Categories
kerala

കേന്ദ്രത്തിലെ ആദ്യത്തെ സഹകരണവകുപ്പു മന്ത്രി ഗുജറാത്തില്‍ ചെയ്‌തതെന്ത്‌ ?രാജ്യത്താകെ ചെയ്യാനിരിക്കുന്നതെന്ത്‌ ? ഉത്തരം ഉണ്ട്‌…

സഹകരണ മേഖല ഭരണഘടന പ്രകാരം സംസ്ഥാന വിഷയയമായിട്ടും കേന്ദ്രസര്‍ക്കാര്‍ സഹകരണ വകുപ്പ്‌ പുതിയതായി രൂപീകരിച്ച്‌ അതിന്റെ ചുമതല അമിത്‌ ഷായ്‌ക്ക്‌ നല്‍കിയതില്‍ ബി.ജെ.പി.യുടെ വലിയ അജണ്ട ഒളിഞ്ഞു കിടക്കുന്നു എന്ന ചര്‍ച്ച വ്യാപകമായി.

മുൻ ധനകാര്യ മന്ത്രി തോമസ് ഐസക് ഇക്കാര്യം വിശദീകരിച്ച്‌ ഫേസ്‌ബുക്കില്‍ പ്രതികരിച്ചത്‌ ശ്രദ്ധേയമായി. രാജ്യത്തെ ആദ്യ കേന്ദ്രസഹകരണ വകുപ്പു മന്ത്രിയായി അമിത്‌ഷായെ നിയോഗിച്ചത്‌ യാദൃച്ഛികമല്ലെന്നും ഗുജറാത്തില്‍ വിജയകരമായി നടത്തിയ പരീക്ഷണം രാജ്യം മുഴുവന്‍ വ്യാപിപ്പിക്കാനാണ്‌ ശ്രമമെന്നും തോമസ്‌ ഐസക്‌ പറയുന്നു. ഗുജറാത്തിലെ സഹകരണ ബാങ്കുകളെ കോൺഗ്രസിൽ നിന്നും അടർത്തി ബി.ജെ.പിയുടെ പിടിയിലാക്കിയതിന്റെ സൂത്രധാരനാണ് അമിത് ഷാ. അമൂൽ കുര്യനെ പാൽ സഹകരണ മേഖലയിൽ നിന്നും പുകച്ചുപുറത്തു ചാടിച്ചതിന്റെയും പിന്നിൽ ബി.ജെ.പിയുടെ കരങ്ങളുണ്ടായിരുന്നു. നിരീശ്വരവാദിയായ അദ്ദേഹത്തെ മതപരിവർത്തനത്തിന് ഒത്താശ ചെയ്യുന്നയാളെന്ന് ആക്ഷേപിക്കാനും മടിയുണ്ടായില്ലെന്നും ഐസക് ഫേസ്ബുക്കിൽ കുറിച്ചു. സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജിലെ പോസ്റ്റിനു താഴെ വന്ന സംഘപരിവാർ അനുകൂലിയുടെ പോസ്റ്റ് അദ്ദേഹം പ്രത്യേകം ചൂണ്ടിക്കാട്ടി. അമിത് ഷാ എന്ത് ചെയ്യുമെന്നതിനെക്കുറിച്ച് കേരളത്തിലെ സംഘപരിവാറുകാരുടെ സ്വപ്നങ്ങൾ ഈ കമന്റിലുണ്ടെന്ന് തോമസ് ഐസക് പറയുന്നു.

thepoliticaleditor

തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

അമിത് ഷായെതന്നെ രാജ്യത്തെ ആദ്യത്തെ കേന്ദ്ര സഹകരണ മന്ത്രിയാക്കിയത് യാദൃശ്ചികമല്ല. അമിത് ഷായായിരുന്നു ഗുജറാത്തിലെ സഹകരണ ബാങ്കുകളെ കോൺഗ്രസിൽ നിന്നും അടർത്തി ബിജെപിയുടെ പിടിയിലാക്കിയതിന്റെ സൂത്രധാരൻ. അമൂൽ കുര്യനെ പാൽ സഹകരണ മേഖലയിൽ നിന്നും പുകച്ചുപുറത്തു ചാടിച്ചതിന്റെയും പിന്നിൽ ബിജെപിയുടെ കരങ്ങളുണ്ടായിരുന്നു. നിരീശ്വരവാദിയായ അദ്ദേഹത്തെ മതപരിവർത്തനത്തിന് ഒത്താശ ചെയ്യുന്നയാളെന്ന് ആക്ഷേപിക്കാനും മടിയുണ്ടായില്ല. ഗുജറാത്തിലെയും രാജ്യത്തെയും ധവളവിപ്ലവത്തിന്റെ നായകന് മരണത്തിനുശേഷംപോലും ആദരാഞ്ജലികൾ അർപ്പിക്കാൻ തൊട്ടടുത്തൊരു പട്ടണത്തിൽ ഉണ്ടായിട്ടുപോലും മോഡി തയ്യാറായില്ല എന്നതിൽ നിന്നും എത്രമാത്രമായിരുന്നു വൈരാഗ്യമെന്ന് ഊഹിക്കാം. ഗുജറാത്തിലെ സഹകരണ മേഖല ഇന്ന് ബിജെപിയുടെ ഒരു പ്രധാന അടിത്തറയാണ്.

തോമസ്‌ ഐസക്‌

പാർടി ജനറൽ സെക്രട്ടറി സ. സീതാറാം യെച്ചൂരി സഹകരണം സംസ്ഥാന വിഷയമാണെന്നും അവിടെ പുതിയൊരു കേന്ദ്രമന്ത്രാലയത്തിനു പ്രസക്തിയില്ലെന്നും ഫെഡറൽ സംവിധാനത്തെ ഹനിക്കുന്നതാണെന്നും പ്രസ്താവിച്ചിട്ടുണ്ട്. ഇത് പാർടി സംസ്ഥാന കമ്മിറ്റിയുടെ ഫെയ്സ്ബുക്ക് പേജിൽ നൽകിയിരുന്നു. ഇതിനു കീഴിൽ ഒരു സംഘി എഴുതിയത് വായിക്കുക-“ഇ.ഡി മാതൃകയിൽ പുതിയ ഏജൻസി… സഹകരണ സ്ഥാപനങ്ങളിലെ കള്ളപ്പണം കണ്ടെത്തുക ലക്ഷ്യം… പുതിയ ഏജൻസി വരുന്നത് സഹകരണ വകുപ്പിന് കീഴിൽ. ഇന്ത്യയിലെ ആദ്യത്തെ സഹകരണമന്ത്രിയായി അമിത് ഷാ… സിപിഎമ്മിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ സമരത്തിന് അവർ പെട്ടെന്ന് തന്നെ നേതൃത്വം നൽകും…! കാരണമെന്താണെന്ന് അറിയേണ്ടേ…? കേന്ദ്രം സഹകരണ മന്ത്രാലയം രൂപീകരിച്ചു. അതിന്റെ തലൈവർ അമിത് ഷായും… അണ്ണന്റെ രാഷ്ട്രീയ തന്ത്രങ്ങളുടെ ആദ്യ പരീക്ഷണ ശാല അഹമ്മദാബാദിലെ സഹകരണ ബാങ്കുകളായിരുന്നു… ചുമ്മാ പറഞ്ഞന്നെ ഉള്ളു…”

മന്ത്രിസഭാ വിപുലീകരണത്തിനു രണ്ടുദിവസം മുമ്പാണ് പുതിയ മന്ത്രാലയം രൂപീകരിച്ചുകൊണ്ട് ഉത്തരവിറക്കിയത്. അതിൽ അമിത് ഷായെ പ്രതിഷ്ഠിക്കുകയും ചെയ്തു. അർബൻ ബാങ്കുകളുടെ കാര്യത്തിൽ സംസ്ഥാന സഹകരണ രജിസ്ട്രാർക്ക് ഉണ്ടായിരുന്ന അവകാശങ്ങൾ റിസർവ്വ് ബാങ്കിനു കൈമാറിക്കൊണ്ട് 2020 സെപ്തംബറിൽ പാർലമെന്റ് നിയമം പാസ്സാക്കി. അതു പ്രാഥമിക സഹകരണ ബാങ്കുകൾക്കു ബാധകമാക്കുന്നതിന് ഒരു പ്രത്യേക നോട്ടിഫിക്കേഷൻ മതിയാകും. അതിലൂടെ വൈദ്യനാഥൻ കമ്മിറ്റി നിർദ്ദേശിച്ചതും നമ്മൾ തിരസ്കരിച്ചതുമായ കാര്യങ്ങൾ അടിച്ചേൽപ്പിക്കാനാകും.ബാങ്ക് എന്ന വിശേഷണം ഉപയോഗിക്കാനാവില്ല. ഡെപ്പോസിറ്റുകൾ വോട്ട് അവകാശമുള്ള എ ക്ലാസ് അംഗങ്ങളിൽ നിന്നു മാത്രമേ സ്വീകരിക്കാനാവൂ. അല്ലാതെയുള്ള 60,000 കോടി രൂപയുടെ ഡെപ്പോസിറ്റ് തിരിച്ചു കൊടുക്കേണ്ടിവരും. ചെക്ക് പാടില്ല. വിത്ഡ്രോവൽ സ്ലിപ്പേ പാടുള്ളൂ.

കേരള ബാങ്കിൽ മിറർ അക്കൗണ്ട് സൃഷ്ടിച്ച് പ്രാഥമിക സഹകരണ ബാങ്കിംഗ് സേവനങ്ങൾ മെച്ചപ്പെടുത്താനാണല്ലോ നാം ആലോചിക്കുന്നത്. അതു നിരോധിക്കപ്പെടും. പ്രാഥമിക സഹകരണ ബാങ്കുകൾ സംബന്ധിച്ച ഈ പറഞ്ഞ നിർദ്ദേശങ്ങളൊന്നും ഇതുവരെ നടപ്പാക്കിയിട്ടില്ല.എന്നാൽ പുതിയ ബാങ്കിംഗ് റെഗുലേഷന്റെ പശ്ചാത്തലത്തിൽ ഒരു നോട്ടിഫിക്കേഷനിലൂടെ ഇവ നടപ്പാക്കാനാവും. ഡെമോക്ലസിന്റെ വാളുപോലെ ഈ അപകടം നമ്മുടെ സഹകരണ മേഖലയുടെ തലയ്ക്കു മുകളിൽ തൂങ്ങുകയാണ്. ഈയൊരു സന്ദർഭത്തിലാണ് അമിത് ഷാ കേന്ദ്രസഹകരണ മന്ത്രിയായി സ്ഥാനമേറ്റിരിക്കുന്നത്. അമിത് ഷാ എന്ത് ചെയ്യുമെന്നതിനെക്കുറിച്ചു കേരളത്തിലെ സംഘികളുടെ സ്വപ്നങ്ങൾ ഞാൻ ഉദ്ദരിച്ച കമന്റിലുണ്ട്. സഹകരണ മേഖലയെ സംരക്ഷിക്കുന്നതിന് അതിശക്തമായ ജനകീയ പ്രതിരോധം ഉയരണം.

അമിത്‌ ഷായുടെ ആധിപത്യ രാഷ്ട്രീയത്തിന്റെ പുതിയ കരുക്കള്‍…ആക്ടീവിസ്റ്റ്‌ സുധാമേനോന്റെ ഫേസ്‌ ബുക്ക്‌ കുറിപ്പും ശ്രദ്ധേയം

2012 സെപ്തംബര്‍ മാസം ഒന്‍പതിന്, ധവളവിപ്ലവത്തിന്റെ പിതാവും ഗുജറാത്ത് മാതൃകയുടെ ‘യഥാര്‍ത്ഥ’ അവകാശികളിൽ ഒരാളുമായ വര്‍ഗീസ്‌ കുര്യന്റെ മൃതദേഹം, ആനന്ദിലെ അമുല്‍ ഡയറിയുടെ സര്‍ദാര്‍ പട്ടേല്‍ ഹാളില്‍ പൊതു ദര്‍ശനത്തിനു വെച്ചിരിക്കുന്ന സമയം. അപ്പോള്‍, അന്നത്തെ മുഖ്യമന്ത്രി നരേന്ദ്രമോദി ആ ഹാളില്‍ നിന്നും വെറും ഇരുപതു കിലോമീറ്ററിന് അപ്പുറത്ത് നദിയാദില്‍ പുതിയ കലക്ട്രേറ്റ്‌ മന്ദിരം ഉത്ഘാടനം ചെയ്യുന്നുണ്ടായിരുന്നു. ഗുജറാത്തിലെ ഗ്രാമീണമേഖലയില്‍ എമ്പാടും സമൃദ്ധിയുടെ ‘നറുംപാല്‍കറന്ന’ ഇന്ത്യ കണ്ട ഏറ്റവും മികച്ച ‘Institution Builder’അവസാനമായി താന്‍ ജീവനെപ്പോലെ സ്നേഹിച്ച ഗുജറാത്തികളോട്, യാത്ര പറയവേ, അതേ ഗുജറാത്തിന്റെ മുഖ്യമന്ത്രി കുര്യന്റെ മൃതശരീരത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാതെ ഔദ്യോഗികബഹുമതികള്‍ പോലും ജീവനറ്റ ആ ശരീരത്തിന് നിഷേധിച്ചുകൊണ്ട് തൊട്ടടുത്തുകൂടി മടങ്ങിപ്പോയി…

അതിനും കുറേക്കാലം മുമ്പ് തന്നെ കുര്യനെ അമൂലില്‍ നിന്നും അപമാനിച്ച്‌ പടിയിറക്കിയിരുന്നു. പിന്നീട്, കുര്യന്‍ അമുലില്‍ നിന്നുള്ള ലാഭം മതപരിവര്‍ത്തനത്തിനു ഉപയോഗിച്ചിരുന്നു എന്ന് സംഘപരിവാറിന്റെ പാണന്മാര്‍ ഗ്രാമങ്ങളില്‍ പാടി നടക്കാന്‍ തുടങ്ങി. കുര്യന്‍ ജീവിതം മുഴുവന്‍ അവിശ്വാസി ആയിരുന്നുവെന്നും, മതമുക്തമായ ജീവിതമാണ് നയിച്ചതെന്നും ആരും ഓര്‍മ്മിച്ചില്ല.

കുര്യന്‍മാജിക് അപ്രത്യക്ഷമായതോടെ ഗുജറാത്ത് സഹകരണമേഖലയിലെ അവശേഷിച്ച ധാർമിക സ്വാധീനവും കൂടി ഇല്ലാതാവുകയും സഹകരണ മേഖല പൂര്‍ണ്ണമായി അമിത് ഷായുടെ നിയന്ത്രണത്തില്‍ ആവുകയും ചെയ്തു എന്നത് ചരിത്രം.

ഇപ്പോള്‍ ഇത് ഓര്‍മ്മിക്കാന്‍ കാരണം മറ്റൊന്നുമല്ല. കേന്ദ്രം പുതിയതായി തുടങ്ങിയ സഹകരണ വകുപ്പിന്റെ മന്ത്രി സാക്ഷാൽ അമിത് ഷാ തന്നെ ആണ് എന്നുള്ളത് കൊണ്ടാണ്. അതുകൊണ്ടു തന്നെ ഇതൊരു സാധാരണ തീരുമാനം ആകാൻ സാധ്യത ഇല്ല. കാരണം, അമിത് ഷായും സഹകരണസംഘങ്ങളും തമ്മിലുള്ള ബന്ധത്തിന് സുദീര്‍ഘമായ ഒരു ചരിത്രമുണ്ട്. ‘കോണ്‍ഗ്രസ്‌ മുക്തഗുജറാത്തിലേക്കുള്ള’ ആദ്യ ചവിട്ടുപടി ആയി അമിത്ഷാ അതിസമര്‍ത്ഥമായി ഉപയോഗിച്ചത് സഹകരണബാങ്കുകളെയും പാലുല്‍പാദന സഹകരണസംഘങ്ങളെയുമാണ്.. വാസ്തവത്തില്‍, ഗുജറാത്തില്‍ ബിജെപിയുടെ അപ്രമാദിത്വത്തിനുള്ള ഒരു പ്രധാനകാരണം തന്നെ അമിത്ഷാ ഏകദേശം ഇരുപതു വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ തന്നെ സഹകരണമേഖലയില്‍ നടത്താന്‍ തുടങ്ങിയ അദൃശ്യമായ സംഘപരിവാര്‍വല്‍ക്കരണം ആയിരുന്നു എന്നത് അധികമാരും ശ്രദ്ധിച്ചിട്ടില്ല. മോഡി ഗുജറാത്തില്‍ മുഖ്യമന്ത്രി ആയ ശേഷം സബർഖാണ്ഡ, പാഠന്‍, ബനാസ്ഖാണ്ഡ തുടങ്ങിയ ജില്ലകളിലെ നിരവധി സഹകാരികള്‍ കോണ്‍ഗ്രസ് വിട്ടു ബിജെപിയില്‍ ചേര്‍ന്നു. മറ്റ് മാർഗം ഇല്ലാഞ്ഞിട്ടായിരുന്നു. ഇന്ന് എണ്‍പത് ശതമാനം സഹകരണ ബാങ്കുകളും ബിജെപിയുടെ കൈയ്യിലായി.

ഗുജറാത്തില്‍ ഏകദേശം മൂന്നിലൊന്നു ജനങ്ങള്‍ സഹകരണമേഖലയുമായി അഭേദ്യമായ ബന്ധം ഉള്ളവരാണ്. രണ്ടായിരത്തി പതിനേഴിലെ തിരഞ്ഞെടുപ്പിന് തൊട്ടു മുൻപ്, തോല്‍വി മണത്തറിഞ്ഞ അമിത് ഷാ 2,700 ല്‍ അധികം വരുന്ന സഹകരണസംഘം നേതാക്കളെ നേരിട്ട് കണ്ടിരുന്നു.എല്ലാ സഹകരണസംഘം അംഗങ്ങളെയും നേരിട്ട് കണ്ടു, ഒരു മണ്ഡലത്തില്‍ കുറഞ്ഞത്‌ പതിനായിരം വോട്ട് എങ്കിലും ഉറപ്പിക്കാന്‍ അന്ന് ഷാ ഓരോ പ്രതിനിധികളോടും പറഞ്ഞതായി പ്രാദേശിക പത്രങ്ങൾ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാസ്തവത്തില്‍ ബിജെപി അന്ന് പട്ടേല്‍ സമരത്തെയും അസംതൃപ്തരായ കർഷകരെയും ഒരു പരിധിവരെ പിടിച്ചു നിര്‍ത്തിയത് സഹകരണ മേഖലയിലെ നേരിട്ടുള്ള ഇടപെടലുകളിലൂടെ ആയിരുന്നു. ‘ഗുജറാത്ത്മോഡല്‍’ വീരഗാഥകൾ ഗ്രാമങ്ങളില്‍ നേരിട്ട് എത്തിക്കാന്‍ അവര്‍ ഈ ബന്ധം സമര്‍ത്ഥമായി ഉപയോഗിച്ചു. ഒരു വന്‍ തോല്‍‌വിയില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെടാന്‍ ഈ ഗ്രാമീണസഹകരണസംഘങ്ങള്‍ ഉപയോഗിച്ച് കൊണ്ടുള്ള രക്ഷാകർതൃത്വ രാഷ്ട്രീയം ബിജെപിയെ നന്നായി സഹായിച്ചു. മുസ്ലിം വോട്ടര്‍മാര്‍ പോലും ബിജെപിക്ക് വോട്ടു ചെയ്യാനുള്ള കാരണങ്ങളില്‍ ഒന്ന്, സഹകരണ ബാങ്കുകളിൽ നിന്നും കിട്ടാനിടയുള്ള ലോണുകളുടെ പ്രലോഭനങ്ങള്‍ ആയിരുന്നു. ഗ്രാമങ്ങളിലെ ജനങ്ങള്‍ പരിചിതമുഖങ്ങള്‍ക്ക് വോട്ടു ചെയ്യുമെന്നു മനസിലാക്കിയത് കൊണ്ടാണ് ഈ രംഗത്ത് അമിത് ഷാ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. എന്നിട്ടും അഴിമതി വീരന്മാരായ പല ബിജെപി സഹകാരികളും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. പക്ഷെ 2019 ലെ പൊതു തിരഞ്ഞെടുപ്പില്‍ ബിജെപി, വീണ്ടും സഹകരണസംഘങ്ങളും ബാങ്കുകളും ഉപയോഗിച്ച് ബൂത്ത് തല പ്രവര്‍ത്തനം ശക്തമാക്കി. ഗുജറാത്തിലെ 18000 ഗ്രാമങ്ങളിലും ‘മണ്ഡലി’ എന്നറിയപ്പെടുന്ന ചെറുകിട സംഘങ്ങള്‍ ഇന്ന് ജനജീവിതത്തിന്റെ അവിഭാജ്യഘടകമാണ്. 65 ശതമാനത്തോളം കോണ്ഗ്രസ് വോട്ടര്‍മാര്‍ ഉണ്ടായിരുന്ന ബൂത്തുകളില്‍ പോലും സഹകരണബാങ്ക് വഴിയുള്ള ലോണുകളുടെ പ്രലോഭനത്തിലും ഭീഷണിയിലും അവരൊക്കെ ബിജെപി ആയെന്നു എന്നോട് വേദനയോടെ പറഞ്ഞത് സൌരാഷ്ട്രയിലെ ഒരു പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. ജീവിതമല്ലേ എല്ലാവര്ക്കും വലുത്.

ചുരുക്കത്തിൽ, അമിത് ഷായുടെ ‘വിപണിരാഷ്ട്രീയ’ത്തിന്റെ ആദ്യ ചുവടുവെയ്പ്പുകള്‍ സഹകരണ മേഖലയില്‍ ആയിരുന്നു. നോട്ടു നിരോധനം പ്രഖ്യാപിച്ചപ്പോള്‍ 745.59 കോടി പഴയ നോട്ടുകള്‍ ആണ് ഷാ ഡയരക്ടര്‍ അയ അഹമ്മദാബാദ് ജില്ലാ സഹകരണബാങ്കില്‍ മാത്രം നിക്ഷേപിക്കപ്പെട്ടത്‌. മറ്റൊരു ബിജെപി നിയന്ത്രിത ബാങ്ക് ആയ രാജ്കോട്ട് സഹകരണ ബാങ്കില്‍ 693.19 കോടിയും. ആകെ3,118.51 കോടി രൂപയോളം ആ ദിവസങ്ങളിൽ ബിജെപി യുടെ കീഴിലുള്ള സഹകരണ ബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ടിരുന്നു. ഒരന്വേഷണവും നടന്നില്ല. അതേ സമയം മഹാരാഷ്ട്രയിൽ, NCP യുടെ കീഴിലുള്ള ബാങ്കുകളെ തകർക്കാനുള്ള ശ്രമങ്ങൾ പവാറിന്റെ ശക്തമായ വിമര്ശനത്തിനിടയിലും ബിജെപി തുടങ്ങികഴിഞ്ഞു.

സഹകരണമേഖല സ്വന്തം പ്രവിശ്യകളായി നിലനിർത്തുന്ന
ഈ മോഡൽ ഇന്ത്യ മുഴുവൻ വ്യാപിപ്പിക്കാനുള്ള ശ്രമങ്ങൾ ഷാ നടത്തുമെന്നത് ഉറപ്പാണ്. കാരണം ഗ്രാമീണ വോട്ടു ബാങ്കിനെ നേരിട്ട് സ്വാധീനിക്കാൻ കഴിയുന്ന, ജനജീവിതത്തിന്റെ സ്പന്ദനം അറിയുന്ന ഒന്നാണ് സഹകരണപ്രസ്ഥാനം. ജനങ്ങളുടെ ലൈഫ് ലൈൻ. മതം കൊണ്ട് മാത്രം ഇനി വോട്ടു നേടാൻ ആവില്ലെന്നും, ജനപ്രിയരാഷ്ട്രീയത്തിന്റെ നാൾവഴികളിലേക്ക് അധികം വൈകാതെ ഗ്രാമീണർ തിരിയുമെന്നും അവർക്കറിയാം. അതുകൊണ്ടു തന്നെ, ഒരു വശത്തു, കർഷകസമരത്തിനും കോവിഡിനും ശേഷം അശാന്തവും, രോഷാകുലവുമായി മാറികൊണ്ടിരിക്കുന്ന ഇന്ത്യൻ ഗ്രാമങ്ങളിൽ സഹകരണസംഘങ്ങളിലൂടെ ബിജെപിക്കു വേരോട്ടമുണ്ടാക്കാനും, മറുവശത്തു അധികാരം ഉപയോഗിച്ച് പ്രതിപക്ഷപാർട്ടികളുടെ സ്വാധീനത്തിലുള്ള സഹകരണബാങ്കുകളെ പ്രതിസന്ധിയിലാക്കാനും, അങ്ങനെ അവരുടെ ബാക്കിയുള്ള ധനസ്രോതസ്സുകൾ കൂടി വറ്റിക്കാനും അമിത് ഷാ ശ്രമിക്കും എന്ന് ഉറപ്പാണ്.

‌ ഓർമ്മിക്കുക, അമിത് ഷായുടെ പുതിയ വകുപ്പ് ബിജെപിയുടെ അടുത്ത തിരഞ്ഞെടുപ്പിലേക്കുള്ള ഏറ്റവും ശക്തമായ ഒരു പൊളിറ്റിക്കൽ ഇൻവെസ്റ്റ്മെന്റ് ആണ്.

Spread the love
English Summary: what amit shah dd n gujarat co operative

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick