Categories
kerala

എക്‌സ്‌പോസ്‌ ആവു മ്പോള്‍ മാത്രം തള്ളിപ്പറയുന്ന നയം സി.പി.എം. എന്നാണ്‌ അവസാനിപ്പിക്കുക!

ഇത്‌ അവസാനിപ്പിക്കാനുള്ള മാര്‍ഗം പൊതുസമൂഹത്തില്‍ വെളിപ്പെടുമ്പോള്‍ മാത്രം ചവിട്ടിപ്പുറത്താക്കലല്ല, പകരം അപായ സൂചനകള്‍ കിട്ടുമ്പോള്‍ തന്നെ തടയലും നടപടിയെടുത്ത്‌ സമൂഹത്തിന്റെ മുന്നില്‍ പരസ്യപ്പെടുത്തലുമാണ്‌…ആ സംസ്‌കാരമാണ്‌ സി.പി.എമ്മിനെ വ്യത്യസ്‌തമാക്കേണ്ടത്‌.

Spread the love

ജൂണ്‍ 21-ന്‌ കോഴിക്കോട്‌ രാമനാട്ടുകരയില്‍ ഒരു കാര്‍ ലോറിയിലേക്കിടിച്ചു കയറി അഞ്ച്‌ പേര്‍ മരിച്ചില്ലായിരുന്നു എന്ന്‌ സങ്കല്‍പിക്കുക. എങ്കില്‍ ഇന്ന്‌ സി.പി.എം. തള്ളിപ്പറഞ്ഞ ക്വട്ടേഷന്‍ സംഘങ്ങളെല്ലാം ഇപ്പോഴും സി.പി.എമ്മിനെ മുതലെടുത്തുകൊണ്ട്‌ നിര്‍ബാധം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കുന്നുണ്ടാവും എന്നത്‌ നൂറു ശതമാനം ശരിയാണ്‌. അര്‍ജുന്‍ ആയങ്കി എന്ന വ്യക്തി സമൂഹത്തിന്റെ മുന്നിലും നിയമത്തിന്റെ മുന്നിലും തുറന്നു കാട്ടപ്പെട്ടപ്പോഴാണ്‌ സി.പി.എം. അദ്ദേഹത്തെ ഉടനെ തള്ളിപ്പറഞ്ഞത്‌. ആകാശ്‌ തില്ലങ്കേരിയെയും അങ്ങിനെ തന്നെ. സി.പി.എം.കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ വാര്‍ത്താ സമ്മേളനം വിളിച്ച്‌ 21 ക്വട്ടേഷന്‍കാരുടെ പേരുകള്‍ പ്രഖ്യാപിച്ച്‌ അവരില്‍ ഒരാളും പാര്‍ടിയുടെ പേരില്‍ ഒരു കാര്യവും സാധിക്കേണ്ടതില്ല എന്നും അവര്‍ക്ക്‌ പാര്‍ടിയുമായി ഒരു ബന്ധവും ഇല്ല എന്നും വ്യക്തമാക്കി.

സി.പി.എം. കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍

ഈ 21 പേരുകള്‍ കേട്ട്‌ കണ്ണൂരിലെ ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥര്‍ അമ്പരന്നു. മറ്റൊന്നുമല്ല കാരണം, അവരുടെ പോലും പട്ടികയില്‍ ഇല്ലാതിരുന്ന ചില പേരുകളും സി.പി.എം. ജില്ലാ സെക്രട്ടറി വായിച്ചു എന്നതു തന്നെ. സി.പി.എം. പറയുന്നതു പോലെ സ്വയം പ്രഖ്യാപിത പ്രവര്‍ത്തകരായി ആകാശ്‌ തില്ലങ്കേരിയും അര്‍ജുന്‍ ആയങ്കിയും സാമൂഹിക മാധ്യമങ്ങള്‍ വഴിയും അല്ലാതെയും വിലസുന്നതും, പാര്‍ടി ബന്ധം ഉപയോഗിച്ച്‌ മാഫിയ പ്രവര്‍ത്തനം നടത്തുന്നതും ഒരു തരിമ്പു പോലും അറിയാത്തവരാണ്‌ സി.പി.എം. നേതൃത്വം എന്നു പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല.

thepoliticaleditor
രാമനാട്ടുകര വാഹാനപകടം

തൃശ്ശൂര്‍ ജില്ലയിലെ കരുവന്നൂര്‍ സഹകരണബാങ്കിലെ സാമ്പത്തിക ക്രമക്കേട്‌ ഒരു പക്ഷേ കേരളത്തിലെ സഹകരണ മേഖലയിലെ ഇന്നോളമുള്ളതില്‍ ഏറ്റവും വലിയ ബാങ്ക്‌ തട്ടിപ്പാണ്‌ എന്നാണ്‌ മനസ്സിലാകുന്നത്‌. 110 കോടി രൂപ തട്ടിച്ച കാര്യം സഹകരണ വകുപ്പു മന്ത്രി നിയമസഭയില്‍ സമ്മതിക്കുമ്പോള്‍ 300-ലധികം കോടി രൂപയുടെ തിരിമറി നടത്തിയിട്ടുണ്ടെന്നാണ്‌ സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ അനൗദ്യോഗികമായി പറയുന്നത്‌. ഈ വന്‍ കൊള്ള ഒരു ദിവസം കൊണ്ട്‌ രഹസ്യമായി നടത്തിയ ഒരു കവര്‍ച്ചയല്ല. വര്‍ഷങ്ങളായി നടന്നു വരുന്ന തട്ടിപ്പാണിത്‌. നാല്‌ ദശാബ്ദമായി ബാങ്ക്‌ ഭരിക്കുന്നത്‌ സി.പി.എം.ആണ്‌. പാര്‍ടിയുടെ ലോക്കല്‍ നേതാക്കളാണ്‌ ബാങ്കിന്റെ സാരഥികള്‍. ഇപ്പോള്‍ പ്രതി സ്ഥാനത്തുള്ളവരും പാര്‍ടിയുടെ ഈ പ്രദേശിക നേതാക്കളാണ്‌. ക്രമക്കേട്‌ നടന്ന സൂപ്പര്‍മാര്‍ക്കറ്റിന്റെ മാനേജരും പാര്‍ടി പ്രാദേശിക നേതാവാണ്‌. മുന്‍ ലോക്കല്‍ക്കമ്മിറ്റി അംഗമായി സുരേഷ്‌ എന്നയാള്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ തട്ടിപ്പിന്റെ കാര്യം നേതൃത്വത്തെ അറിയിച്ചിരുന്നു.

2010 മുതല്‍ പരാതി ഉന്നയിക്കാന്‍ തുടങ്ങിയത്‌ പാര്‍ടിയുടെ പ്രാദേശിക നേതാവ്‌ തന്നെയായിരുന്നു. പല തവണ പാര്‍ടി തലത്തില്‍ തീരുമാനിച്ച്‌ അന്വേഷണം നടത്തപ്പെട്ടു. 2019-ല്‍ ഒരു വിവരാവകാശ രേഖയുടെ ബലത്തില്‍ ഒരു ബി.ജെ.പി. പ്രവര്‍ത്തകന്‍ പരാതി നല്‍കിയപ്പോഴാണ്‌ സഹകരണവകുപ്പ്‌ അന്വേഷണത്തിന്‌ ഉത്തരവിട്ടതെന്ന്‌ മാധ്യമവാര്‍ത്തകളില്‍ നിന്നും മനസ്സിലാകുന്നു. അതിന്റെ റിപ്പോര്‍ട്ടിലും വന്‍ ക്രമക്കേടുള്ളത്‌ ചൂണ്ടിക്കാട്ടി. അന്ന്‌ സഹകരണവകുപ്പ്‌ മന്ത്രി സി.പി.എം. മുന്‍ ജില്ലാ സെക്രട്ടറി തന്നെയായിരുന്നു. പക്ഷേ നടപടി ഒന്നും ഉണ്ടായില്ല. അന്നൊക്കെ എന്തെങ്കിലും നടപടി സ്വീകരിച്ചിരുന്നെങ്കില്‍ ഇന്ന്‌ ഈ ദുരവസ്ഥയിലേക്ക്‌ ബാങ്കും പ്രതിച്ഛായാ നഷ്ടത്തിലേക്ക്‌ സി.പി.എമ്മും എത്തിച്ചേരുമായിരുന്നുവോ…

സി.പി.എം. നേതൃത്വത്തില്‍ അന്വേഷണം നടന്നപ്പോഴെല്ലാം വന്‍ ക്രമക്കേടിന്റെ തെളിവുകളും ഹാജരാക്കപ്പെട്ടിരുന്നു എന്നു വേണം കരുതാന്‍. എന്നാല്‍ ഒരു നടപടിയും ഉണ്ടായില്ല. കാരണം അപ്പോഴൊന്നും ഇടപാടുകാര്‍ പ്രശ്‌നമുണ്ടാക്കിയിരുന്നില്ല. ഇപ്പോള്‍ അത്‌ സംഭവിച്ചപ്പോഴാണ്‌ നിലവിലുള്ള സെക്രട്ടറി പൊലീസില്‍ പരാതി നല്‍കാന്‍ തയ്യാറായത്‌. തീര്‍ച്ചയായും പരാതി നല്‍കാന്‍ പാര്‍ടി ഇപ്പോള്‍ സമ്മതിച്ചു എന്നു വേണം കരുതാന്‍.. മാത്രമല്ല, ഇനിയങ്ങോട്ട്‌ തട്ടിപ്പുനടത്തിയവര്‍ക്കെതിരെ ശക്തമായ നിലപാടുകള്‍ പാര്‍ടി സ്വീകരിക്കുകയും ചെയ്യുമെന്ന്‌ സൂചന മുഖ്യമന്ത്രി തന്നെ പറയുകയും ചെയ്‌തിരിക്കുന്നു.

അടുത്ത കാലത്തായി സി.പി.എമ്മിനെ അസാധാരണമായി പ്രതിരോധത്തിലാക്കിയ മേല്‍പ്പറഞ്ഞ രണ്ടു സംഭവങ്ങളിലും സമാനമായി ഒരു ഘടകം ഉണ്ടെന്നു കാണാം. അതെന്താണ്‌. നിയമത്തിന്റെയോ സമൂഹത്തിന്റെയോ മുന്നില്‍ എക്‌സപോസ്‌ഡ്‌ ആവുമ്പോള്‍, തുറന്നു കാട്ടപ്പെടുന്ന അവസ്ഥയിലാവുമ്പോള്‍ മാത്രമാണ്‌ സി.പി.എം. അവരുടെ ഇടയിലെ പുഴുക്കുത്തുകളായ വ്യക്തികളെ തള്ളിപ്പറയുന്നത്‌ എന്നതാണത്‌. അതിനു മുമ്പ്‌ കാര്യം അറിയാത്തതല്ല, അറിഞ്ഞാലും പല താല്‍പര്യങ്ങളാല്‍ മൂടിവെക്കപ്പെടുകയോ, ശ്രദ്ധാപൂര്‍വ്വമായ അശ്രദ്ധ എന്നു പറയാവുന്ന രീതിയില്‍ നേതൃത്വം കണ്ണടയ്‌ക്കുകയോ ചെയ്യുന്നതു കൊണ്ടാണ്‌ ഇത്തരം സാമൂഹ്യ വിരുദ്ധരും തട്ടിപ്പു വീരന്‍മാരുമായവര്‍ സി.പി.എമ്മിന്റെ ഭാഗമായി സ്വയം പ്രവര്‍ത്തിക്കുന്നത്‌.

ഒരു സഹകരണ ബാങ്കിലെ ശതകോടികള്‍ വെട്ടിവിഴുങ്ങുന്നതിനെപ്പറ്റി വര്‍ഷങ്ങള്‍ക്കു മുമ്പു മുതല്‍ അറിവുണ്ടായിട്ടും അത്‌ മൂടി വെച്ചിട്ട്‌ ഇപ്പോള്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കും എന്ന്‌ പറയുന്നതില്‍ എന്താണര്‍ഥം. കൈ പൊള്ളും എന്ന്‌ വെച്ചാണോ അറിവുള്ള നേതാക്കളും നിശ്ശബ്ദരായി നിന്നത്‌. നിങ്ങള്‍ ചെയ്യുന്ന കുറ്റം യഥാര്‍ഥത്തില്‍ വലിയ ആഴമുള്ളതാണ്‌. അടുത്ത കാലത്ത്‌ സി.പി.എം. നേരിടുന്ന പ്രധാന പ്രശ്‌നം അതിന്റെ ജനകീയ-അധികാര അടിത്തറ വിപുലമായപ്പോള്‍ നേരത്തെ കോണ്‍ഗ്രസിലും ഇപ്പോള്‍ ബി.ജെ.പി.യിലും ഉണ്ടായ മാതിരിയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങള്‍ നേതാക്കളുടെ മക്കള്‍ മുതല്‍ താഴേക്കിങ്ങോട്ട്‌ പലരും മാന്യമായി നടത്തുന്നു എന്നതാണ്‌. ഇത്‌ അവസാനിപ്പിക്കാനുള്ള മാര്‍ഗം പൊതുസമൂഹത്തില്‍ വെളിപ്പെടുമ്പോള്‍ മാത്രം ചവിട്ടിപ്പുറത്താക്കലല്ല, പകരം അപായ സൂചനകള്‍ കിട്ടുമ്പോള്‍ തന്നെ തടയലും നടപടിയെടുത്ത്‌ സമൂഹത്തിന്റെ മുന്നില്‍ പരസ്യപ്പെടുത്തലുമാണ്‌…ആ സംസ്‌കാരമാണ്‌ സി.പി.എമ്മിനെ വ്യത്യസ്‌തമാക്കേണ്ടത്‌.

എക്‌സപോസ്‌ ചെയ്യപ്പെടുമ്പോള്‍ മാത്രം തള്ളിപ്പറയുന്ന ഇപ്പോഴത്തെ നയം നിങ്ങള്‍ എന്നാണ്‌ അവസാനിപ്പിക്കുക…ഇപ്പോഴത്തേത്‌ വെറും എസ്‌കേപ്പിസമായിട്ടേ കാണാനാവൂ.

Spread the love
English Summary: why cpm delaying to say no to financial malpractices?

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick