• Home
  • kerala
  • എന്റെ മക്കളെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടയാളാണ് കെ.സുധാകരന്‍, മോഹം കൊണ്ടൊന്നും വിജയനെ വീഴ്ത്താന്‍ കഴിയില്ല–ഗുരുതര ആരോപണവുമായി പിണറായി

എന്റെ മക്കളെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടയാളാണ് കെ.സുധാകരന്‍, മോഹം കൊണ്ടൊന്നും വിജയനെ വീഴ്ത്താന്‍ കഴിയില്ല–ഗുരുതര ആരോപണവുമായി പിണറായി

പിണറായി വിജയനെ ബ്രണ്ണന്‍ കോളേജിലെ പഠനകാലത്ത് താന്‍ ചവിട്ടി വീഴ്ത്തിയെന്ന് ഒരു വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ കെ.സുധാകരൻ നടത്തിയ വെളിപ്പെടുത്തലിനെതിരെ കനത്ത പ്രത്യാരോപണവും പരിഹാസവുമായി പിണറായി വിജയന്‍ ഇന്ന് രംഗത്തു വന്നു.
സുധാകരന്റേത് വസ്തുതാ വിരുദ്ധമായ ആരോപണമാണ്. തന്നെ ചവിട്ടി വീഴ്ത്തണമെന്നും മറ്റുമുള്ള വ്യാമോഹങ്ങളൊക്കെ സുധാകരനുണ്ടായിട്ടുണ്ടാകും. പക്ഷേ അത് സ്വപ്‌നാടനം മാത്രം. ഇങ്ങനെയൊക്കെ പൊങ്ങച്ചം പറയാമോ– മുഖ്യമന്ത്രി പരിഹസിച്ചു. ഒപ്പം സുധാകരന് നേരെ ചാട്ടുളി പോലെ ഗുരുതരമായ ഒരു ആരോപണവും ഉന്നയിച്ചു. തന്റെ മക്കളെ തട്ടിക്കൊണ്ടു പോകാൻ സുധാകരൻ പദ്ധതി ഇട്ടിരുന്നു എന്ന്. സുധാകരന്റെ രാഷ്ട്രീയ ജീവിതത്തിൽ വലിയ കളങ്കം ഉണ്ടാക്കാൻ പോകുന്ന ആരോപണമാണ് ഇന്ന് പിണറായി വിജയൻ തൊടുത്തു വിട്ടത്.

ഇതിനു നാളെ മറുപടി പറയുമെന്ന് സുധാകരനും പ്രതികരിച്ചിട്ടുണ്ട്. രംഗം കൊഴുക്കുകയാണ്.

കൃത്യമായി വര്‍ഷമോ കാലമോ തെളിച്ചു പറയാതെ, സുധാകരന്‍ തല്‍സമയം ഏത് നിലയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും വെളിപ്പെടുത്താതെയാണ് മുഖ്യമന്ത്രി തട്ടിക്കൊണ്ടുപോകല്‍ ഗൂഢാലോചന ഉന്നയിച്ചത് എന്നത് ശ്രദ്ധേയമാണ്. പിണറായിയുടെ മക്കള്‍ സ്‌കൂളില്‍ പഠിക്കുമ്പോഴാണ് സംഭവം എന്നതു മാത്രമാണ് കാലഗണനയ്ക്ക് ഏകദേശം സഹായിക്കുന്ന സൂചന.

സംഭവത്തെ പറ്റി മുഖ്യമന്ത്രി പറഞ്ഞത് :
ഒരിക്കല്‍ അതിരാവിലെ സുധാകരന്റെ അടുത്ത സുഹൃത്തായ ആള്‍ എന്റെ വീട്ടിലെത്തി. സ്വാഭാവികമായും ഞാന്‍ ആശ്ചര്യപ്പെട്ടു. രാഷ്ട്രീയമായി എന്റെ എതിര്‍ചേരിയിലാണ്. കണ്ണൂരിലെ ഒരു രീതി വെച്ച് നിങ്ങള്‍ക്കറിയാമല്ലോ. എന്തിനാണ് വന്നതെന്ന് ചോദിച്ചപ്പോള്‍ നിങ്ങളുടെ മക്കളെ തട്ടിക്കൊണ്ടുപോകാന്‍ സുധാകരന്‍ പദ്ധതിയിടുന്നുണ്ടെന്ന് പറഞ്ഞു. വല്ലാത്ത പ്രകൃതക്കാരനാണ് സുധാകരന്‍. മക്കളെ തട്ടിക്കൊണ്ടുപോകാന്‍ ഇത് പഞ്ചാബല്ലെന്നും നാട് കത്തുന്ന വിഷയമാകുമെന്നും അയാള്‍ സുധാകരനെ ഉപദേശിച്ചു. എങ്കിലും സുധാകരനെ വിശ്വാസമില്ലാത്തതിനാല്‍ എനിക്ക് മുന്നറിയിപ്പ് തരാന്‍ വന്നതാണ്. ഞാന്‍ ആരോടും പറഞ്ഞില്ല. അക്കാലത്ത് കുട്ടികളെ കൈപിടിച്ച് സ്‌കൂളിലാക്കുന്നത് ഭാര്യയാണ്. അവര്‍ക്ക് ഈ വിവരമറിഞ്ഞാല്‍ മനസ്സമാധാനമുണ്ടാകുമോ. മകന്‍ അക്കാലത്ത് തലശ്ശേരി സെന്റ് ജോസഫ് സ്‌കൂളിലും മകള്‍ കോണ്‍വെന്റ് സ്‌കൂളിലും പഠിക്കുകയാണ്. സെന്റ് ജോസഫിലാണ് ഭാര്യ പഠിപ്പിക്കുന്നത്.

എനിക്കെന്ത് ചെയ്യാന്‍ പറ്റുമെന്ന് ഞാന്‍ ചോദിച്ചു. വരുന്നത് വരുന്നിടത്തുവെച്ച് കാണാമെന്നും പറഞ്ഞു. താന്‍ ഈ വിഷയം ആരോടും പറഞ്ഞില്ല. ഇതെല്ലാം കടന്നുവന്നതാണ്. മോഹങ്ങള്‍ പലതുണ്ടാകും. ആ മോഹങ്ങള്‍ കൊണ്ടൊന്നും വിജയനെ വീഴ്ത്താന്‍ കഴിയില്ല എന്നത് ഇതുവരെ സുധാകരന്റെ അനുഭവമാണ്”. പിണറായി പറഞ്ഞു. ഇക്കാര്യം തന്നോട് പറഞ്ഞയാള്‍ മരിച്ചുപോയതിനാലാണ് പേര് പറയാത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

“ബ്രണ്ണന്‍ കോളേജിലെ സംഘര്‍ഷത്തിൽ സുധാകരനെ തല്ലിയില്ല, കൈയോങ്ങിയിട്ടേയുള്ളൂ. അപ്പോഴേക്ക് അവരുടെ കൂട്ടാളികള്‍ വന്നു, അന്നെനിക്ക് സുധാകരനെ അറിയില്ല, അവരോട് ആരാണിവന്‍ പിടിച്ചുകൊണ്ടുപോടാ എന്നു പറഞ്ഞപ്പോള്‍ അവര്‍ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു” –മുഖ്യമന്ത്രി ഇന്ന് വൈകീട്ട് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

എന്റെ മക്കളെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടയാളാണ് കെ.സുധാകരന്‍, മോഹം കൊണ്ടൊന്നും വിജയനെ വീഴ്ത്താന്‍ കഴിയില്ല-ഗുരുതര ആരോപണവുമായി പിണറായി - The Political Editor