• Home
  • latest news
  • മാധവന്‍ മാഷെ ഓര്‍മിക്കേണ്ടതില്ല….!
Image

മാധവന്‍ മാഷെ ഓര്‍മിക്കേണ്ടതില്ല….!

ഈ തലക്കെട്ട് വായിക്കുമ്പോള്‍ അല്‍പം അങ്കലാപ്പുണ്ടാകാം, എന്നാല്‍ അതാണ് സത്യം. പ്രൊഫ. എം. മാധവന്‍ എന്ന ഞങ്ങളുടെ മാധവന്‍ മാഷിനെ ഞങ്ങള്‍ പ്രത്യേകം ഓര്‍മിക്കേണ്ട കാര്യം പോലുമില്ല, കാരണം മാഷ് ഞങ്ങളില്‍ എപ്പോഴും ഉള്ള ആളാണ്. എപ്പോഴും സൗമ്യമായി ചിരിച്ചുകൊണ്ട് നില്‍ക്കുന്നയാളാണ്…. ഒരു നിമിഷം പോലും മാറ്റിവെക്കാനാവാത്ത സജീവമായ സ്മരണയാണ്… ഈ ലോകം മാഷ് ഉപേക്ഷിച്ചപ്പോള്‍ ഞങ്ങള്‍ മാഷെ ഉപേക്ഷിക്കാനാവാത്തവരാണ്…അത്രയധികം അടരുവാന്‍ വയ്യാത്തവരാണ്, ഞങ്ങള്‍ കതിരൂരുകാര്‍…

കതിരൂരിലെ ആര്‍ട് ഗ്യാലറി

ബ്രണ്ണനിൽ എന്റെ അധ്യാപകനായിരുന്നു മാധവൻ മാഷ്. കതിരൂർകാരനായ എനിക്ക് കോളേജ് പഠനകാലത്ത് കതിരൂർക്കാരായ അധ്യാപകരിൽ ഏറ്റവും സൗമ്യനായി ലാളിത്യത്തോടെ പെരുമാറിയ സ്നേഹ നിധിയായ ഒരാളായിട്ടാണ് മാധവൻ മാഷെ തോന്നിയിട്ടുള്ളത്.

SFI യുടെ ബ്രണ്ണനിലെ നേതാവെന്ന നിലയിലും ഏരിയാ നേതാവെന്ന നിലയിലും ഞാൻ കതിരൂരിലെ CPM രാഷ്ട്രീയത്തിൽ സജീവമായിരുന്ന കാലം… ഡി.വൈ.എഫ്.ഐ. സംസ്ഥാനത്തുടനീളം ഒരുക്കാന്‍ തീരുമാനിച്ച മനുഷ്യ ചങ്ങലയുടെ സംഘാടക സമിതി രൂപീകരണ യോഗത്തിലാണ് ഒരു പൊതുമണ്ഡലത്തിലെ മാധവൻ മാഷുടെ പ്രസംഗം ആദ്യമായി കേൾക്കുന്നത്. ഗ്രാമീണ മനുഷ്യന്റെ നന്മയുള്ള മനസ്സുമായി മാഷ് നടത്തിയ പ്രസംഗം അന്ന് കേൾവിക്കാരിൽ ഹൃദ്യമായി പെയ്തിറങ്ങുകയായിരുന്നു. എം എം പുല്യോട് എന്ന പേരിൽ തന്റെ സർഗ സൃഷ്ടികൾ ആനുകാലികങ്ങളിൽ പ്രകാശിപ്പിച്ചിരുന്ന മാധവൻ മാഷെ ഗൗരവവായനക്കാർ ആയ ഒരു ന്യൂനപക്ഷത്തിന് മാത്രം പരിചിതമായ കാലത്താണ് മനുഷ്യ ചങ്ങലയുടെ സംഘാടക സമിതി യോഗത്തിലെ മാഷിന്റെ പ്രസംഗം കതിരൂരിലെ സാധാരണക്കാർ കേട്ടത്.

അതിന് മുമ്പ് യൂനി വാഴ്സിറ്റി കോളേജിലും പട്ടാമ്പി സംസ്കൃത കോളേജിലും ബ്രണ്ണനിലും പഠിപ്പിച്ച ഒരു നാട്ടുകാരൻ പ്രൊഫസർ… പിന്നെ പിന്നെ കതിരൂരിലെയും തലശ്ശേരിയിലെയും ഇടത്പക്ഷ സാംസ്കാരിക പ്രവർത്തനത്തിലെ സൗമ്യസാന്നിധ്യമായി നിറഞ്ഞു നിന്നു.

പുല്യോട് വിജ്ഞാനദായിനി വായനശാലയുടെ മുഖ്യസംഘാടകനും നേതാവുമായ മാധവൻ മാഷ് കതിരൂരിലെ ഗ്രന്ഥശാല പ്രവർത്തനങ്ങൾക്ക് മൊത്തത്തിൽ നേതൃത്വം കൊടുത്ത നല്ല ഗ്രന്ഥശാലാ സംഘം നേതാവുമായിരുന്നു. കുറച്ച് കാലം CPM ബ്രാഞ്ച് മെംബറായിരുന്ന അദ്ദേഹം കതിരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായി. ആ കാലത്താണ് ആണ് കേരളത്തിലാദ്യമായി ഒരു പഞ്ചായത്ത് സ്വന്തമായി ഒരു ആർട്ട് ഗ്യാലറി കതിരൂർ പഞ്ചായത്തിൽ ആരംഭിച്ചത്.

പൊന്ന്യചന്ദ്രൻ , ശശികുമാർ മാരാർ, ശിവകൃഷ്ണൻ , പൊന്ന്യം സനൽ തുടങ്ങിഏറെ ചിത്രകാരന്മാർ ഉള്ള കതിരൂരിൽ പഞ്ചായത്ത് ഓഫീസിന്റെ മുകൾ നിലയിൽ മനോഹരമായ ആർട്ട് ഗ്യാലറി സാർത്ഥകമാക്കുന്നതിൽ സർഗധനനായ മാധവൻ മാഷുടെ, പഞ്ചായത്ത് പ്രസിഡണ്ട് എന്ന നിലയിലുളള ഇടപെടൽ നിർണായകമായിരുന്നു.

ലാളിത്യത്തോടെ, സ്നേഹത്തോടെ, സൗമ്യമായി ജനങ്ങളോട് സംവദിച്ച മാധവൻ മാഷ് ശിഷ്യമാരുടെ മനസ്സിലും കതിരൂരിലെ ജനഹൃദയങ്ങളിലും എന്നും ജീവിക്കും.

Leave a Reply

Your email address will not be published. Required fields are marked *

മാധവന്‍ മാഷെ ഓര്‍മിക്കേണ്ടതില്ല….! - The Political Editor