• Home
  • kerala
  • സഹപ്രവര്‍ത്തകയ്‌ക്ക്‌ അശ്ലീല സന്ദേശം: മാതൃഭൂമി ന്യൂസ്‌ അവതാരകന്‍ നിര്‍ബന്ധിത അവധിയില്‍

സഹപ്രവര്‍ത്തകയ്‌ക്ക്‌ അശ്ലീല സന്ദേശം: മാതൃഭൂമി ന്യൂസ്‌ അവതാരകന്‍ നിര്‍ബന്ധിത അവധിയില്‍

ഒപ്പം പ്രവര്‍ത്തിക്കുന്ന അവതാരകയായ വനിതയ്‌ക്ക്‌ അശ്ലീല സന്ദേശം അയച്ചതിന്‌ മാതൃഭൂമി ന്യൂസ്‌ ടി.വി.യിലെ താര അവതാരകന്‍ വേണു ബാലകൃഷ്‌ണനെ കമ്പനി സസ്‌പെന്റ്‌ ചെയ്‌തതായി റിപ്പോര്‍ട്ട്‌. രണ്ടാഴ്‌ചത്തേക്കാണ്‌ സസ്‌പെന്‍ഷന്‍ എന്നാണ്‌ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌. എന്നാല്‍ രണ്ടാഴ്‌ച നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാനാണ്‌ ആവശ്യപ്പെട്ടത്‌ എന്നും വാര്‍ത്തയുണ്ട്‌.
വനിതയുടെ പരാതിയിന്‍മേലാണ്‌ നടപടി. അവരുടെ ഭര്‍ത്താവും ഒരു ജേര്‍ണലിസ്റ്റാണ്‌. വേണുവിന്റെ നടപടിയില്‍ കുപിതരായ യുവതിയുടെ ബന്ധുക്കള്‍ വേണുവിന്റെ വീട്ടിലെത്തി ബഹളമുണ്ടാക്കിയതായും വാര്‍ത്തയുണ്ട്‌. തുടര്‍ന്നാണ്‌ ചാനല്‍ അധികാരികള്‍ നടപടിയെടുത്തതെന്നാണ്‌ വിവരം.

നേരത്തെയും വേണുവിനെതിരെ സമാന ആരോപണം ഉയര്‍ന്നിരുന്നു. ഒരിക്കല്‍ ഒരു മേക്കപ്പ്‌ സ്റ്റാഫായ സ്‌ത്രീയെ മാനഭംഗപ്പെടുത്താന്‍ ശ്രമം ഉണ്ടായി എന്ന പരാതിയും ഉയര്‍ന്നിരുന്നു. എന്നാല്‍ അന്നൊക്കെ പരാതി ഒതുക്കിത്തീര്‍ക്കുകയായിരുന്നത്രേ പതിവ്‌. വേണു ബാലകൃഷ്‌ണന്റെ സഹോദരന്‍ ഉണ്ണി ബാലകൃഷ്‌ണനായിരുന്നു ഇക്കാലത്തൊക്കെ ടി.വി.ന്യൂസ്‌ വിഭാഗത്തിന്റെ മേധാവി എന്നതിനാലാണ്‌ പരാതികള്‍ ഒതുക്കിത്തീര്‍ക്കാറ്‌ എന്ന്‌ ആരോപണവും ഉയര്‍ന്നിരുന്നു. എന്നാല്‍ അടുത്ത കാലത്ത്‌ ഉണ്ണി ബാലകൃഷ്‌ണന്‍ മാതൃഭൂമിയില്‍ നിന്നും രാജി വെച്ചു. ഇടക്കാലത്ത്‌ വേണുബാലകൃഷ്‌ണന്‍ വാര്‍ത്താവതരണത്തില്‍ അതിഥികളോട്‌ മോശമായും അധിക്ഷേപിച്ചും പെരുമാറുന്നുവെന്ന പരാതി വ്യാപകമായതിനെത്തുടര്‍ന്ന്‌ മാതൃഭൂമി ഒഴിവാക്കാന്‍ ശ്രമിച്ചിരുന്നു. പ്രൈം ടൈം ചര്‍ച്ചയില്‍ നിന്നും ബി.ജെ.പി. വക്താവ്‌ സന്ദീപ്‌ വാരിയരോട്‌ ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ട സംഭവം വന്‍ വിവാദമായിത്തീര്‍ന്നിരുന്നു. അതേത്തുടര്‍ന്ന്‌ പരസ്യമായി ചാനലിലൂടെ വേണു മാപ്പു പറയേണ്ട സാഹചര്യം ഉണ്ടായി.
പിന്നീട്‌ കുറച്ചുകാലം വീണ്ടും അദ്ദേഹത്തെ വാര്‍ത്താവതരണത്തില്‍ നിന്നും മാറ്റി നിര്‍ത്തിയെങ്കിലും വൈകാതെ അദ്ദേഹം ചാനലില്‍ സജീവമായി വരികയാണുണ്ടായത്‌. ഇപ്പോഴത്തെ പരാതിയില്‍ അത്‌ ഉന്നയിച്ച യുവതി ഉറച്ചു നില്‍ക്കുമോ എന്ന്‌ അറിവായിട്ടില്ല. ഉറച്ചു നിന്നാല്‍ കേസിന്റെ സ്വാഭാവം മാറുകയും വേണുവിനെതിരെ കൂടുതല്‍ ഗുരുതരമായ കേസായി തീരുകയും ചെയ്യുമെന്നുറപ്പാണ്‌.

Leave a Reply

Your email address will not be published. Required fields are marked *