മുന്‍ രാഷ്ട്രപതിയും ഇന്ത്യയിലെ പ്രമുഖനായ കോണ്‍ഗ്രസ് നേതാവുമായിരുന്ന പ്രശസ്‌തനായ ബംഗാളി പ്രണബ് കുമാര്‍ മുഖര്‍ജിയുടെ മകന്‍ അഭിജിത് മുഖര്‍ജി തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുന്നു. കോണ്‍ഗ്രസിന്റെ മുന്‍ എം.പി. കൂടിയാണ് അഭിജിത്. മമത ബാനര്‍ജിക്ക് സാമൂഹിക മാധ്യമങ്ങളില്‍ പിന്തുണയുമായി നേരത്തെ അഭിജിത് പ്രത്യക്ഷപ്പെട്ടപ്പോള്‍ തന്നെ ഈ കൂടുവിട്ടു കൂടുമാറല്‍ സംശയിക്കപ്പെട്ടിരുന്നു. വ്യാജ വാക്‌സിനേഷന്‍ സംഭവത്തില്‍ മമതയ്‌ക്ക് പിന്തുണയുമായി അഭിജിത് എത്തിയിരുന്നു.
മമതയുമായി ബന്ധം മെച്ചപ്പെടുത്താന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നതിനിടെയാണ് അഭിജിത്തിന്റെ തൃണമൂല്‍ പ്രവേശനം. തൃണമൂലിനെ തീവ്രമായി എതിര്‍ക്കുന്ന അധീര്‍ രഞ്‌ജന്‍ ചൗധരിയെ ലോക് സഭാ പ്രതിപക്ഷ നേതാവ് സ്ഥാനത്തു നിന്നും മാറ്റി മമതബാനര്‍ജിയെ സുഖിപ്പിക്കാനും ബന്ധം മിനുക്കാനും സോണിയ ഗാന്ധി ശ്രമിക്കുന്നു എന്ന് വാര്‍ത്തകള്‍ പ്രചരിക്കുന്ന സമയത്താണ് മുന്‍ കോണ്‍ഗ്രസ് നേതാവ് കൂടിയായ അഭിജിത്തിന്റെ കൂടുമാറ്റം.













