• Home
  • kerala
  • മാനസയെ വെടിവെക്കാനുപയോഗിച്ച തോക്ക്‌ നല്‍കിയ ബിഹാര്‍ സ്വദേശിയെ കേരള പൊലീസ്‌ പോയി പിടിച്ചു

മാനസയെ വെടിവെക്കാനുപയോഗിച്ച തോക്ക്‌ നല്‍കിയ ബിഹാര്‍ സ്വദേശിയെ കേരള പൊലീസ്‌ പോയി പിടിച്ചു

കണ്ണൂർ സ്വദേശിയായ കോതമംഗലത്തെ ദന്തൽ കോളേജ് വിദ്യാർത്ഥിനി മാനസയെ മുൻ കാമുകൻ രഖിൽ വെടിവച്ച് കൊല്ലാൻ ഉപയോഗിച്ച തോക്ക് നൽകിയ ബീഹാർകാരൻ സോനു കുമാർ മോദിയെ(21) കോതമംഗലം എസ്‌ഐ മാഹിന്റെ നേതൃത്വത്തിലെ മൂന്നംഗ സംഘം ബീഹാറിലെത്തി അതിസാഹസികമായി പിടികൂടി.

ബീഹാർ പൊലീസിന്റെയും സ്‌പെഷ്യൽ സ്‌ക്വാഡിന്റെയും സഹായം ഇവർക്ക് ലഭിച്ചു. സോനു കുമാറിനെ ബീഹാറിലെ കോടതിയിൽ ഹാജരാക്കി ട്രാൻസിറ്റ് വാറന്റ് വാങ്ങി.

ബിഹാറിലെ മുംഗര്‍ സ്വദേശിയാണ് സോനുകുമാര്‍ മോദിയെന്നാണ് പ്രാഥമികവിവരം. കള്ളത്തോക്ക് നിര്‍മാണത്തിലൂടെ കുപ്രസിദ്ധി നേടിയ ബിഹാറിലെ സ്ഥലമാണ് മുംഗര്‍. രഖില്‍ ബിഹാറിലേക്ക് യാത്രചെയ്‌തെന്ന വിവരം ലഭിച്ചപ്പോള്‍ തന്നെ മുംഗറില്‍നിന്നായിരിക്കും തോക്ക് വാങ്ങിച്ചതെന്ന് അന്വേഷണസംഘത്തിന് സംശയമുണ്ടായിരുന്നു.

രഖിലിന്റെ സുഹൃത്തുക്കളിൽ നിന്ന് ലഭിച്ച വിവരം വെച്ചാണ് പോലീസ് സോനു കുമാർ മോദിയെ കണ്ടെത്തിയത്. ഇയാളെ പിടിക്കാനെത്തിയ കേരളാ പൊലീസിനെ ഇയാളുടെ സുഹൃത്തുക്കൾ ആക്രമിച്ചുവെങ്കിലും ബീഹാർ പൊലീസിന്റെ സഹായത്തോടെ പിടിക്കുകയായിരുന്നു.
തോക്ക് വിൽപന കേന്ദ്രത്തെ കുറിച്ച് രഖിലിന് വിവരം നൽകിയത് ഒരു ടാക്‌സി ഡ്രൈവറാണെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *