ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വ്യാഴാഴ്ച കൊല്‍ക്കത്ത ഹൈക്കോടതിയില്‍ തിരഞ്ഞെടുപ്പു കേസ് ഫയല്‍ ചെയ്തു. നന്ദിഗ്രാമില്‍ താന്‍ സുവേന്ദു അധികാരിയോട് തോറ്റതിനെ ചോദ്യം ചെയ്താണ് ഹര്‍ജി. ഇന്ന് മമതയുടെ ഹര്‍ജിയില്‍ വാദം കേള്‍ക്കും.
വളരെ നേരിയ ഭൂരിപക്ഷത്തിനാണ് സുവേന്ദു ജയിച്ചത്. വോട്ടെണ്ണല്‍ പുരോഗമിക്കവേ ഒരു ഘട്ടത്തില്‍ ചില വാര്‍ത്താ ചാനലുകള്‍ മമത ജയിച്ചു എന്ന് റിപ്പോര്‍ട്ടു ചെയ്തിരുന്നു. മമത റീ കൗണ്ടിങ് ആവശ്യപ്പെട്ടിട്ടും അനുവദിച്ചില്ല എന്നതും ദുരൂഹത വര്‍ധിപ്പിച്ചിരുന്നു. അര ലക്ഷം വോട്ടിന് മമതയെ തോല്‍പിക്കും എന്ന് സുവേന്ദു പ്രഖ്യാപിച്ചിരുന്നുവെങ്കിലും സുവേന്ദുവിന് 1,10,764 വോട്ടും മമതയ്ക്ക് 1,08,808 വോട്ടുമാണ് കിട്ടിയത്. രണ്ടായിരത്തില്‍ താഴെ വോട്ടിന് മാത്രമാണ് സുവേന്ദുവിന്റെ വിജയം പ്രഖ്യാപിച്ചത്.













