കെപിസിസി പ്രസിഡന്റായി കെ.സുധാകരന്‍ തിരുവനന്തപുരത്ത് ഇന്ദിരാഭവനിൽ ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് പൊലീസ് കേസെടുത്തു. സാമൂഹിക അകലം പാലിച്ചില്ലെന്നും പങ്കെടുത്ത ആൾക്കാരുടെ എണ്ണം കൂടുതലാണ് എന്നും കാണിച്ചാണ് കണ്ടാലറിയാവുന്ന നൂറു പേര്‍ക്കെതിരെ മ്യൂസിയം പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്. താരീഖ് അന്‍വര്‍, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.മുരളീധരന്‍, ടി.സിദ്ദീഖ്, കൊടിക്കുന്നില്‍ സുരേഷ്, പി.ടി.തോമസ് തുടങ്ങിയ നേതാക്കൾ പങ്കെടുത്ത ചടങ്ങാണ് നടന്നത്. അതെ സമയം കേരള മന്ത്രസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ സാമൂഹിക അകലം പാലിച്ചിരുന്നോ അപ്പോള്‍ കേസൊന്നും എടുക്കാതിരുന്നതെന്തേ എന്നു ചോദിച്ചുള്ള പരിഹാസം പൊലീസിനെതിരെ സാമൂഹിക മാധ്യമങ്ങളില് നിറഞ്ഞു. സര്‍ക്കാര്‍ സംവിധാനം ദുരുപയോഗിക്കുന്നതിന്റെ വിമര്‍ശനവും പ്രതികരണങ്ങളായി വന്നു.













