• Home
  • kerala
  • വ്യവസായ മന്ത്രിയുടെ വാക്കുകളോട്‌ പ്രതികരിക്കാതെ തെറ്റായ ആരോപണങ്ങള്‍ ആവര്‍ത്തിച്ച്‌ കിറ്റെക്‌സ്‌ സാബു

വ്യവസായ മന്ത്രിയുടെ വാക്കുകളോട്‌ പ്രതികരിക്കാതെ തെറ്റായ ആരോപണങ്ങള്‍ ആവര്‍ത്തിച്ച്‌ കിറ്റെക്‌സ്‌ സാബു

3500 കോടി രൂപയുടെ പുതിയ പദ്ധതി വേണ്ടെന്നു വെക്കുന്നതായി പ്രഖ്യാപിച്ചിട്ടും തന്നെ സര്‍ക്കാരില്‍ നിന്നും ആരും ഒന്നു വിളിച്ചുപോലുമില്ല എന്ന ആരോപണം ആവര്‍ത്തിച്ച്‌ കിറ്റെക്‌സ്‌ എം.ഡി. സാബു ജേക്കബ്‌ തെലങ്കാനയില്‍ വ്യവസായം തുടങ്ങാന്‍ ശ്രമം ആരംഭിച്ചിരിക്കുന്നു. വ്യവസായ മന്ത്രി പി.രാജീവ്‌ വാര്‍ത്താ സമ്മേളനം വിളിച്ച്‌ വ്യക്തമാക്കിയ വസ്‌തുതകള്‍ തമസ്‌കരിച്ചു കൊണ്ടുള്ള രാഷ്ട്രീയ പ്രസംഗമാണ്‌ സാബു ഇന്ന്‌ രാവിലെ വിമാനത്താവളത്തില്‍ പോലും മാധ്യമങ്ങളുടെ മുന്നില്‍ നടത്തിയത്‌. താന്‍ രണ്ടു തവണ സാബുവിനെ നേരിട്ട്‌ ഫോണില്‍ വിളിച്ചു എന്നും അദ്ദേഹത്തിനെ ഒരിക്കലും ഫോണില്‍ കിട്ടാതായപ്പോള്‍ സാബുവിന്റെ അനുജനെ വിളിച്ച്‌ സംസാരിച്ചിരുന്നു എന്നും വ്യവസായ മന്ത്രി പി.രാജീവ്‌ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയതിനോട്‌ സാബു ഇതുവരെ പ്രതികരിച്ചിട്ടില്ല. പകരം തന്നെ ആരും വിളിക്കാന്‍ തയ്യാറായില്ല എന്ന ആരോപണം ആവര്‍ത്തിച്ചിരിക്കയാണ്‌. പരിശോധനയുടെ പേരില്‍ തന്നെ മൃഗത്തെപ്പോലെ വേട്ടയാടി എന്നാരോപിക്കുമ്പോഴും കിറ്റെക്‌സിനെതിരെ യാതൊരു പരാതിയിലും ഒരു നടപടിയും എടുത്തിട്ടില്ല എന്ന വസ്‌തുതയോടും സാബു പ്രതികരിക്കാതെ ഒഴിഞ്ഞു മാറിയിരിക്കയാണ്‌. മാത്രമല്ല നാല്‌ യു.ഡി.എഫ്‌ എം.എല്‍.എ.മാര്‍ കേരള സര്‍ക്കാരിന്‌ നല്‍കിയ പരാതിയില്‍ പറയുന്ന കാര്യങ്ങളെ വിശദീകരിക്കാന്‍ സാബു തയ്യാറായിട്ടില്ല എന്നതും ശദ്ധേയം. സര്‍ക്കാരുമായി ബന്ധപ്പെട്ട്‌ പരാതിയുണ്ടെങ്കില്‍ അത്‌ ഒരിക്കല്‍ പോലും രേഖാമൂലമോ നേരിട്ടോ ഉന്നയിക്കുന്നതിനു മുമ്പേ സാമൂഹിക മാധ്യമങ്ങളും ടെലിവിഷന്‍ ചാനലുകളും ഉപയോഗിച്ച്‌ ഉന്നയിച്ചതിലെ അനൗചിത്യം വ്യവസായ മന്ത്രി ആവര്‍ത്തിക്കുന്നുണ്ടെങ്കിലും സാബു അതിനോടും പ്രതികരിച്ചിട്ടില്ല. തെലങ്കാന സര്‍ക്കാര്‍ ആരംഭിക്കുന്ന ടെക്‌സ്റ്റൈല്‍ പാര്‍ക്കില്‍ തന്റെ യൂണിറ്റ്‌ തുടങ്ങുന്നതിന്‌ സാബു തീരുമാനിച്ച ശേഷമാണ്‌ കേരളത്തെ ഇകഴ്‌ത്തിക്കാണിക്കുന്നത്‌ എന്ന വിമര്‍ശനവും ശക്തമാണ്‌.

Leave a Reply

Your email address will not be published. Required fields are marked *

വ്യവസായ മന്ത്രിയുടെ വാക്കുകളോട്‌ പ്രതികരിക്കാതെ തെറ്റായ ആരോപണങ്ങള്‍ ആവര്‍ത്തിച്ച്‌ കിറ്റെക്‌സ്‌ സാബു - The Political Editor