• Home
  • latest news
  • പുലിറ്റ്‌സര്‍ ജേതാവായ ഇന്ത്യന്‍ ഫോട്ടോ ജേര്‍ണലിസ്‌റ്റ്‌ അഫ്‌ഗാനില്‍ താലിബാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു, മുംബൈ സ്വദേശിയാണ്‌ ഡാനിഷ്‌

പുലിറ്റ്‌സര്‍ ജേതാവായ ഇന്ത്യന്‍ ഫോട്ടോ ജേര്‍ണലിസ്‌റ്റ്‌ അഫ്‌ഗാനില്‍ താലിബാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു, മുംബൈ സ്വദേശിയാണ്‌ ഡാനിഷ്‌

അഫ്‌ഗാനിസ്ഥാനിലെ താലിബാന്‍ ശക്തികേന്ദ്രമായ കാണ്ടഹാറില്‍ താലിബാന്‍ ആക്രമണത്തില്‍ റോയിട്ടേഴ്‌സിന്റെ ഫോട്ടോഗാഫര്‍ ആയ ഇന്ത്യന്‍ ഫോട്ടോ ജേര്‍ണലിസ്‌റ്റ്‌ ഡാനിഷ്‌ സിദ്ദിഖി കൊല്ലപ്പെട്ടു. അഫ്‌ഗാന്‍ സുരക്ഷാസേനയുമായി ചേര്‍ന്ന്‌ നീങ്ങുകയായിരുന്നു ഡാനിഷിനെ താലിബാന്‍ ആക്രമിക്കുകയാണുണ്ടായതെന്നാണ്‌ പ്രാഥമിക വിവരം. മാധ്യമപ്രവര്‍ത്തകര്‍ക്കായുള്ള ലോക പ്രശസ്‌തമായ പുലിറ്റ്‌സര്‍ സമ്മാനം 2018-ല്‍ നേടിയ വ്യക്തിയാണ്‌ ഡാനിഷ്‌. മുംബൈ സ്വദേശിയാണ്‌ ഡാനിഷ്‌.

ദിവസങ്ങളായി ഡാനിഷ്‌ അഫ്‌ഗാനില്‍ സംഘര്‍ഷമേഖലയില്‍ ജോലി ചെയ്‌തു വരികയായിരുന്നു. അഫ്‌ഗാന്‍ സുരക്ഷാസേനയ്‌ക്കൊപ്പമായിരുന്നു സഞ്ചാരം. മൂന്നു ദിവസം മുമ്പ്‌ ഡാനിഷ്‌ ഇത്‌ ട്വീറ്റ്‌ ചെയ്യുകയുണ്ടായി. ഡാനിഷിനൊപ്പം സുരക്ഷാസേനയുടെ ഒരു കമന്‍ഡറും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്‌.

റോഹിങ്‌ഗ്യ അഭയാര്‍ഥികളുടെ കവറേജിനാണ്‌ ഡാനിഷിന്‌ പുലിറ്റ്‌സര്‍ ലഭിച്ചത്‌. 2010-ല്‍ റോയിട്ടേഴ്‌സില്‍ ചേര്‍ന്നു. താലിബാന്‍ പിടിച്ചെടുത്തിരിക്കുന്ന കാണ്ടഹാറില്‍ കഴിഞ്ഞ ദിവസമാണ്‌ ഡാനിഷ്‌ എത്തിയത്‌. അവിടെ അഫ്‌ഗാന്‍ സുരക്ഷാസേനയും താലിബാനും തമ്മില്‍ കനത്ത ഏറ്റുമുട്ടല്‍ നടന്നുവരികയാണ്‌.

ഡാനിഷ്‌ കൊല്ലപ്പെട്ടതിന്റെ വീഡിയോ ദൃശ്യത്തില്‍ നിന്ന്‌

വെല്ലുവിളികള്‍ ഏറ്റെടുക്കുന്നതില്‍ ആവേശഭരിതനായ ജേര്‍ണലിസ്റ്റായിരുന്നു ഡാനിഷ്‌. അതു കൊണ്ടുതന്നെയാണ്‌ അതീവ പ്രശ്‌നബാധിത മേഖലയില്‍ സധൈര്യം പോകാനും ജോലി ചെയ്യാനും ഡാനിഷ്‌ താല്‍പര്യം ഏറെ കാട്ടിയത്‌. കാണ്ടഹാറില്‍ എത്തിയ വിവരം 13-ാം തിയത്‌ ഡാനിഷ്‌ ട്വീറ്റ്‌ ചെയ്‌തിരുന്നു.

ഡാനിഷ്‌ പകര്‍ത്തിയ ഫോട്ടോ

ജാമിയ മിലിയ സര്‍വ്വകലാശാലയില്‍ നിന്നും സാമ്പത്തികശാസ്‌ത്രത്തില്‍ ബിരുദവും മാസ്സ്‌ കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര യോഗ്യതയും നേടിയ ഡാനിഷ്‌ അടുത്തിടെ പകര്‍ത്തിയ കൊവിഡ്‌ ബാധിച്ചു മരിച്ചവരെ കൂട്ടമായി സംസ്‌കരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ലോക ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

പുലിറ്റ്‌സര്‍ ജേതാവായ ഇന്ത്യന്‍ ഫോട്ടോ ജേര്‍ണലിസ്‌റ്റ്‌ അഫ്‌ഗാനില്‍ താലിബാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു, മുംബൈ സ്വദേശിയാണ്‌ ഡാനിഷ്‌ - The Political Editor