ഇടുക്കി അണക്കെട്ടിന് പുറമെ പമ്പ, ഇടമലയാര്‍ അണക്കെട്ടുകളും ചൊവ്വാഴ്ച തുറക്കും. പമ്പ അണക്കെട്ട് രാവിലെ അഞ്ചിനും ഇടമലയാര്‍ രാവിലെ ആറിനും ആയിരിക്കും തുറക്കുക. ഇടുക്കി അണക്കെട്ട് രാവിലെ 11 ന് തുറക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്. ഇടുക്കിയും ഇടമലയാറും ഒന്നിച്ച് തുറന്നതാണ് 2018 ല്‍ പെരിയാര്‍ തീരത്തെ വെള്ളത്തില്‍ മുക്കിയത്. ഇത്തവണ ആ സാഹചര്യം ഉണ്ടാകാതിരിക്കാനാണ് ഇടുക്കി തുറക്കുന്നതിനു മുമ്പ് ഇടമലയാര്‍ തുറക്കാന്‍ തീരുമാനിച്ചത്.
പമ്പ ഡാമിന്റെ രണ്ട് ഷട്ടറുകളാവും തുറക്കുക. രാവിലെ അഞ്ചിന് ആദ്യ ഷട്ടറും അര മണിക്കൂറിനു ശേഷം രണ്ടാമത്തെ ഷട്ടറും തുറക്കുമെന്നാണ് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുള്ളത്. അപ്പര്‍കുട്ടനാട്ടില്‍ അടക്കം ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്.
ഇടമലയാര്‍ ഡാം രാവിലെ ആറിനാവും തുറക്കുക. രണ്ട് ഷട്ടറുകള്‍ 80 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തും. തൊട്ടുപിന്നാലെ ഇടുക്കി ഡാമും തുറക്കുന്നതിനാല്‍ പെരിയാറിന്റെ തീരത്തുള്ളവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ യുദ്ധകാല അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിച്ചു വരികയാണ്.













