Categories
kerala

മറ്റ് ഗാനരചയിതാക്കളുടെ പേരിൽ അറിയപ്പെട്ട പൂവച്ചൽ പാട്ടുകൾ !

ഒരുവർഷം മുൻപാണ് ‘നീയെന്റെ പ്രാർത്ഥന കേട്ടൂ ‘എന്ന ഗാനം ചർച്ചചെയ്യപ്പെട്ടത് .ആ ഗാനം പാടിയ മേരി ഷൈല എന്ന ഗായികയെ കുറിച്ച് രവിമേനോൻ എഴുതിയ ലേഖനമാണ് ആ ഗാനവും ഗായികയും ലൈം ലൈറ്റിൽ വരാനുണ്ടായകാരണം.ക്രിസ്ത്യൻ പള്ളികളിൽ ദേശീയഗാനംപോലെ പാടിക്കൊണ്ടിരുന്ന ആ പാട്ട് മിക്കവാറും ആളുകൾ കേട്ടത് ദലീമയുടെ ശബ്ദത്തിലായിരുന്നു. യഥാർത്ഥ ഗായികയെ കുറിച്ചറിഞ്ഞപ്പോൾ ആസ്വാദകർക്ക് അത്ഭുതമായി.പീറ്റർ-റൂബൻ എന്ന ആദ്യത്തെ ദ്വന്ദ്വസംഗീതസംവിധായകരെ കുറിച്ചും ആളുകൾ അത്ഭുതം കൂറി.

പക്ഷേ അവിടെയും പലരും ശ്രദ്ധിക്കാതെ പോയ ഒരു പേരുണ്ടായിരുന്നു….പൂവച്ചൽ ഖാദർ,ഗാനരചയിതാവ്!!.
മലയാളി പൊളിയല്ലേ..അതേ പൊളിയാണ്, വ്യക്തികൾക്ക് അർഹിക്കുന്ന പരിഗണന നൽകാനുള്ള വിമുഖതയുടെ കാര്യത്തിലും മലയാളി പൊളിയാണ്.മറ്റൊരു അനുഭവം,നിറഞ്ഞസദസ്സിനുമുന്നിൽ അവതാരകൻ പാട്ടിനെ കുറിച്ച് വാചാലനാകുന്നു.”കൈതപ്രത്തിന്റെ ഭാവസുന്ദരമായ വരികൾക്ക് ജോൺസൺ മാസ്റ്റർ സംഗീതസംവിധാനം നിർവഹിച്ച ദശരഥത്തിലെ മന്ദാരച്ചെപ്പുണ്ടോ എന്നഗാനം വേദിയിൽ ആലപിക്കുന്നു….”

thepoliticaleditor

സദസ്സിൽ ചിലരെങ്കിലും സംശയിച്ചിരിക്കാം ഈ പാട്ട് കൈതപ്രം എഴുതിയതാണോ? പക്ഷേ കൈതപ്രം ജോൺസൻ കൂട്ടുകെട്ടിലാണല്ലോ 90കൾ അറിയപ്പെടുന്നത്.ഈ പാട്ടും കൈതപ്രത്തിന്റേതാകാം ആവും!!.പൂവച്ചലിന്റെ ഈ ദുര്യോഗത്തിന് അദ്ദേഹത്തിൻറെ പാട്ടെഴുത്തുകാലത്തിന്റെയത്രതന്നെ പഴക്കമുണ്ട്.

ശരറാന്തൽ തിരി താണു മുകിലിൽ കുടിലിൽ മൂവന്തിപെണ്ണുറങ്ങാൻ കിടന്നു ‘വയലാറിന്റെ വരികളുടെ വശ്യത’ എന്നും, രാവിനിന്നൊരു പെണ്ണിന്റെ നാണം ‘ഭാസ്കരൻമാഷ്‌ടെ വരികളിലെ ഗ്രാമീണ സൗന്ദര്യം’ എന്നും, നാഥാ നീവരും കാലൊച്ച കേൾക്കുവാൻ ‘എന്താ പ്രണയം…ഓ എൻ വിയെ സമ്മതിക്കണം’ എന്നും നമ്മൾ അതിശയപ്പെട്ടു . പലപ്പോഴും പൂവച്ചൽ ഖാദറിന്റെ പാട്ടുകൾ മറ്റ് ഗാനരചയിതാക്കളുടെ പേരിൽ അറിയപ്പെട്ടു.

വയലാർ പി ഭാസ്കരൻ ഓ എൻ വി ത്രയത്തിന്റെ സുവർണ്ണകാലത്താണ് പൂവച്ചൽ ഖാദറും ചലച്ചിത്ര ഗാനരചനാ രംഗത്തേക്ക് വരുന്നത്.സ്വാഭാവികമായും അവരുടെ രചനകളായി പൂവച്ചലിന്റെയും പാട്ടുകൾ മുദ്രകുത്തപ്പെട്ടു.മാത്യു അർണോൾഡിന്റെ ടച്ച് സ്റ്റോൺ തിയറി ചലച്ചിത്രഗാന രചനാ രംഗത്ത് ഏറ്റവും കൂടുതൽ പ്രയോഗിക്കപ്പെട്ടവരിൽ ഒരാൾ പൂവച്ചലാണ് മറ്റേത് ശ്രീകുമാരൻ തമ്പിയും.

ന്യൂ ജനറേഷനിലെ വലിച്ചുനീട്ടിപ്പാട്ടുകാർ കവർസോങ് ചെയ്യുമ്പോൾ ടൈറ്റിലിൽ ക്രെഡിറ്റ് കൊടുക്കാതിരിക്കുന്ന നീതികേടും ഒരുപക്ഷേ അദ്ദേഹത്തിന് മാത്രമുള്ളതായിരിക്കാം പൂവച്ചൽ ഖാദർ -ശ്യാം,എ ടി ഉമ്മർ,ജോൺസൻ,,രവീന്ദ്രൻ ,രഘുകുമാർ,എം ജി രാധാകൃഷ്ണൻ എന്നീ കോമ്പിനേഷൻ 80കളിലും 90കളിലും ഒട്ടേറെ ഹിറ്റുഗാനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.

എന്നിട്ടും ലഭിച്ച പുരസ്‌കാരങ്ങളുടെ എണ്ണം വളരെ കുറവാണ്. കൈതപ്രത്തിനും ഗിരീഷ് പുത്തഞ്ചേരിക്കും ലഭിച്ച മാധ്യമശ്രദ്ധ ഒരിക്കൽ പോലും അദ്ദേഹത്തിന് ലഭിച്ചിട്ടില്ല.പി ആർ വർക്കുകളിൽ അഭിരമിക്കാത്തതും കോക്കസ്സുകളുടെ ഭാഗമാവാൻ താല്പര്യമില്ലാതിരുന്നതും ഒരു പക്ഷെ കാരണമാകാം.

എങ്കിലും ജയദേവ കവിയുടെ ഗീതികൾ,മൃദുലേ ഇതാ,നിന്നെയെൻ സ്വന്തമാക്കും ഞാൻ,പൊൻവീണേ,ഋതുമതിയായ് തെളിമാനം,ഹൃദയം ഒരുവീണയായ്, സ്വയംവരത്തിനു പന്തലൊരുക്കി,ഹൃദയംഒരുവല്ലകി,ഏതോജന്മകല്പടവിൽ,മനസ്സിന്റെമോഹം,വാസരം തുടങ്ങി,പൂമാനമേ… പാട്ടുകളിൽ ഒരു വസന്തം തന്നെയായിരുന്നു പൂവച്ചൽ ഖാദർ.

Spread the love
English Summary: LOVE FILLED SONGS OF POOVACHAL KHADAR MISUNDERSTOOD AS OTHERS WORKS

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick