Categories
kerala

ഏഷ്യാനെറ്റ്‌ ഇംഗ്ലീഷ്‌ വാര്‍ത്തയിലേക്കും..ഗ്രൂപ്പ്‌ എഡിറ്ററായി മാതൃഭൂമി വിട്ട മനോജ്‌ കെ.ദാസ്‌… രാജീവ്‌ ചന്ദ്രശേഖറിന്റെ പദ്ധതികള്‍

മാതൃഭൂമി പത്രാധിപ സ്ഥാനം വിട്ട മനോജ്‌ കെ.ദാസിനെ ഏഷ്യാനെറ്റിന്റെ തലപ്പത്തേക്ക്‌ കൊണ്ടുവരാനും ഗ്രൂപ്പ്‌ എഡിറ്റര്‍ഷിപ്പ്‌ നല്‍കാനും രാജീവ്‌ ചന്ദ്രശേഖര്‍ മുന്‍കൈയടുക്കുന്നതായി അണിയറ വാര്‍ത്തകള്‍. ഏഷ്യാനെറ്റിന്റെ ഇംഗ്ലീഷ്‌ ചാനലും അവതരിപ്പിച്ച്‌ ദേശീയ ചാനല്‍ എന്ന പദവിയിലേക്ക്‌ ഉയര്‍ത്താനുള്ള പദ്ധതിയാണ്‌ രാജീവിന്‌ എന്നും അതിന്റെ ഭാഗമായാണ്‌ ഇംഗ്ലീഷ്‌ ജേര്‍ണലിസത്തില്‍ പരിണിത പ്രജ്ഞനായ മനോജ്‌ ദാസിനെ പരിഗണിക്കുന്നതെന്നുമാണ്‌ പറയുന്നത്‌. മലയാളത്തിലെ ഏഷ്യാനെറ്റ്‌ കേരളത്തിലെ ഒന്നാം നമ്പര്‍ ചാനലാണ്‌. വെബ്‌ വിഭാഗത്തിലും മലയാളത്തില്‍ ഒന്നാം സ്ഥാനത്ത്‌ ഏഷ്യാനെറ്റ്‌ ഓണ്‍ലൈന്‍ ആണ്‌. എന്നാല്‍ ദേശീയതലത്തില്‍ ഇതല്ല സ്ഥിതി.
സംഘപരിവാര്‍ അനുകൂലമായ മാനസികാവസ്ഥയുള്ള വ്യക്തിയാണ്‌ മനോജ്‌ കെ.ദാസ്‌ എന്നത്‌ മാധ്യമമേഖലയില്‍ പൊതുവെ അറിയുന്ന കാര്യമാണ്‌. രാജീവ്‌ ചന്ദ്രശേഖര്‍ മനോജിനെ താല്‍പര്യപ്പെടുന്നതിനു പിറകിലും ഈ ഘടകം ഉണ്ട്‌. സംഘപരിവാറുമായി ഇടഞ്ഞു നില്‍ക്കുന്ന മലയാളം ഏഷ്യാനെറ്റ്‌ വാര്‍ത്താ ചാനലിനെ അത്തരം വിരോധഭാവത്തില്‍ നിന്നും മുക്തമാക്കേണ്ടത്‌ ഇപ്പോള്‍ കേന്ദ്രമന്ത്രി കൂടിയായ രാജീവ്‌ ചന്ദ്രശേഖറിന്റെ ആവശ്യമാണ്‌. മലയാളം ഏഷ്യാനെറ്റ്‌ ചാനലിന്റെ എഡിറ്റര്‍ ഇപ്പോള്‍ സി.പി.എം. സഹയാത്രികനായ എം.ജി.രാധാകൃഷ്‌ണനാണ്‌. അതേസമയം സി.പി.എമ്മിനോട്‌ ചായുന്ന രീതിയിലുള്ള എഡിറ്റോറിയല്‍ നയം രാധാകൃഷ്‌ണന്‍ പ്രകടിപ്പിക്കാറില്ല. ഓണ്‍ലൈന്‍ എഡിറ്റോറിയല്‍ മേധാവി എബി തരകനാണ്‌. അദ്ദേഹം പൊതുവേ കക്ഷിരാഷ്ട്രീയ നിറം പ്രകടമാക്കാത്ത വ്യക്തിയാണ്‌.

ഏതാനും മാസങ്ങള്‍ക്കു മുമ്പ്‌ എം.സ്വരാജുമായുണ്ടായ പ്രശ്‌നത്തില്‍ സി.പി.എം. ഏഷ്യാനെറ്റില്‍ ചര്‍ച്ചയ്‌ക്കു വരാതെ പരസ്യമായി ബഹിഷ്‌കരണം പ്രഖ്യാപിച്ചപ്പോള്‍ രാധാകൃഷ്‌ണന്‍ ചാനലില്‍ എഡിറ്റര്‍ സംസാരിക്കുന്നു എന്ന പംക്തിയില്‍ സി.പി.എമ്മിന്റെ നടപടിയെ ജനാധിപത്യവിരുദ്ധം എന്ന നിലപാടായിരുന്നു എടുത്തത്‌. എന്നാല്‍ പിന്നീട്‌ ചാനലിന്‌ നിലപാടില്‍ അയവു വരുത്തേണ്ടി വരികയും എ.കെ.ജി. സെന്ററില്‍ പോയി ബഹിഷ്‌കരണം അവസാനിപ്പിക്കാന്‍ അഭ്യര്‍ഥിക്കേണ്ടി വരികയും ചെയ്‌തു. ഇതേ പോലെ അടുത്ത കാലത്ത്‌ വി.മുരളീധരനുമായി ഇടഞ്ഞതിനെത്തുടര്‍ന്ന്‌ ബി.ജെ.പി. സംസ്ഥാനഘടകം ഔദ്യോഗികമായി ബഹിഷ്‌കരണം പ്രഖ്യാപിച്ചപ്പോഴും ഏഷ്യാനെറ്റ്‌ അതിന്റെ നിലപാടില്‍ ഉറച്ചു നിന്നു. 2020-ല്‍ നടന്ന ഡെല്‍ഹി കലാപവുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകളില്‍ പ്രകോപിതരായി ഏഷ്യാനെറ്റിന്റെ സംപ്രേഷണം കേന്ദ്രസര്‍ക്കാര്‍ തടഞ്ഞു. എന്നാല്‍ മണിക്കൂറുകള്‍ക്കകം തന്നെ നിരോധനം പിന്‍വലിക്കപ്പെട്ടു. ജമാ അത്തെ ഇസ്ലാമി നിയന്ത്രിക്കുന്ന മീഡിയ വണ്‍ ചാനലിനെയും അന്ന്‌ നിരോധിച്ചുവെങ്കിലും ഏഷ്യാനെറ്റിനൊപ്പം മീഡിയ വണ്ണിന്റെയും വിലക്ക്‌ നീക്കുകയായിരുന്നു. ബി.ജെ.പി. എം.പി. രാജീവ്‌ ചന്ദ്രശേഖര്‍ ഇടപെട്ടാണ്‌ ഏഷ്യാനെറ്റിന്റെ വിലക്ക്‌ രായ്‌ക്കു രാമാനം പിന്‍വലിച്ചത്‌ എന്ന്‌ വാര്‍ത്തയുണ്ടായിരുന്നു. മീഡിയ വണ്‍ വിലക്ക്‌ പിന്‍വലിച്ചത്‌ പിറ്റേന്നു മാത്രമായിരുന്നു.

ഏഷ്യാനെറ്റിന്റെ ഗ്രൂപ്പ്‌ എഡിറ്റര്‍ എന്ന പദവിയിലേക്ക്‌ മനോജ്‌ ദാസിനെ കൊണ്ടുവരുന്നതിലൂടെ ചാനലിന്റെ സ്വഭാവത്തില്‍ തന്നെ മാറ്റങ്ങള്‍ വന്നേക്കാമെന്ന വിലയിരുത്തലുണ്ട്‌. മാതൃഭൂമി പത്രാധിപരായിരിക്കുമ്പോള്‍ മനോജ്‌ ദാസിന്റെ നയങ്ങള്‍ പൊതുവെ സംഘപരിവാര്‍ അനുകൂലമായിരുന്നു എന്ന്‌ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്‌. ഹിന്ദുത്വനിറം മാതൃഭൂമിയുടെ പരമ്പരാഗതമായ കോണ്‍ഗ്രസ്‌-ഇടതുപക്ഷ വായനക്കാരെ വളരെയധികം അസ്വസ്ഥരാക്കിയിരുന്നു. അതേസമയം പൂര്‍ണമായും സംഘപരിവാര്‍ പത്രമായി മാറാത്തതിനാല്‍ അവരും മാതൃഭൂമിയെ തുടര്‍ച്ചയായി വിമര്‍ശിക്കുകയും ശത്രുപക്ഷത്ത്‌ നിര്‍ത്തുകയും ചെയ്‌ത വൈരുധ്യവും പ്രകടമായി. രണ്ടു ലക്ഷം കോപ്പി വര്‍ധിപ്പിച്ചു നല്‍കാമെന്ന വാഗ്‌ദാനവുമായി എഡിറ്റര്‍ ചുമതല ഏറ്റെടുത്ത മനോജ്‌ ദാസിന്‌ അത്‌ സാധിച്ചില്ല താനും. ഇതോടെ അദ്ദേഹത്തിനോടുള്ള മമത മാതൃഭൂമി മാനേജ്‌മെന്റിന്‌ കുറഞ്ഞു വരികയായിരുന്നു. സാന്ദര്‍ഭികമായി ചില പ്രശ്‌നങ്ങളും തര്‍ക്കങ്ങളും ഉണ്ടായപ്പോള്‍ മനോജ്‌ ദാസ്‌ പദവി വിടാനുള്ള സന്നദ്ധത പ്രകടിപ്പിച്ചപ്പോള്‍ മാനേജ്‌മെന്റ്‌ എതിര്‍ക്കാതിരുന്നത്‌ ഇതു കൊണ്ടാണെന്നാണ്‌ അണിയറ വര്‍ത്തമാനം. മാതൃഭൂമി ചാനലില്‍ നിന്നും എഡിറ്റര്‍ ഉണ്ണി ബാലകൃഷ്‌ണന്‍ രാജിവെച്ചപ്പോള്‍ തനിക്ക്‌ ഗ്രൂപ്പ്‌ എഡിറ്റര്‍ പദവി നല്‍കണമെന്ന ആവശ്യം മനോജ്‌ ദാസ്‌ മുന്നോട്ടു വെച്ചിരുന്നു എന്നു പറയുന്നു. എന്നാല്‍ മാനേജ്‌മെന്റ്‌ ഇത്‌ അംഗീകരിച്ചിരുന്നില്ല. മാതൃഭൂമിക്ക്‌ പണ്ട്‌ ഉണ്ടായിരുന്ന കോണ്‍ഗ്രസ്‌-ഇടതുപക്ഷ മുഖം തന്നെയാണ്‌ ഉള്ളതില്‍ നല്ലത്‌ എന്ന ചിന്തയുള്ള ധാരാളം പേര്‍ ആ സ്ഥാപനത്തിന്റെ തലപ്പത്ത്‌ ഉണ്ട്‌ എന്നതും ഒരു ഘടകമായി.

thepoliticaleditor
രാജീവ്‌ ചന്ദ്രശേഖര്‍

ഈ രീതിയില്‍ മാതൃഭൂമി വിട്ട മനോജ്‌ ദാസ്‌ വീണ്ടും മലയാളത്തില്‍ ഒതുങ്ങിയുള്ള പ്രവര്‍ത്തനത്തിലേക്ക്‌ ചുരുങ്ങാന്‍ ആഗ്രഹിക്കുന്നില്ല എന്നാണ്‌ അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറയുന്നത്‌. പ്രമുഖ ഇംഗ്ലീഷ്‌ പത്രങ്ങളുടെ കേരള എഡിറ്ററായി പ്രവര്‍ത്തിച്ച ഇദ്ദേഹം ഏതെങ്കിലും മാധ്യമത്തിന്റെ ദക്ഷിണേന്ത്യന്‍ മേധാവിയായി പോകുമെന്ന അഭ്യൂഹവും നിലനില്‍ക്കുന്നുണ്ട്‌. ഇതിനിടെയാണ്‌ ഏഷ്യാനെറ്റ്‌ ദേശീയചാനല്‍ തുടങ്ങുമെന്നും ഗ്രൂപ്പ്‌ എഡിറ്ററായി മനോജ്‌ വരുമെന്നുമുള്ള വാര്‍ത്തകള്‍ പരക്കുന്നത്‌. മനോജ്‌ വരികയാണെങ്കില്‍ മലയാളത്തിലെ ഏഷ്യാനെറ്റിലും ഉള്‍ത്തലത്തിലെങ്കിലും ഒരു പോളിസി ഷിഫ്‌റ്റിന്‌ സാധ്യത ഏറെയാണ്‌. അങ്ങിനെ വരുമ്പോള്‍ എം.ജി.രാധാകൃഷ്‌ണന്‍ ഉള്‍പ്പെടെ വിശാല ഇടതുപക്ഷത്തും തീര്‍ത്തും മതേതരമായും നില്‍ക്കുന്ന പല എഡിറ്റോറിയല്‍ മേധാവികളും ഏത്‌ രീതിയില്‍ കളത്തില്‍ നില്‍ക്കുമെന്നതും ഇപ്പോള്‍ മാധ്യമ മേഖലയിലെ ചര്‍ച്ചാവിഷയമായിരിക്കയാണ്‌.

Spread the love
English Summary: rajeev-chandra-sekhar-to-propose-manoj-k-das-as-group-editor-of-asianet speculations in air

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick