നലെ രാത്രി സീല്‍ ചെയ്ത് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി സാല്‍വേ അപ്പോഴാണ് കോടതിയെ അറിയിച്ചത്. അവസാന നിമിഷം നിങ്ങൾ റിപ്പോർട്ട് നൽകിയാൽ, ഞങ്ങൾക്ക് അത് എങ്ങനെ വായിക്കാനാകുമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഈ കേസിലെ മറ്റ് സാക്ഷികളുടെ മൊഴി എന്തുകൊണ്ട് യുപി സർക്കാർ എടുത്തില്ലെന്നും കോടതി ചോദിച്ചു. നിങ്ങൾ ഇതുവരെ 44 ൽ 4 സാക്ഷികളെ മാത്രമാണ് വിസ്തരിച്ചത് എന്ന് കോടതി പറഞ്ഞു, എന്തുകൊണ്ട്? ഈ വിഷയത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ നിന്ന് യുപി പോലീസ് പിന്മാറുകയാണെന്ന് തോന്നുന്നു–ചീഫ് ജസ്റ്റിസ് പറഞ്ഞു. തുടർന്നാണ് കേസ് 26 -ലേക്ക് മാറ്റിയത്.

Leave a Reply

Your email address will not be published. Required fields are marked *