Categories
latest news

ജസ്റ്റിസ് അശോക് ഭൂഷണ്‍ അവസാനമായി വിധിച്ചു, കൊവിഡിനിരയായ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നിഷേധിച്ച ആനുകൂല്യം

ജസ്റ്റിസ് അശോക് ഭൂഷണ്‍ ജൂലായ് നാലിന് വിരമിക്കുകയാണ്. അദ്ദേഹം തന്റെ അവസാന പ്രവൃത്തിദിനമായ ഇന്ന് പുറപ്പെടുവിച്ച ഒരു വിധി ഈ മഹാമാരിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നീതിയായി നാളെ തീര്‍ച്ചയായും വിലയിരുത്തും. ഭരണകൂടത്തിന്റെ തണലില്‍ ജീവന്‍ സംരക്ഷിക്കാനാവാതെ കൊവിഡിന് ഇരയായിത്തീര്‍ന്ന വ്യക്തികളുടെ നിസ്സഹായരായ കുടുംബങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണം എന്ന ചരിത്രപ്രധാനമായ വിധി. മരിച്ചവരുടെ കാര്യത്തില്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ല, ഒരു സഹായവും ചെയ്യാനാവില്ല എന്നു പറഞ്ഞ് ഭരണകൂടം നിര്‍ദ്ദയം കയ്യൊഴിഞ്ഞപ്പോള്‍ അത് തിരുത്തിയ വിധി. അശോക് ഭൂഷണും എം.ആര്‍.ഷായും ഉള്‍പ്പെട്ട ബെഞ്ച് ആണ് ഇന്ന് ആ തിരുത്തല്‍ വിധിച്ചത്.
കൊവിഡ് പ്രതിരോധത്തില്‍ ഏറ്റവും പ്രധാനമായ സാര്‍വ്വത്രികവും സൗജന്യവുമായ വാക്‌സിനേഷനില്‍ നിന്നും പിന്‍മാറിയ കേന്ദ്രസര്‍ക്കാരിനെ തിരുത്താന്‍ നിര്‍ബന്ധിതമാക്കിയത് സുപ്രീംകോടതിയുടെ ശക്തമായ നിലപാട് മാത്രമായിരുന്നു. എതിര്‍വിധി വരും എന്നായപ്പോള്‍ തിടുക്കത്തില്‍ മോദിഭരണകൂടം തീരുമാനം തിരുത്തി. എന്നാല്‍ കൊവിഡില്‍ കേന്ദ്രസര്‍ക്കാരിന് മാനവികമായ സമീപനം ഇല്ലെന്ന് വീണ്ടും തെളിയിക്കുന്നതായിരുന്നു മരിച്ച ജനലക്ഷങ്ങള്‍ക്ക് ഒരു രൂപ പോലും നഷ്ടപരിഹാരമായി നല്‍കാനാവില്ലെന്ന നിലപാട്. ആ തീരുമാനമാണ് അശോക ഭൂഷണ്‍ തിരുത്തിയത്. പണം മാത്രമല്ല, ചികില്‍സയും നഷ്ടപരിഹാരമായി കാണണമെന്ന സര്‍ക്കാരിന്റെ തന്ത്രപരമായ നിര്‍ദ്ദേശം പോലും തള്ളി നഷ്ടപരിഹാരം പണമായി നല്‍കണമെന്ന വിധി എല്ലാ തരത്തിലും ലക്ഷക്കണക്കിന് നിരാലംബരായ കുടുംബങ്ങള്‍ക്ക് വലിയ ആശ്വാസമാണ്.
കൊവിഡ് കാലത്തെ ജസ്റ്റിസ് അശോക് ഭൂഷണ്‍-ന്റെ ഇടപെടല്‍ ഇതിലൊതുങ്ങി നില്‍ക്കുന്നതല്ല. സാമൂഹിക അടുക്കള, റേഷന്‍ സാധനങ്ങള്‍ നല്‍കല്‍, അതിഥി തൊഴിലാളികള്‍ക്കായുള്ള ഭക്ഷ്യസുരക്ഷ ഉറപ്പാക്കല്‍ ഇവയിലൊക്കെ ഈ ന്യായാധിപന്‍ ജനപക്ഷത്തും അവരുടെ ദുരിതപക്ഷത്തും നിന്നുകൊണ്ടുള്ള നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിനോട് പുറപ്പെടുവിക്കുകയുണ്ടായി.

Spread the love
English Summary: ജസ്റ്റിസ് അശോക് ഭൂഷണ്‍ അവസാനമായി വിധിച്ചു, കൊവിഡിനിരയായ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നിഷേധിച്ച ആനുകൂല്യം

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick