കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി ഡല്‍ഹി കോണ്‍സ്‌റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ കഴിഞ്ഞയാഴ്‌ച പ്രതിപക്ഷ നേതാക്കളെ വിളിച്ചു ചേര്‍ത്ത് പ്രാതല്‍പാര്‍ടി നടത്തിയതിനു പിറകെ കോണ്‍ഗ്രസിലെ വിമത ഗ്രൂപ്പിന്റെ നേതാവായ കപില്‍ സിബല്‍ ഇന്നലെ സ്വന്തം വസതിയില്‍ അത്താഴ പാര്‍ടി നടത്തിയത് ചര്‍ച്ചയായി. ഇരു വിരുന്നുകളിലും പ്രമുഖരായ പ്രതിപക്ഷ നേതാക്കളാണ് പ്രധാന അതിഥികളായി എത്തിയത് എന്നതും ശ്രദ്ധേയമായി.
സിബലിന്റെ 73-ാമത ജന്മദിനാഘോഷത്തിന്റെ ഭാഗമായാണ് അത്താഴ വിരുന്ന് ഒരുക്കിയത്. പ്രമുഖ പ്രതിപക്ഷ കക്ഷി നേതാക്കളായ സീതാറാം യെച്ചൂരി, ഡി.രാജ, ലാലുപ്രസാദ് യാദവ്, ഡെറെക് ഒബ്രിയാന്‍, തിരുച്ചി ശിവ എന്നിവരടക്കം ഒട്ടേറെ നേതാക്കള്‍ സംബന്ധിച്ചു. പ്രതിപക്ഷ ഐക്യം ശക്തമാക്കേണ്ടതിന്റെയും 2024-ലെ തിരഞ്ഞെടുപ്പില്‍ ഒരുമിച്ചു നീക്കേണ്ട തന്ത്രത്തിന്റെ അണിയറ ഒരുക്കലും ലക്ഷ്യമിട്ടായിരുന്നു ഇവരെയെല്ലാം വിളിച്ചു ചേര്‍ത്തത് എന്നാണ് കപില്‍ സിബലുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

കോണ്‍ഗ്രസില്‍ നേതൃമാറ്റമോ സ്ഥിരം അധ്യക്ഷനുള്‍പ്പെടെയുള്ള പുനസ്സംഘടനയോ ആവശ്യപ്പെട്ട് സോണിയാഗാന്ധിക്കു കത്തെഴുതിയ ഗാങ്-23 എന്ന് വിശേഷിപ്പിക്കപ്പെടുന്ന 23 കോണ്‍ഗ്രസ് നേതാക്കളില്‍ ്‌പ്രമുഖനാണ് കപില്‍ സിബല്‍. അതു കൊണ്ടു തന്നെ ഈ അത്താഴ വിരുന്നും രാഷ്ട്രീയ ചര്‍ച്ചയായി മാറി.
രാഹുല്‍ ഗാന്ധി ഏതാനും ദിവസം മുമ്പ് നടത്തിയ പ്രാതല്‍ ചര്‍ച്ചയിലെയും വിഷയം പ്രതിപക്ഷ ഐക്യം ആയിരുന്നു. പാര്‍ലമെന്റില്‍ പെഗാസസ് പോലുള്ള വിഷയത്തില്‍ ഒരുമിച്ചു നീങ്ങാനുള്ള ചര്‍ച്ച ഉള്‍പ്പെടെ നടത്തുകയും ചെയ്‌ത ആ പ്രാതല്‍ വിരുന്നില്‍ പ്രതിപക്ഷ എം.പി.മാരും പ്രമുഖ ഇടതു-പ്രതിപക്ഷ പാര്‍ടികളിലെ നേതാക്കളും പങ്കെടുത്തിരുന്നു. സമാജ് വാദി പാര്‍ടി മാത്രമാണ് ആ വിരുന്നില്‍ പങ്കെടുക്കാതിരുന്നത്. ആസന്നമായ പഞ്ചാബ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരെ ശക്തമായി മുന്നില്‍ വരാന്‍ ആം ആദ്‌മി ശ്രമിക്കുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു ആ മാറി നില്‍ക്കല്‍. എങ്കിലും രാഹുല്‍ ഏകോപിപ്പിച്ച ആ പ്രാതല്‍ ചര്‍ച്ച വിജയമായിരുന്നു. കോണ്‍ഗ്രസിനെ ഒഴിവാക്കി പ്രതിപക്ഷ സഖ്യം ഉണ്ടാക്കാനുള്ള മമതാ ബാനര്‍ജിയുടെ നീക്കത്തിനെതിരായ നീക്കമായും രാഹുലിന്റെ യോഗത്തെ വിശേഷിപ്പിച്ചിരുന്നു.













