ശാന്തമായ ലക്ഷദ്വീപുകളില്‍ അസ്വസ്ഥതയുടെ തിരമാലകള്‍ സൃഷ്ടിച്ച് ദ്വീപുനിവാസികളെ ദേശദ്രോഹികളായി മുദ്രകുത്തി ഉപദ്രവിക്കാനുള്ള സംഘപരിവാര്‍ അജണ്ടയ്‌ക്കെതിരെ ഇന്നലെ തലസ്ഥാനമായ കവറത്തിയില്‍ ഇരമ്പിയത് കറുത്ത വസ്ത്രങ്ങള്‍ ധരിച്ച ആയിരക്കണക്കിന് ദ്വീപുവാസികളുടെ പ്രതിഷേധക്കടല്‍.
ഒരാഴ്ചത്തെ സന്ദര്‍ശനത്തിനായി ലക്ഷദ്വീപിലേക്ക് ഇന്നലെ എത്തിയ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡാബായ് പട്ടേലിനെ എതിരേറ്റതും കറുത്ത കൊടികളും വസ്ത്രങ്ങളും ധരിച്ച് പ്രതിഷേധിച്ച നാട്ടുകാരുടെ രോഷം. റോഡുകളിലെ കറുത്ത കൊടികള്‍ പൊലീസ് നീക്കം ചെയ്യുകയും റോഡുവക്കില്‍ കറുത്ത വസ്ത്രം ധരിച്ചു നിന്നവരെ മാറ്റുകയും ചെയ്‌തെങ്കിലും നാട്ടുകാരെല്ലാം സ്വന്തം വീട്ടു മുറ്റങ്ങളിലും വീടിന്റെ മുകളിലും കറുത്ത കൊടിയുമായി നിലയുറപ്പിച്ചു. അഡ്മിനിസ്ട്രേറ്ററുടെ ബംഗ്ലാവിലേക്കുള്ള വഴിയിലുടനീളം വീടുകൾക്കു മുന്നിൽ കരിങ്കൊടി ഉയർത്തിയും കറുത്ത വസ്ത്രങ്ങളും മാസ്കും ബാഡ്ജും അണിഞ്ഞും ജനങ്ങൾ കാത്തുനിന്നു.കവറത്തിയില്‍ മാത്രമല്ല, മററ് ഒന്‍പത് ദ്വീപു സമൂഹങ്ങളിലും പ്രതിഷേധം അരങ്ങേറി.
ഇന്നലെ ഉച്ചയ്ക്ക് അഗത്തിയിൽ വിമാനമിറങ്ങിയ അഡ്മിനിസ്ട്രേറ്റർ അവിടെ നിന്നു ഹെലികോപ്റ്ററിൽ തലസ്ഥാനമായ കവരത്തിയിലെത്തി. ദ്വീപുവാസികളുടെ പ്രതിഷേധം ശക്തമായതിനു ശേഷം ആദ്യമായാണു പട്ടേൽ ലക്ഷദ്വീപ് സന്ദർശിക്കുന്നത്.
സേവ് ലക്ഷദ്വീപ് ഫോറം ആഹ്വാനം ചെയ്ത പ്രതിഷേധദിനാചരണത്തിനിടെ കനത്ത സുരക്ഷയിലാണു പട്ടേൽ കവരത്തിയിലെത്തിയത്. അദ്ദേഹം രാവിലെ 9ന് നെടുമ്പാശേരിയിലെത്തി അവിടെനിന്നു കവരത്തിയിലേക്കു പോകുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ, രാവിലെ ഈ തീരുമാനം മാറ്റി ദാമൻ ദിയുവിൽ നിന്നു ഗോവ വഴി അഗത്തിയിലെത്തുകയായിരുന്നു. അഡ്മിനിസ്ട്രേറ്ററെ നേരിൽക്കണ്ടു പ്രതിഷേധമറിയിക്കാൻ എംപിമാരായ ടി.എൻ. പ്രതാപൻ, ഹൈബി ഈഡൻ എന്നിവരും അൻവർ സാദത്ത് എംഎൽഎയും കൊച്ചി വിമാനത്താവളത്തിലെത്തിയിരുന്നു.
ചാനൽ ചർച്ചയിലെ പരാമർശത്തിന്റെ പേരിൽ കവരത്തി പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി റജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യം തേടി സംവിധായിക ആയിഷ സുൽത്താന ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.













