• Home
  • kerala
  • സ്ത്രീധനം പോരാ, കാര്‍ കൊള്ളില്ല… യുവതിയുടെ മരണം നിരന്തര പീഢനത്തിനൊടുവില്‍, ഭര്‍ത്താവ് ഒളിവില്‍

സ്ത്രീധനം പോരാ, കാര്‍ കൊള്ളില്ല… യുവതിയുടെ മരണം നിരന്തര പീഢനത്തിനൊടുവില്‍, ഭര്‍ത്താവ് ഒളിവില്‍

മരിക്കുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പ് ആ യുവതി വാട്‌സ് ആപില്‍ സഹോദരന് ഉള്‍പ്പെടെ അയച്ചുകൊടുത്ത ചിത്രങ്ങളും സന്ദേശങ്ങളും വായിക്കുന്ന ആരുടെയും കണ്ണ് നനയാതിരിക്കില്ല, ഭര്‍ത്താവ് നിരന്തരം നടത്തി വന്ന ക്രൂരമായ പീഢനങ്ങള്‍ക്കൊടുവില്‍ കയര്‍ത്തുമ്പില്‍ പിടഞ്ഞു തീര്‍ന്ന ജീവിതം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ നിരവധിയാണ്. കൊല്ലം ജില്ലയിലെ നിലമേല്‍ കൈതോട് സ്വദേശി വിസ്മയയെ ശൂരനാട്ടെ ഭര്‍ത്തൃവീട്ടില്‍ ഇന്ന് പുലര്‍ച്ചെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതിനു പിന്നാലെ ഭര്‍ത്താവിന്റൈ ക്രൂര പീഢനങ്ങളുടെ തെളിവുകള്‍ പുറത്തുവന്നിരിക്കയാണ്. ഭര്‍ത്താവ് കിരണ്‍കുമാര്‍ ഒളിവിലാണ്.

വിസ്മയ വാട്‌സ് ആപില്‍ പങ്കുവെച്ച ചിത്രങ്ങളില്‍ ഒന്ന്. മര്‍ദ്ദനമേറ്റതിന്റെ പല ദൃശ്യങ്ങള്‍ വാട്‌സ് ആപില്‍ ഉണ്ട്‌

ഒരു വർഷം മുൻപായിരുന്നു മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ കിരൺ കുമാറും വിസ്മയയും തമ്മിലുള്ള വിവാഹം നടന്നത്. സ്ത്രീധനത്തിന്റെ പേരും പറഞ്ഞ് ഭർതൃവീട്ടുകാർ വിസ്മയയെ ഉപദ്രവിച്ചിരുന്നതായി ബന്ധുക്കൾ ആരോപിച്ചു. ചില പ്രശ്‌നങ്ങൾ ഉണ്ടായതിനെ തുടർന്ന് വിസ്മയ അടുത്തിടെ സ്വന്തം വീട്ടിലേക്ക് വരികയും ചെയ്തു. പിന്നീട് ഒത്തുതീർപ്പാക്കി തിരിച്ചുപോയി. വിവാഹസമയത്ത് സ്ത്രീധനമായി നൽകിയ കാർ കൊള്ളില്ലെന്ന് പറഞ്ഞ് കിരൺ ഇന്നലെ വിസ്മയയെ മർദ്ദിച്ചിരുന്നു.

ഭര്‍ത്താവ് കിരണ്‍കുമാര്‍

കൂടാതെ യുവതിയുടെ പിതാവിനെപ്പോലും അസഭ്യം പറഞ്ഞു. കാറിന്റെ കണ്ണാടി പൊട്ടിക്കുകയും ചെയ്തിരുന്നു. മർദ്ദനമേറ്റതിന്റെ ചിത്രങ്ങൾ വിസ്മയ സഹോദരന് അയച്ചുകൊടുത്തിരുന്നു. ഈ വാട്‌സാപ്പ് ചാറ്റ് പുറത്തുവന്നിട്ടുണ്ട്. സന്ദേശം കിട്ടി മണിക്കൂറുകൾക്കകം ബന്ധുക്കൾ കേൾക്കുന്നത് വിസ്മയ മരിച്ചുവെന്ന വാർത്തയാണ്. വിവരമറിഞ്ഞ് കിരണിന്റെ വീട്ടിലെത്തുമ്പോഴേക്ക് മൃതദേഹം അവിടെ നിന്ന് മാറ്റിയതായും മാതാപിതാക്കൾ ആരോപിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

സ്ത്രീധനം പോരാ, കാര്‍ കൊള്ളില്ല… യുവതിയുടെ മരണം നിരന്തര പീഢനത്തിനൊടുവില്‍, ഭര്‍ത്താവ് ഒളിവില്‍ - The Political Editor