Categories
kerala

സ്വതന്ത്ര അഫ്ഗാന്‍! മാധ്യമം പത്രത്തിന്റെ ‘താലിബാന്‍ അനുകൂല’ തലക്കെട്ടിനെതിരെ വന്‍ പ്രതിഷേധം

‘അധിനിവേശം ഒഴിഞ്ഞു, സ്വതന്ത്ര അഫ്ഗാന്‍’ എന്ന ഒന്നാം പേജ് തലവാചകവുമായി ബുധനാഴ്ച പ്രസിദ്ധീകരിച്ച മാധ്യമം ദിനപത്രത്തിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വന്‍ പ്രതിഷേധം. അമേരിക്ക അഫ്ഗാനിസ്ഥാനില്‍ നിന്നും പിന്‍വാങ്ങിയതിനെ സൂചിപ്പിക്കുന്ന പ്രധാന വാര്‍ത്തയ്ക്കാണ് മാധ്യമം ഈ തലക്കെട്ട് ഉപയോഗിച്ചത്. അഫ്ഗാന്‍ യഥാര്‍ഥത്തില്‍ സ്വാതന്ത്ര്യമാണോ അനുഭവിക്കുന്നത് എന്ന വിഷയമാണ് താലിബാന്‍ അനുകൂല സ്വഭാവമുള്ള തലക്കെട്ടാണ് പത്രം നല്‍കിയത് എന്ന ആക്ഷേപത്തിന് ഇടയാക്കിയിട്ടുള്ളത്.

താലിബാന്റെ ആധിപത്യത്തില്‍ അഫ്ഗാന്‍ ജനതയ്ക്ക് ലഭിച്ചത് സ്വാതന്ത്ര്യമല്ല, മതഭീകരരുടെ കീഴിലെ അടിച്ചമര്‍ത്തല്‍ ജീവിതമാണ് എന്ന അഭിപ്രായമാണ് സകലരും പങ്കുവെക്കുന്നത്. അഫ്ഗാനിലെ ലക്ഷക്കണക്കിന് മുസ്ലീങ്ങള്‍ ആ രാജ്യത്തു നിന്നും എങ്ങിനെയെങ്കിലും രക്ഷപ്പെടാന്‍ ശ്രമിക്കുന്ന സാഹചര്യം എങ്ങിനെയാണ് സ്വാതന്ത്ര്യത്തിന്റെതായി മാധ്യമം പത്രം കരുതുന്നത് എന്ന ചോദ്യവും സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി. താലിബാന് നല്‍കുന്ന മാനസിക പിന്തുണയായിട്ടാണ് പത്രത്തിന്റെ തലക്കെട്ട് വ്യാഖ്യാനിക്കപ്പെട്ടത്. അതേസമയം കേരള മുസ്ലീങ്ങളെ താലിബാനിസ്റ്റുകളാക്കി ചിത്രീകരിക്കാനുള്ള ശ്രമത്തിനെതിരെയും പ്രതികരണങ്ങള്‍ ഉയര്‍ന്നു.
കോണ്‍ഗ്രസ് നേതാവ് വി.ടി.ബലറാം ഇന്നത്തെ അഫ്ഗാനിസ്ഥാനെ സ്വതന്ത്രം എന്നൊക്കെ വിശേഷിപ്പിക്കുന്നത് ശുദ്ധ അസംബന്ധമാണ് എന്ന് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. വിദേശികള്‍ക്കു പകരം തദ്ദേശീയ തീവ്രവാദികളുടെ കൈകളിലേക്ക് അധികാരം എത്തുന്നതിനെ സ്വാതന്ത്ര്യമായി കാണുന്നവര്‍ ആ വാക്കിനെയും സ്വാതന്ത്ര്യമെന്ന മഹത്തായ പരികല്‍പനയെയും ആണ് അവഹേളിക്കുന്നത്. മതരാഷ്ട്രവാദത്തെ ഇങ്ങനെ പരസ്യമായി ഉദാത്തവല്‍ക്കരിക്കുന്നത് നമ്മുടെ സമൂഹത്തിന്റെയും ജനാധിപത്യചിന്തയിലേക്കുള്ള ചുവടു വെപ്പുകള്‍ക്ക് തിരിച്ചടിയാണ്–ബലറാം പറയുന്നു.

thepoliticaleditor

മാപ്പര്‍ഹിക്കാത്ത അശ്ലീലം എന്നാണ് മാധ്യമം പത്രത്തിന്റെ തലക്കെട്ടിനെപ്പറ്റി എഴുത്തുകാരനും ചിന്തകനുമായ ഷാജഹാന്‍ മാടമ്പാട്ട് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. അത് നിഷ്‌കളങ്കനായ ഒരു സബ്എഡിറ്ററുടെ കൈപ്പിഴയല്ല മതരാഷ്ട്രവാദത്തിന്റെ ആഘോഷ പ്രകടനമാണ്. ദയവ്‌ചെയ്ത് ഇനിയെങ്കിലും സംഘപരിവാറിനെയും ഹിന്ദുരാഷ്ട്ര സങ്കല്‍പത്തെയും എതിര്‍ക്കരുത്. നിങ്ങളുടെ ഇക്കാര്യത്തിലുള്ള ഇരട്ടത്താപ്പ് ഈ ക്രൂരമായ തലക്കെട്ട് സുവ്യക്തമാക്കുന്നു.–ഷാജഹാന്‍ വിമര്‍ശിക്കുന്നു.

തോക്കിനും ബോംബിനും കീഴില്‍ കലയും സാഹിത്യവും വിദ്യാഭ്യാസവും സിനിമയും നിഷേധിക്കപ്പെട്ട് ജീവിക്കുന്ന ഒരു ജനതയെ നോക്കി അവര്‍ സ്വതന്ത്രരാണ് എന്ന് പറയുന്നതിലും വലിയ അശ്ലീലം വേറെയില്ല എന്ന് കലാകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായി ബഷീര്‍ വള്ളിക്കുന്ന് പ്രതികരിക്കുന്നു.
1996-ല്‍ താലിബാന്‍ ആദ്യമായി അഫ്ഗാന്‍ പിടിച്ചപ്പോള്‍ വിസ്മയമായി താലിബാന്‍ എന്ന് മാധ്യമം ഒന്നാം പേജിലെ വാര്‍ത്തയ്ക്ക് തലക്കെട്ട് നല്‍കിയിരുന്നു. ഇക്കാര്യവും ബുധനാഴ്ചത്തെ പ്രധാന തലക്കെട്ടിന്റെ പശ്ചാത്തലത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചയായിട്ടുണ്ട്.

Spread the love
English Summary: criticism sharpened against the main heading of wednesdays madhyamam news daily

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick