• Home
  • latest news
  • ഇന്ത്യ ചരിത്രം തിരുത്തി, ആദ്യ അത്‌ലറ്റിക്‌ സ്വര്‍ണം നീരജ്‌ ചോപ്രയ്‌ക്ക്‌ സ്വന്തം

ഇന്ത്യ ചരിത്രം തിരുത്തി, ആദ്യ അത്‌ലറ്റിക്‌ സ്വര്‍ണം നീരജ്‌ ചോപ്രയ്‌ക്ക്‌ സ്വന്തം

ഒളിമ്പിക്‌സില്‍ അത്‌ലറ്റിക്‌സില്‍ ഒരു സ്വര്‍ണം നേടുക എന്ന സ്വപ്‌നം ഇന്ത്യ സാക്ഷാത്‌കരിച്ചു….മില്‍ഖ സിങിനും, പി.ടി.ഉഷയ്‌ക്കും കൈവിട്ടുപോയിരുന്ന സ്വപ്‌നം…അത്‌ പൂവണിഞ്ഞിരിക്കുന്ന്‌ു. ജാവലിന്‍ ത്രോയില്‍ നീരജ്‌ ചോപ്ര എന്ന ചെറുപ്പക്കാരന്‍ അത്‌ സാധിച്ചു. ഈ 23-കാരന്‍ 87.58 മീറ്റര്‍ എറിഞ്ഞ്‌ സ്വര്‍ണത്തിലേക്ക്‌ കുതിച്ചു. 87.03, 87.58, 76.79, 84.24 എന്നിങ്ങനെയായിരുന്നു നീരജിന്റെ സ്‌കോര്‍. ആദ്യ ത്രോയില്‍ തന്നെ 87 മീറ്റര്‍ നേടുക എന്നത്‌ അസാധാരണമായ ഒന്നായിട്ടാണ്‌ കായിക ലോകം വിലയിരുത്തുന്നത്‌. ആ നിലയില്‍ നീരജ്‌ ചോപ്രയുടെ നേട്ടം സ്വപ്‌ന സമാനമാണ്‌ എന്നതില്‍ സംശയമേയില്ല.

പാനിപ്പത്തില്‍ 1997-ല്‍ ജനിച്ച നീരജ്‌ ഇന്ത്യന്‍ സൈന്യത്തിലെ ജൂനിയര്‍ കമ്മീഷന്‍ഡ്‌ ഓഫീസറാണ്‌.

ഒളിമ്പിക്‌സില്‍ വ്യക്തിഗത ഇനത്തില്‍ സ്വര്‍ണം നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരന്‍ കൂടിയായി മാറുന്നു നീരജ്‌. ഇതിനു മുമ്പ്‌ ഷൂട്ടിങില്‍ 2008-ല്‍ അഭിനവ്‌ ഭിന്ദ്ര നേടിയ മെഡലാണ്‌ മുന്നിലുള്ളത്‌. ഇപ്പോള്‍ രണ്ടാമതായി ഇതാ നീരജും. നീരജിനൊപ്പം വെള്ളിയും വെങ്കലവും നേടിയ ഇരുവരും ചെക്ക്‌ റിപ്പബ്ലിക്കിലെ താരങ്ങളാണ്‌ എന്ന പ്രത്യേകതയും ഉണ്ട്‌.

നീരജിനൊപ്പം വെള്ളിയും വെങ്കലവും നേടിയ ചെക്ക്‌ താരങ്ങള്‍

നീരജിന്റെ മെഡലോടെ മറ്റൊരു റെക്കോര്‍ഡ്‌ കൂടി ഇന്ത്യ തിരുത്തി–ഏറ്റവും അധികം മെഡല്‍ നേടുന്ന ഒളിമ്പിക്‌സ്‌ ആയി മാറി ഇത്തവണത്തേത്‌. പത്ത്‌ വര്‍ഷം മുമ്പ്‌ ലണ്ടന്‍ ഒളിമ്പിക്‌സില്‍ നേടിയ ആറ്‌ മെഡലുകള്‍ ആയിരുന്നു ഇതവരെ ഏറ്റവും മികച്ചത്‌. നീരജിന്റെ മെഡല്‍ നേട്ടത്തോടെ ഇത്തവണ ആകെ മെഡലുകള്‍ ഏഴ്‌ എണ്ണമായിരിക്കുന്നു.

ഇന്ന്‌ മറ്റൊരു മെഡല്‍ നേട്ടം കൂടി ഇന്ത്യയ്‌ക്ക്‌ ഉണ്ട്‌. ഗുസ്‌തിയില്‍ 65 കിലോ വിഭാഗത്തില്‍ ബജരംഗ്‌ പൂനിയ വെങ്കലം നേടി.

Leave a Reply

Your email address will not be published. Required fields are marked *

ഇന്ത്യ ചരിത്രം തിരുത്തി, ആദ്യ അത്‌ലറ്റിക്‌ സ്വര്‍ണം നീരജ്‌ ചോപ്രയ്‌ക്ക്‌ സ്വന്തം - The Political Editor