Categories
kerala

കൊടകര ‘കുഴല്‍പ്പണ’ കേസ്‌ ചായക്കോപ്പയിലെ കൊടുങ്കാറ്റായി മാറുന്നു…

കൊടകര കുഴല്‍പ്പണക്കേസില്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡണ്ട്‌ കെ.സുരേന്ദ്രനെ വിട്ടയച്ചതോടെ അന്വേഷണസംഘത്തിന്റെ എല്ലാ ചലനങ്ങളും അവസാനിച്ചതു പോലെയാണ്‌. കൊടകരയില്‍ നിന്നും ഒരു സംഘം തട്ടിയെടുത്ത മൂന്നര കോടി രൂപ യഥാര്‍ഥത്തില്‍ കള്ളപ്പണമാണോ എന്നും പോലും തീര്‍ച്ചയാക്കാന്‍ ഇതുവരെ ഒരു തെളിവും സംഘടിപ്പിക്കാന്‍ അന്വേഷകര്‍ക്ക്‌ ആയിട്ടില്ല. ബി.ജെ.പി. പ്രസിഡണ്ട്‌ ധര്‍മരാജനെ വിളിച്ചു എന്നത്‌ എന്തോ വലിയ തെളിവായി മാധ്യമങ്ങളുടെ മുന്നില്‍ പൊക്കിപ്പിടിക്കുന്ന അന്വേഷക സംഘം കണ്ണടച്ച്‌ ഇരുട്ടാക്കുകയാണ്‌ എന്ന വിമര്‍ശനം ഉയര്‍ന്നിരിക്കുന്നു. ധര്‍മരാജന്‌ പണം എവിടെ നിന്നും കിട്ടി, പണത്തിന്റെ ഉറവിടം എവിടെയാണ്‌, അത്‌ കള്ളപ്പണമാണോ അതോ കൃത്യമായി കണക്കുള്ളതാണോ എന്നൊന്നും സ്ഥിരീകരിക്കാന്‍ പൊലീസിന്‌ ഇതുവരെ കഴിഞ്ഞിട്ടില്ല. 22 പേരെ അറസ്റ്റ്‌ ചെയ്‌ത കേസില്‍ ആകെ കണ്ടെടുത്തത്‌ ഒരു കോടി 45 ലക്ഷം രൂപയാണ്‌. ബാക്കി പണം ആരു കൊണ്ടുപോയി, ആരുടെ കയ്യിലെത്തി എന്നതിന്‌ ഒരു തെളിവും കിട്ടിയതായി സൂചനയില്ല. ബി.ജെ.പി.ക്ക്‌ തിരഞ്ഞെടുപ്പിനായി കൊണ്ടു വന്ന പണമാണെന്ന്‌ പൊലീസ്‌ ആദ്യം പറഞ്ഞു. എന്നാല്‍ ബി.ജെ.പി. നേതൃത്വം ഇത്‌ നിഷേധിച്ചു. ബി.ജെ.പി.യുമായി പണത്തിന്‌ ബന്ധമില്ല എന്ന നിലപാടാണ്‌ പാര്‍ടി എടുത്തിരിക്കുന്നത്‌. അത്‌ തെറ്റാണെന്ന്‌ തെളിയിക്കാനുള്ള ഒരു തെളിവും അന്വേഷകര്‍ക്ക്‌ കിട്ടിയിട്ടില്ല. അതു കൊണ്ടു തന്നെ കെ.സുരേന്ദ്രനെ ഉള്‍പ്പെടെ ബി.ജെ.പി. നേതാക്കളെ ചോദ്യം ചെയ്‌ത വിട്ടയക്കേണ്ടിയും വന്നു.

ചുരുക്കത്തില്‍ കൊടകര കുഴല്‍പ്പണക്കേസ്‌ എന്നു പോലും ഉറപ്പിച്ചു പറയാന്‍ തക്ക തെളിവൊന്നും കിട്ടാതെ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കേണ്ട സാഹചര്യത്തിലാണ്‌ അന്വേഷക സംഘം. കെ.സുരേന്ദ്രനെ ചോദ്യം ചെയ്യലായിരുന്നു ഇതുവരെയുള്ള സസ്‌പെന്‍സ്‌. അതും അവസാനിച്ചതോടെ ഇനി എങ്ങോട്ടു നീങ്ങണം എന്നതും വ്യക്തമാക്കിയില്ല. ഫലത്തില്‍ അന്വേഷണം വഴിമുട്ടി എന്ന സൂചനയാണ്‌ ലഭിക്കുന്നത്‌.
ബി.ജെ.പി.യെ കുറച്ചു കാലം താറടിച്ചു കാണിക്കുകയും രാഷ്ട്രീയമായി തേജേവധം നടത്തുകയും ചെയ്യുക എന്നതിലപ്പുറം കൊടകര പണം കവര്‍ച്ചക്കേസ്‌ കൊണ്ട്‌ എന്ത്‌ കാര്യമാണുണ്ടായത്‌ എന്ന്‌ ചോദ്യം ഉയരുന്നുണ്ട്‌. കവര്‍ച്ചക്കേസിലെ കുറേ പ്രതികളെയാണ്‌ പിടിച്ചത്‌. ഇത്‌ ഒരു കവര്‍ച്ചക്കേസായി മാത്രം കൈകാര്യം ചെയ്യാനുള്ള തെളിവ്‌ മാത്രമേ ഇപ്പോള്‍ കിട്ടിയിട്ടുമുള്ളൂ. ബി.ജെ.പി.യുടെ അനധികൃത പണമിടപാട്‌ ആണെന്ന്‌ സ്ഥാപിക്കാനായിട്ടില്ല. കള്ളപ്പണമാണോ എന്നും സ്ഥാപിക്കാനായിട്ടില്ല. മൂന്നര കോടി രൂപ ഉണ്ടെന്നു പറയുന്നതല്ലാതെ അതിന്റെ പാതിയേ കണ്ടെടുക്കാനും കഴിഞ്ഞിട്ടുള്ളൂ.
മാസങ്ങളായി മാധ്യമങ്ങളുടെ താളുകളില്‍ നിറഞ്ഞ കഥകള്‍ക്കപ്പുറത്ത്‌ ഒടുവില്‍ എന്താണ്‌ ഈ കേസിലെ കാമ്പുള്ള കണ്ടെത്തല്‍ എന്ന്‌ അന്വേഷിക്കുമ്പോള്‍ ഒരു പാട്‌ പുക മാത്രമാണ്‌ അന്തരീക്ഷത്തിലുള്ളത്‌. കേസിലെ മുഖ്യമായ അന്വേഷണത്തിന്റെ മര്‍മ്മം സ്ഥാപിക്കാനുതകുന്ന തെളിവൊന്നും കിട്ടാതെ ഇതൊരു ചായക്കോപ്പയിലെ കൊടുങ്കാറ്റായി മാറുകയാണ്‌.

Spread the love
English Summary: KOAKARA CASE N A PATHETC END

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick