ആറ് തവണ ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന കോണ്‍ഗ്രസ് നേതാവ് വീര്‍ഭദ്രസിങ് (87) അന്തരിച്ചു. ദീര്‍ഘനാളായി രോഗബാധിതനായിരുന്നു. ഇന്ന് പുലര്‍ച്ചെ 3.40-ന് ഷിംല ഇന്ദിര ഗാന്ധി മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ടു മാസമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഗുരുതരമായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. വീരഭദ്രസിങിന് രണ്ടു തവണ കൊവിഡ് ബാധിക്കുകയുണ്ടായി. 1983-ലാണ് ഈ മുതിര്‍ന്ന നേതാവ് ആദ്യമായി മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്നത്. ഏറ്റവും അവസാനം 2012 മുതല്‍ 17 വരെയും. യു.പി.എ. സര്‍ക്കാരിലുള്‍പ്പെടെ മൂന്നു തവണ കേന്ദ്ര മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.













