Categories
kerala

കൊടകര കുഴൽപ്പണക്കേസ് :റോജി എം. ജോണിന്റെ അടിയന്തര പ്രമേയത്തിന് മുഖ്യമന്ത്രിയുടെ മറുപടി

കോഴിക്കോട് ചേളന്നൂര്‍ സ്വദേശിയായ ഷംജീര്‍ 07.04.2021 ല്‍ കൊടകര പോലീസ് സ്റ്റേഷനില്‍ ഹാജരായി തന്റെ ഉടമസ്ഥതയിലുളള KL 56 G 6786 നമ്പര്‍ കാറില്‍ ആലപ്പുഴയിലേക്ക് കൊണ്ടുപോയ 25 ലക്ഷം രൂപയും കാറും 03.04.2021 പുലര്‍ച്ചെ നാലര മണിയോടെ തൃശ്ശൂര്‍ കൊടകര ബൈപ്പാസില്‍ വച്ച് ഒരു സംഘം ആളുകള്‍ കവര്‍ച്ച ചെയ്തു എന്ന് മൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍  IPC 395 വകുപ്പ് പ്രകാരം കൊടകര പോലീസ് സ്റ്റേഷനില്‍ ക്രൈം.146/21 ആയി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയുണ്ടായി.

പരാതിക്കാരനായ ഷംജീറിനെയും പണം ഏല്‍പ്പിച്ചയച്ച കോഴിക്കോട് സ്വദേശി ധര്‍മ്മരാജനെയും വിശദമായി ചോദ്യം ചെയ്തു. കവര്‍ച്ച ചെയ്യപ്പെട്ട കാറില്‍ മൂന്നരക്കോടി രൂപ ഉണ്ടായിരുന്നതായി വ്യക്തമായി. തുടര്‍ന്ന് കേസില്‍ IPC 412, 212, 120(B) എന്നീ വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്തു. തൃശ്ശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ 25.04.2021 ലെ 40/Camp/2021/R നമ്പര്‍ ഉത്തരവ് പ്രകാരം ചാലക്കുടി DySP കേസിന്റെ അന്വേഷണം ഏറ്റെടുക്കുകയും ചെയ്തിരുന്നു.

thepoliticaleditor

തുടര്‍ന്ന് സംസ്ഥാന പോലീസ് മേധാവിയുടെ 05.05.2021 ലെ T5/68497/2021/PHQ നമ്പര്‍ ഉത്തരവ് പ്രകാരം കേസിന്റെ അന്വേഷണത്തിനായി തൃശ്ശൂര്‍ റെയ്ഞ്ച് DIG യുടെയും എറണാകുളം ക്രൈം ബ്രാഞ്ച് SP യുടെയും മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ഏറ്റെടുത്തു. 23.07.2021 ന് 22 പ്രതികള്‍ക്കെതിരെ ആദ്യ ചാര്‍ജ്ജ്ഷീറ്റ് (Split Charge Sheet) കോടതി മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ട്. നാലാം പ്രതിയായ  ശങ്കരന്‍ എന്ന് വിളിക്കുന്ന ദീപക് BJP പ്രവര്‍ത്തകനാണ്.

കേസില്‍  BJP സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും 17 സംസ്ഥാന/ ജില്ലാ ഭാരവാഹികള്‍ ഉള്‍പ്പെടെ 250 സാക്ഷികളെ ഇതിനകം ചോദ്യം ചെയ്തിട്ടുണ്ട്.
അന്വേഷണത്തില്‍ കേസില്‍ പ്രതിയായ ധര്‍മ്മരാജന്‍ BJP അനുഭാവിയും, BJP സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍, സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റിംഗ് സെക്രട്ടറി എം.ഗണേഷ്, സ്റ്റേറ്റ് ഓഫീസ് സെക്രട്ടറി ഗിരീശന്‍ നായര്‍ എന്നിവരുമായി അടുത്ത ബന്ധം പുലര്‍ത്തിവരുന്നയാളാണെന്നും വ്യക്തമായിട്ടുണ്ട്. മാത്രമല്ല ധര്‍മ്മരാജന്‍ ഹവാല ഏജന്റായി പ്രവര്‍ത്തിച്ച് വരികയും ചെയ്യുന്നതായും  വെളിവായിട്ടുണ്ട്.

മേല്‍പ്പറഞ്ഞ BJP നേതാക്കളുടെ നിര്‍ദ്ദേശ പ്രകാരം പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കര്‍ണാടകയില്‍ നിന്നും കൊണ്ടുവന്നതാണ് കൊള്ളയടിക്കപ്പെട്ട പണം എന്ന കാര്യം കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മാത്രമല്ല, ഗിരീശന്‍ നായര്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് പാര്‍ട്ടിയുടെ ആലപ്പുഴ ജില്ലാ ട്രഷറര്‍ ഗോപാലകൃഷ്ണ കര്‍ത്തയ്ക്ക് എത്തിച്ച് കൊടുക്കുന്നതിന് ഉദ്ദേശിച്ചിരുന്ന പണമാണെന്നും വെളിവായിട്ടുണ്ട്.

പരാതിക്കാരനായ ഷംജീറും സുഹൃത്തും 16-ാം പ്രതിയുമായ റഷീദുമൊന്നിച്ച് പരാതിക്കാരന്റെ കാറില്‍ രണ്ട് രഹസ്യ അറകളിലായി മൂന്നര കോടി രൂപ നിറച്ച് വാഹനമോടിച്ച് പോകവെ  പിന്തുടര്‍ന്നു. 03.04.2021 പുലര്‍ച്ചെ 4.40 മണിയോടെ കൊടകര ഹൈവേ മേല്‍പ്പാലത്തിന് സമീപം വാഹനങ്ങള്‍ ഉപയോഗിച്ച് പരാതിക്കാരന്റെ വാഹനത്തിലിടിപ്പിച്ച് അപകടാന്തരീക്ഷവും ഭിതിയുമുണ്ടാക്കി പണമുള്‍പ്പെടെ വാഹനം കവര്‍ച്ച ചെയ്തതാണെന്നും വെളിവായിട്ടുണ്ട്.
കേസില്‍ ഉള്‍പ്പെട്ടതായി ബോധ്യപ്പെട്ട 22 പ്രതികളെയും അറസ്റ്റ് ചെയ്ത് നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കവര്‍ച്ച ചെയ്യപ്പെട്ട തുകയില്‍ ഒരു കോടി നാല്‍പ്പത്തിയാറ് ലക്ഷം രൂപ മൂല്യമുള്ള പണവും മുതലുകളും കണ്ടെടുത്ത് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.

അന്വേഷണത്തില്‍ കവര്‍ച്ച ചെയ്യപ്പെട്ട മൂന്നര കോടി രൂപ കൂടാതെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ സ്വരൂപിച്ച് വച്ചിരുന്ന 17 കോടി രൂപയെക്കുറിച്ചുള്ള വിവരങ്ങളും ലഭിച്ചു. ധര്‍മ്മരാജന്‍, ധനരാജ്, ഷൈജു, ഷിജില്‍ എന്നിവര്‍ നേരിട്ടും, ഹവാല ഏജന്റുമാര്‍ മുഖേനയും 40 കോടി രൂപ 05.03.2021 മുതല്‍ 05.04.2021 വരെ കേരളത്തിലെ പല ജില്ലകളിലുളള ഭാരതീയ ജനതാ പാര്‍ട്ടിയുടെ ഭാരവാഹികള്‍ക്ക് കൈമാറാന്‍ കൊണ്ടുവന്നതായി വെളിപ്പെട്ടിട്ടുണ്ട്. അതില്‍  നാല് കോടി നാല്‍പ്പത് ലക്ഷം  രൂപ 06.03.2021 തീയതി സേലത്ത് വച്ചും മൂന്നര കോടി രൂപ കൊടകരയില്‍ വച്ചും കവര്‍ച്ച ചെയ്യപ്പെട്ടതായും വ്യക്തമായിട്ടുണ്ട്.
 
കൊടകര പോലീസ് സ്റ്റേഷന്‍ ക്രൈം 146/21-ാം നമ്പര്‍ കേസില്‍ അറസ്റ്റു ചെയ്ത 22 പ്രതികള്‍ക്കെതിരെ 23.07.2021 ല്‍ ആദ്യ കുറ്റപത്രം നല്‍കിയിട്ടുണ്ട്. ഇതില്‍ അനധികൃതമായി പണം കൊണ്ടുവരുന്നത് സംബന്ധിച്ച അന്വേഷണവും തുടര്‍നടപടികളും എന്‍ഫോഴ്‌സ്‌മെന്റ് ഡയറകട്‌റേറ്റില്‍ ഇന്‍കം ടാക്‌സ്, സംസ്ഥാന ഇലക്ഷന്‍ കമ്മീഷന്‍ എന്നീ ഏജന്‍സികള്‍ നടത്തേണ്ടതിനാല്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനായി കുറ്റപത്രത്തിന്റെ പകര്‍പ്പ് സഹിതം റിപ്പോര്‍ട്ട് തയ്യാറാക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍ (കൊച്ചി), ഇന്‍കം ടാക്‌സ് ഡയറക്ടര്‍ (ഇന്‍വെസ്റ്റിഗേഷന്‍, കൊച്ചി) ചീഫ് ഇലക്ടറല്‍ ഓഫീസര്‍ (കേരള) എന്നിവര്‍ക്ക് സമര്‍പ്പിക്കുന്ന കാര്യം പ്രത്യേകം പ്രതിപാദിച്ചിട്ടുണ്ട്.

അവശേഷിക്കുന്ന കവര്‍ച്ചാമുതല്‍ കണ്ടെത്തുന്നതിനും, സമാന രീതിയില്‍ നടന്നതായ മറ്റ് പണമിടപാടുകള്‍ക്ക് ഇലക്ഷന്‍ സംബന്ധമായ കുറ്റകൃത്യങ്ങളുമായോ, മറ്റേതെങ്കിലും കുറ്റകൃത്യങ്ങളുമായോ ബന്ധമുണ്ടോ എന്നും കണ്ടെത്തുന്നതിനുമായി അന്വേഷണം തുടര്‍ന്നു വരുന്നു. ഇക്കാര്യം ബഹു.കോടതിയെ അറിയിച്ചിട്ടുണ്ട്.
മാത്രമല്ല കേസിനെ സംബന്ധിച്ച വിവരങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് 01.06.2021 ല്‍ No.27/SIT/KDRA/2021 നമ്പരായി കൈമാറിയിട്ടുണ്ട്.  എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചി സോണല്‍ ഓഫീസിലെ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് ഇത് സംബന്ധിച്ച വിവരങ്ങള്‍ നല്‍കിയത്. കത്തില്‍ ഇക്കാര്യത്തിലെ മുഴുവന്‍ ഇടപാടുകളിലും നിയമവിരുദ്ധ പ്രവര്‍ത്തനവും നിയമവിരുദ്ധ ഉറവിടങ്ങളില്‍ നിന്നുള്ള പണവും ഉള്‍പ്പെട്ടതായി ശക്തമായ സംശയമുണ്ടെന്ന് ആ ഘട്ടത്തില്‍ തന്നെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

പ്രമേയത്തില്‍ ഉന്നയിച്ചിട്ടുള്ള മുഖ്യ പ്രശ്‌നം പണത്തിന്റെ ഉറവിടത്തെ ക്കുറിച്ചുള്ള അന്വേഷണം അധികാരപ്പെട്ട കേന്ദ്ര ഏജന്‍സികളെ ഏല്‍പ്പിക്കാതെ കേസ് അന്വേഷണം ഒതുക്കിത്തീര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നാണ്. ഇത് ബോധപൂര്‍വ്വം വസ്തുതകള്‍ മറച്ചുവെച്ച് ജനശ്രദ്ധ തിരിച്ചുവിടാന്‍ വേണ്ടിയാണ്. പണത്തിന്റെ സ്രോതസ്സ് അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് അവരുടെ നിയമപ്രകാരം വ്യക്തമായ അധികാരമുണ്ട്. ആദായ നികുതി വകുപ്പ് നിയമം 1961 ലും കള്ളപ്പണം വെളുപ്പിക്കല്‍ നിയമം 2002 ലും ഇതില്‍ വ്യക്തമായ അധികാരങ്ങളുണ്ട്. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ ഏല്‍പ്പിക്കേണ്ട ആവശ്യം ഇല്ല എന്നത് ഒരു പ്രാഥമിക വസ്തുതയായിരിക്കെ യാതൊരു പിന്‍ബലവും ഇല്ലാതെയാണ് ഈ ആക്ഷേപം ഉന്നയിച്ചിരിക്കുന്നത്.

സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം നിലനില്‍ക്കുന്ന നിയമവ്യവസ്ഥയ്ക്കനുസൃതമായി നിയമലംഘനങ്ങള്‍ അന്വേഷിക്കുക എന്ന സമീപനമാണ് സ്വീകരിക്കുന്നത്. അതുകൊണ്ടാണ് സംസ്ഥാന പോലീസിന് അധികാരമുള്ള കാര്യങ്ങളെ സംബന്ധിച്ച് പോലീസ് അന്വേഷിക്കുകയും മറ്റു കാര്യങ്ങള്‍ കേന്ദ്ര ഏജന്‍സിയെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും അറിയിക്കുന്ന സ്ഥിതിയുണ്ടായത്. യുഡിഎഫ് ചെയ്തതുപോലെ കേന്ദ്ര ഏജന്‍സികളെ കൊണ്ടുവന്ന് അധികാരം ഉള്ളതും ഇല്ലാത്തതുമായ കാര്യങ്ങളെ രാഷ്ട്രീയ താത്പര്യത്തോടെ അന്വേഷിക്കുന്നതിന് വഴിമരുന്നിടുകയോ അതിനെ പിന്തുണയ്ക്കുയോ ചെയ്യുന്ന നിലപാട് സംസ്ഥാന സര്‍ക്കാരിനില്ല. രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ ആരെയെങ്കിലും പ്രതിയാക്കുകയോ ആരെയെങ്കിലും വെറുതെ വിടുകയും ചെയ്യുന്ന സമീപനം സംസ്ഥാന സര്‍ക്കാരിനില്ല.
ഇപ്പോള്‍ എല്ലാം കേന്ദ്ര ഏജന്‍സിക്ക് വിടാത്തതിലാണ് യുഡിഎഫിന് ആശങ്ക. ബിജെപി പ്രതിസ്ഥാനത്തുള്ളത് എന്ന് യുഡിഎഫ് തന്നെ പറയുന്ന  കേസ് ബിജെപിയുടെ ഭരണനേതൃത്വത്തില്‍ തന്നെയുള്ള സംവിധാനം അന്വേഷിച്ചാല്‍ മതി എന്നാണ്. അത്രയ്ക്ക് വിശ്വാസമാണ് അവര്‍ക്ക് ബിജെപിയില്‍.

കൊടകര കുഴല്‍പ്പണ കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ആരോപണം. അതോടൊപ്പം പറയുന്നത് പണത്തിന്റെ സ്രോതസ്സ് സംബന്ധിച്ച് അന്വേഷണം നടത്താന്‍ കേന്ദ്ര ഏജന്‍സികളെ ഏല്‍പ്പിക്കുന്നില്ലായെന്ന് കൂടിയാണ്.

കേന്ദ്ര ഏജന്‍സികളുടെ അന്വേഷണ പരിധിയെക്കുറിച്ച് ധാരണയില്ലാത്തതുകൊണ്ടാണ് ഈ ആരോപണം എന്ന് മനസ്സിലാകുന്നില്ല. കള്ളപ്പണത്തിന്റെ സ്രോതസ്സ് അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സികളെ സംസ്ഥാന സര്‍ക്കാര്‍ ഏല്‍പ്പിക്കേണ്ടതുണ്ടോ? ഇല്ലായെന്നതാണ് വസ്തുത. പക്ഷെ അന്വേഷണത്തിന്റെ ഭാഗമായി പണത്തിന്റെ സ്രോതസ്സിനെപ്പറ്റി ഉണ്ടായിട്ടുള്ള കണ്ടെത്തലുകള്‍ ബന്ധപ്പെട്ട കേന്ദ്ര ഏജന്‍സികളെ അന്വേഷണ ഉദ്യോഗസ്ഥര്‍ യഥാസമയം അറിയിക്കുന്നതാണ്. ഇക്കാര്യത്തില്‍ ഒരു വീഴ്ചയും ഉണ്ടാകാന്‍ പോകുന്നില്ല. അന്വേഷണം എങ്ങനെ നടക്കാന്‍ പാടില്ലായെന്നുള്ളത് കഴിഞ്ഞ ഒന്നര വര്‍ഷക്കാലമായി ഈ സംസ്ഥാനത്ത് കണ്ടതാണ്. കേന്ദ്ര ഏജന്‍സികള്‍ ചെയ്തതെല്ലാം ശരിയാണെന്ന് ബിജെപിക്കൊപ്പം പൊതു മണ്ഡലത്തില്‍ വാദഗതികള്‍ ഉയര്‍ത്തിയത് പ്രമേയവതാരകന്റെ പാര്‍ടി നേതാക്കള്‍ തന്നെയാണല്ലോ.

