• Home
  • kerala
  • മൂന്ന്‌ ഓണക്കാലത്തെ കച്ചവടം പോയെന്ന്‌ വ്യാപാരികള്‍, ഭീഷണിസ്വരമല്ല ഉണ്ടായതെന്ന്‌ മുഖ്യമന്ത്രിയും, ചര്‍ച്ച ശുഭം, സമരം നിര്‍ത്തി

മൂന്ന്‌ ഓണക്കാലത്തെ കച്ചവടം പോയെന്ന്‌ വ്യാപാരികള്‍, ഭീഷണിസ്വരമല്ല ഉണ്ടായതെന്ന്‌ മുഖ്യമന്ത്രിയും, ചര്‍ച്ച ശുഭം, സമരം നിര്‍ത്തി

വ്യാപാരി വ്യവസായി ഏകോപനസമിതി ഭാരവാഹികളും മുഖ്യമന്ത്രിയും മുഖാമുഖം കണ്ടപ്പോള്‍ പ്രതിഷേധത്തിന്റെ മഞ്ഞുരുകി. ചര്‍ച്ചയില്‍ പൂര്‍ണ തൃപ്‌തിയുണ്ടെന്ന്‌ സംഘടനയും വ്യാപാരികളോട്‌ അനുഭാവമെന്ന്‌ മുഖ്യമന്ത്രിയും പ്രഖ്യാപിച്ചതോടെ എല്ലാം ശുഭം.
താന്‍ ഡല്‍ഹിയില്‍ വെച്ച്‌ നടത്തിയ പ്രതികരണം യഥാര്‍ഥത്തില്‍ ഭീഷണിയുടെ രൂപത്തിലല്ലായിരുന്നെന്ന്‌ പിണറായി വിജയന്‍ പറഞ്ഞതോടെ സംഘടനാ ഭാരവാഹികളും അയഞ്ഞു. ലോകഡൗണ്‍ നിയമം ലംഘിക്കാന്‍ തങ്ങള്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും പ്രതിഷേധം പ്രകടിപ്പിക്കുക മാത്രമായിരുന്നു ആ കട തുറക്കല്‍ പ്രഖ്യാപനത്തിന്റെ ലക്ഷ്യമെന്നും അവരും പറഞ്ഞൊഴിഞ്ഞു.
പ്രളയവും മഹാമാരിയുമൊക്കെയായി മൂന്ന്‌ ഓണക്കാലമാണ്‌ തങ്ങള്‍ക്ക്‌ നഷ്ടപ്പെട്ടതെന്ന്‌ വ്യാപാരികള്‍ പറഞ്ഞു. ഓണക്കാലമാണ്‌ നന്നായി വല്ല കച്ചവടവും കിട്ടുന്ന കാലം. അതിനാല്‍ ഓണം വരെ തടസ്സമില്ലാതെ കച്ചവടം നടത്താന്‍ സാഹചര്യമൊരുക്കണമെന്ന്‌ വ്യാപാരികള്‍ ആവശ്യപ്പെട്ടു. സമരം നടത്താന്‍ തങ്ങള്‍ ഉദ്ദേശിക്കുന്നില്ലെന്നും വ്യക്തമാക്കി. കടകൾ തുറക്കുന്നതും പ്രവർത്തിക്കാനുള്ള സമയപരിധിയും പൊലീസുകാരുടെ ഇടപെടലും ഉദ്യോഗസ്ഥ പീഡനവും അടക്കമുള്ള കാര്യങ്ങൾ ചർച്ചയായി. പൊലീസ് റജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുന്ന കാര്യം പരിഗണിക്കാമെന്നു മുഖ്യമന്ത്രി പറഞ്ഞു. വൈദ്യുതി ചാർജ് വർധന, വ്യാപാരി ക്ഷേമ നിധിയിലെ നഷ്ടപരിഹാരം തരുന്നത്, ജിഎസ്ടിയിലെ അപാകത തുടങ്ങിയ കാര്യങ്ങളും ചർച്ചയായി.

Leave a Reply

Your email address will not be published. Required fields are marked *

മൂന്ന്‌ ഓണക്കാലത്തെ കച്ചവടം പോയെന്ന്‌ വ്യാപാരികള്‍, ഭീഷണിസ്വരമല്ല ഉണ്ടായതെന്ന്‌ മുഖ്യമന്ത്രിയും, ചര്‍ച്ച ശുഭം, സമരം നിര്‍ത്തി - The Political Editor