കൊടകര കുഴല്‍പ്പണക്കേസില്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെ ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം. ഒരു പാര്‍ടിയുടെ സംസ്ഥാന അധ്യക്ഷനെ പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്ന അസാധാരണ നടപടിയിലേക്കാണ് പൊലീസ് കടന്നിരിക്കുന്നത്. ചൊവ്വാഴ്‌ച രാവിലെ പത്തുമണിക്ക് തൃശ്ശൂര്‍ പൊലീസ് ക്ലബ്ബില്‍ ഹാജരാകാനുള്ള നോട്ടീസ് കോഴിക്കോട്ടെ സുരേന്ദ്രന്റെ വീട്ടിലെത്തിയാണ് പൊലീസ് കൈമാറിയത്.
കേസിലെ മുഖ്യപ്രതി ധര്‍മരാജനുമായി സുരേന്ദ്രന്‍ ഫോണില്‍ സംസാരിച്ചിട്ടുണ്ട് എന്നത് മുന്‍നിര്‍ത്തിയാണ് ചോദ്യം ചെയ്യാന്‍ സുരേന്ദ്രനെയും വിളിപ്പിക്കുന്നത്.
എന്നാല്‍ ചൊവ്വാഴ്‌ച സുരേന്ദ്രന്‍ ഹാജരാകാനിടയില്ലെന്നാണ് അടുത്ത വൃത്തങ്ങളില്‍ നിന്നും കിട്ടുന്ന വിവരം. മാത്രമല്ല, തന്നെ ഈ കേസില്‍ അനാവശ്യമായി പെടുത്തുന്നു എന്ന് ആരോപിച്ച് നിയമനടപടിക്കും സുരേന്ദ്രന്‍ ആലോചിക്കുന്നുണ്ട് എന്നാണ് സൂചന.