അനധികൃതമായ പണമോ സ്വര്‍ണ്ണമോ കണ്ടെത്തിയാല്‍ അതിന്റെ സ്രോതസ്സ് മുതല്‍ വിനിയോഗം വരെയുള്ള എല്ലാ കാര്യങ്ങളും സമഗ്രമായി അന്വേഷിക്കേണ്ടതാണ്. അല്ലാതെ വാലും തുമ്പുമില്ലാതെ ചിലയാളുകള്‍ക്ക് നോട്ടീസ് അയച്ച് അവ മാധ്യമങ്ങള്‍ക്ക്‌നല്‍കി പ്രചരണ കോലാഹലങ്ങള്‍ അഴിച്ചുവിടുന്നതല്ല അന്വേഷണം. അങ്ങനെയുള്ള അന്വേഷണങ്ങള്‍ക്ക് പിന്തുണയുടെ ആരവുമായി എത്തിയ കോണ്‍ഗ്രസ്സ് പ്രൊഫഷണലായി നടക്കുന്ന അന്വേഷണമെന്താണെന്ന് മനസ്സിലാക്കാന്‍ സാധിക്കാതെ അമ്പരന്ന് നില്‍ക്കുന്നതായി കാണാന്‍ കഴിയും.

തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ വലിയ തോതില്‍ പണമൊഴുക്കുന്ന ഏര്‍പ്പാടിന്റെ ഭാഗമാണ് കൊടകരയില്‍ കണ്ടെത്തിയ പണം. ഇതില്‍ കേരള പോലീസ് അന്വേഷണം നടത്തി അതിന്റെ പരിധിയിലുള്ള കാര്യങ്ങള്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്ര ഏജന്‍സികളായ ആദായനികുതി വകുപ്പ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് എന്നിവ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യ്തിട്ടുണ്ടോയെന്ന് വിമര്‍ശനാത്മകമായി പരിശോധിക്കാന്‍ പ്രമേയാവതാരകന്റെ പാര്‍ടി തയ്യാറാകുന്നില്ല.

ലൈഫ് മിഷന്റെ കാര്യത്തില്‍ ഇല്ലാത്ത കേസുമായി സിബിഐക്ക് പരാതി സമര്‍പ്പിക്കാന്‍ ഓടിയെത്തിയ എംഎല്‍എമാരുണ്ടായ പാര്‍ടിയാണ് കോണ്‍ഗ്രസ്സ്. എന്നാല്‍ ബിജെപി ഉള്‍പ്പെടുന്ന കുഴല്‍പ്പണ കേസില്‍ ഒരു പരാതിയുമായി ഏതെങ്കിലും കോണ്‍ഗ്രസ്സുകാരന്‍ പോയിട്ടുണ്ടോ? നിയപരമായ കാര്യങ്ങള്‍ കൃത്യനിഷ്ഠയോടെ അന്വേഷിച്ച് കണ്ടെത്തുകയാണ് സംസ്ഥാന പോലീസ്. കേന്ദ്ര ഏജന്‍സികളെ അറിയിക്കേണ്ട കാര്യങ്ങള്‍ അവരെ അറിയിക്കേണ്ട കര്‍ത്തവ്യവും അന്വേഷണ ഉദ്യോഗസ്ഥര്‍ കൃത്യമായി നിര്‍വ്വഹിക്കും. അക്കാര്യത്തില്‍ ഒരു ആശങ്കയും പ്രമേയാവതാരകന് ഉണ്ടാവേണ്ടതില്ല. കേരളത്തില്‍ കേന്ദ്ര ഏജന്‍സികള്‍ ചെയ്യുന്നതെല്ലാം ശരിയെന്ന് പറഞ്ഞ കോണ്‍ഗ്രസ്സ് പാര്‍ടിക്ക് ഇപ്പോഴും കേന്ദ്ര ഏജന്‍സികള്‍ അവരുടെ കര്‍ത്തവ്യനിര്‍വ്വഹണത്തില്‍ വീഴ്ച വരുത്തുന്നുവെന്ന് തുറന്നുപറയാന്‍ ഭയമുണ്ടെന്ന് ജനങ്ങള്‍ കാണുന്നുണ്ട്. ഇത് കേരളത്തിലെ കോണ്‍ഗ്രസ്സിന് ബിജെപിയോടുള്ള വിധേയത്വത്തിന്റെ ഭാഗമാണെന്ന് ന്യായമായും സംശയിച്ചാല്‍ ആരെ തെറ്റ് പറയാനാവും.

കോൺ‍ഗ്രസും കേന്ദ്രഏജന്‍സിയും

സിബിഐ എന്ന അന്വേഷണ ഏജന്‍സിയെക്കുറിച്ചുള്ള സംസ്ഥാന കോണ്‍ഗ്രസിന്റെ അഭിപ്രായം അറിയാന്‍ താത്പര്യമുണ്ട്. കോണ്‍ഗ്രസിന്റെ കേന്ദ്രനേതൃത്വം സിബിഐ യെ രാഷ്ട്രീയ ചട്ടുകം എന്നാണ് വിളിച്ചിട്ടുള്ളത്. സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും  പ്രിയങ്കാ ഗാന്ധിയുമൊക്കെ സിബിഐയെ രാഷ്ട്രീയമായി കേന്ദ്ര സര്‍ക്കാര്‍ ദുരുപ.യോഗിക്കുന്നു എന്ന്  നിരന്തരം ആക്ഷേപിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് ഇവിടെ ഒരു കോണ്‍ഗ്രസ് അംഗം കേന്ദ്രനേതൃത്വത്തിന്റെ ആക്ഷേപത്തിന് ഇരയായി നില്‍ക്കുന്ന ആ ഏജന്‍സിയെ വെള്ളപൂശാനും അതിന്റെ വിശ്വാസ്യത പകരാനും കഠിനമായി ശ്രമിക്കുന്നത്. ഇത് കോണ്‍ഗ്രസിന്റെ താത്പര്യത്തിലാണോ ബിജെപിയുടെ താത്പര്യത്തിലാണോ?

എന്‍ഫോഴ്‌സ്‌മെന്റ് ഡിപ്പാര്‍ട്ടുമെന്റിനെ ഡെര്‍ട്ടി ട്രിക്‌സിന്റെ ഡിപ്പാര്‍ട്ട്‌മെന്റ് എന്നാണ് കോണ്‍ഗ്രസ് നേതൃത്വം ഔദ്യോഗിക പ്രസ്താവനയിലൂടെ തന്നെ വ്യക്തമാക്കിയത്. കേന്ദ്ര ഏജന്‍സികളെക്കുറിച്ചുള്ള തങ്ങളുടെ തന്നെ നേതൃത്വത്തെ തള്ളിപ്പറയും വിധമുള്ള നിലപാട് ഇവിടെ എടുക്കുന്നതിന് പിന്നിലുള്ള താത്പര്യം എന്താണ്? പി. ചിദംബരം അടക്കമുള്ളവര്‍ക്കെതിരെ സിബിഐ റെയ്ഡ് അടക്കമുള്ള നടപടികളെടുത്തപ്പോള്‍ രാഷ്ട്രീയ ചട്ടുകമായിരുന്ന സിബിഐ ഇപ്പോള്‍ എങ്ങനെയാണ് പൊടുന്നനെ സ്വീകാര്യമായത്?

പണത്തിന്റെ ഉറവിടം കണ്ടെത്താനായില്ലെങ്കില്‍ അത് കള്ളപ്പണം അഥവാ കുഴല്‍പ്പണമായി തന്നെ കരുതേണ്ടി വരും. ഇക്കാര്യങ്ങള്‍ അന്വേഷിച്ച് നിയമത്തിനു മുന്നില്‍ കൊണ്ടുവരേണ്ട ബാധ്യത കേന്ദ്ര ആദായനികുതി, വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടേറ്റ് എന്നീ ഏജന്‍സികള്‍ക്കാണ്. ഇവയുടെ പ്രവര്‍ത്തനം പരിപൂര്‍ണ്ണമായും ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിലെ യൂണിയന്‍ ലിസ്റ്റിലാണ്. അവര്‍ക്ക് സ്വയം ഇക്കാര്യങ്ങള്‍ അന്വേഷിക്കാന്‍ ബാധ്യതയുണ്ട്. സംസ്ഥാന സര്‍ക്കാര്‍ അവരെ അന്വേഷണം ഏല്‍പ്പിക്കുക എന്നത് ഭരണഘടനയിലോ പാര്‍ലമെന്റ് പാസ്സാക്കിയ നിയമത്തിലോ വിഭാവനം ചെയ്തിട്ടില്ല.

കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കേണ്ട കാര്യങ്ങള്‍ പോലീസ് അന്വേഷണത്തില്‍ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ അവ കേന്ദ്ര ഏജന്‍സികളെ അറിയിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തയ്യാറാവുന്നുണ്ട്. ഇനി എന്തെല്ലാം അറിയിക്കാനുണ്ട്, അതെല്ലാം അറിയിക്കും. ഒരു ഒത്തുകളിയും ഇല്ല. ഒത്തുകളി ശീലിച്ചവര്‍ ഒത്തുകളി, ഒത്തുകളി എന്നുപറഞ്ഞുകൊണ്ടേയിരിക്കും. രാഷ്ട്രീയമായി പല പ്രശ്‌നങ്ങളും തമ്മില്‍ കാണും. അതില്‍ വ്യക്തിപരമായ ആക്രമിക്കുന്ന തരംതാണ രീതി അവലംബിക്കരുത്. എന്തും പറയാനുള്ള അവസരമായി ഇത്തരം കാര്യങ്ങള്‍ എടുക്കരുത്.

സംസ്ഥാന മുഖ്യമന്ത്രി എന്ന നിലയ്ക്ക് പ്രധാനമന്ത്രിയെ കാണുന്നത് ഔപചാരിക ചടങ്ങാണ്. പോയിട്ടുണ്ട്, കണ്ടിട്ടുണ്ട്, സാധാരണ രീതിയില്‍ ഷാള്‍ അണിയിച്ചിട്ടുണ്ട്. എന്താണ് അതില്‍ തെറ്റ്? അതേ സമയം അദ്ദേഹത്തിന്റെ മുഖത്തുനോക്കി ഞാന്‍ പറഞ്ഞിട്ടുണ്ട്, നമുക്ക് രാഷ്ട്രീയമായി മത്സരിക്കുകയും തര്‍ക്കിക്കുകയും ചെയ്യാം. എന്നാല്‍ നാടിന്റെ വികസനത്തിന് ഒരുമിച്ച് നില്‍ക്കാനാവണമെന്ന്. അദ്ദേഹം പറഞ്ഞത്, നാടിന്റെ വികസന കാര്യങ്ങളില്‍ ഒരുമിച്ച് നില്‍ക്കാമെന്നുതന്നെയാണ്. തിരുവനന്തപുരത്തെ റിങ്ങ് റോഡ്, സില്‍വര്‍ ലൈന്‍, ജലപാത, ദേശീയപാത ഇവയ്‌ക്കൊക്കെ കേന്ദ്രസര്‍ക്കാരിന്റെ സഹായം വേണം. അത്തരം കാര്യങ്ങള്‍ കേന്ദ്രഗവണ്‍മെന്റിനോട് പറയാനാവണം. അതുമനസ്സിലാക്കാനുള്ള മനസ്ഥിതി നിങ്ങള്‍ക്കില്ല. നാടിന്റെ പുരോഗതിക്ക്, വികസനത്തിന് നവകേരള സൃഷ്ടിക്ക് ഒന്നിച്ചുനില്‍ക്കാനുള്ള മനോഭാവമാണ് വേണ്ടത്.

Spread the love
English Summary: KODAKARA BLACK MONEY CASE CHIEF MINISTERS REPLY TO ROJI M JOHN MLA

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick