Categories
kerala

കെ.പി.സി.സി. അധ്യക്ഷന്‍, യു.ഡി.എഫ് കണ്‍വീനര്‍ പദവികള്‍ : ഗ്രൂപ്പു സമവാക്യങ്ങളില്‍ ഉലച്ചില്‍, എ,ഐ ഗ്രൂപ്പുപ്രമാണികള്‍ക്ക് അസ്വസ്ഥത

പ്രതിപക്ഷനേതാവിനു പിറകെ കെ.പി.സി.സി. അധ്യക്ഷനെയും യു.ഡി.എഫ് കണ്‍വീനറെയും മാറ്റാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം തീരുമാനിച്ചതോടെ പരമ്പരാഗത ഐ,എ-ഗ്രൂപ്പകള്‍ ഏറെ ആശങ്കയിലാണ്.

കാരണം മറ്റൊന്നുമല്ല, മുല്ലപ്പള്ളി രാമചന്ദ്രന്റെ രാജി അംഗീകരിച്ചാല്‍ പകരം ദേശീയ നേതൃത്വത്തിന് മുന്നില്‍ സജീവമായുള്ള പേര് കെ.സുധാകരന്റെതാണ്. സുധാകരന്‍ വിശാല ഐ-ഗ്രൂപ്പുകാരനാണ്. എന്നാല്‍ ഐ-ഗ്രൂപ്പിനകത്തു തന്നെ സ്വന്തം വിഭാഗം സുധാകരന് ഉണ്ടുതാനും. പ്രതിപക്ഷ നേതാവിനെ തീരുമാനിച്ചപ്പോഴും എ-ഐ ഗ്രൂപ്പുസമവാക്യങ്ങള്‍ക്കപ്പുറമുള്ള മാനദണ്ഡം ആണ് ഹൈക്കമാന്‍ഡ് സ്വീകരിച്ചത്. തിരഞ്ഞെടുക്കപ്പെട്ടതാവട്ടെ ഐ-ഗ്രൂപ്പില്‍ ഉള്ള നേതാവായ വി.ഡി.സതീശനെയും. സുധാകരനെ പോലെ സതീശനും കടുത്ത ഐ-ഗ്രൂപ്പുകാരനല്ല. ഐ-ഗ്രൂപ്പിലാണെന്നു പറയാമെങ്കിലും വിശാലമായി കാര്യങ്ങളെ കാണുന്ന നേതാവായാണ് സതീശന്‍ എല്ലാവര്‍ക്കും സ്വീകാര്യനാകുന്നത്.
പി.സി.സി. അധ്യക്ഷപദം സുധാകരനെ ഏല്‍പിക്കുകയാണെങ്കില്‍ ഉമ്മന്‍ചാണ്ടി ആത്മീയ നേതാവായ എ-ഗ്രൂപ്പിനു മാത്രമല്ല, ചെന്നിത്തല നേതാവായ ഐ-ഗ്രൂപ്പിനും കനത്ത തിരിച്ചടിയാണ്.

thepoliticaleditor

നേരത്തെ തിരഞ്ഞെടുപ്പിനു മുമ്പേ നേതൃമാറ്റവിഷയം വന്നപ്പോള്‍ അന്നും സുധാകരന്റെ പേര് സജീവമായി ഉയര്‍ന്നിരുന്നു. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഒരുമിച്ചാണ് സുധാകരന്‍ വരാതിരിക്കാന്‍ ചരടു വലിച്ചത്. അവര്‍ക്ക് താല്‍പര്യം കെ.മുരളീധരന്‍ വരുന്നതായിരുന്നു. മുരളീധരന്‍ പഴയ ഐ-ഗ്രൂപ്പുകാരനാണെങ്കിലും ഇപ്പോള്‍ ഏറെക്കാലമായി ഉമ്മന്‍ചാണ്ടിയെ പിന്തുണയ്ക്കുന്ന നയസമീപനമാണ് സ്വീകരിക്കാറ്. ഐ-ഗ്രൂപ്പിലാണെങ്കിലും സ്വന്തം ഇഷ്ടപ്രകാരം പ്രവര്‍ത്തിക്കുന്ന രീതിയാണ് സുധാകരന്റെത് എന്നതിനാല്‍ ചെന്നിത്തലയ്ക്ക് സുധാകരനെ താല്‍പര്യമേയില്ല.
പ്രതിപക്ഷ നേതാവും പി.സി.സി. അധ്യക്ഷപദവിയും ഫലത്തില്‍ എ-ഗ്രൂപ്പിന് നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടായാല്‍ ഭാവിയില്‍ അത് വിലപേശല്‍ ശേഷിയില്‍ ഉണ്ടാക്കുന്ന ദുര്‍ബലതയെക്കുറിച്ച് എ-ഗ്രുപ്പിന് കടുത്ത ആശങ്കയുണ്ട്.

മറ്റൊരു വിഷയം എ,ഐ ഗ്രൂപ്പുകളിലാണ് നില്‍പെങ്കിലും ഗ്രൂപ്പിന് അതീതമായി പല കാര്യങ്ങളും കാണണം എന്ന് ചിന്തിക്കുന്ന ഒരു യുവതലമുറ എം.എല്‍.എമാരും മറ്റ് ജനപ്രതിനിധികളും കോണ്‍ഗ്രസില്‍ വളര്‍ന്നു വരുന്നുണ്ട്. വി.ഡി.സതീശനെ പിന്തുണച്ചതും ഈ പുതു തലമുറക്കൂട്ടായ്മ ആണ്. സ്വാഭാവികമായും ഇത് സീനിയര്‍ എ,ഐ ഗ്രൂപ്പുകള്‍ ഇഷ്ടപ്പെട്ടില്ല. ഐ ഗ്രൂപ്പിലുള്ളവര്‍ തന്നെ വി.ഡി. സതീശനെ എതിര്‍ത്തു എന്നതും ശ്രദ്ധേയമാണ്. എല്ലാവരും എതിര്‍ത്തിട്ടും ഹൈക്കമാന്‍ഡ്, പ്രത്യേകിച്ച് കേരളത്തിലെ സംഘടനയെ രണ്ടു വര്‍ഷമായി നന്നായി അറിയുന്ന രാഹുല്‍ഗാന്ധി പുതിയ തലമുറയുടെ പക്ഷത്തിനാണ് മുന്‍തൂക്കം നല്‍കിയത് എന്നത് ഒരു സൂചനയാണ്.

യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്ന ഒരു പേര് പി.ടി.തോമസിന്റെതാണ്. ഏറെക്കാലമായി ഒരു ഗ്രൂപ്പിന്റെയും ഭാഗമായല്ലാതെയാണ് തോമസിന്റെ നില്‍പ്. അതേസമയം എ-ഗ്രൂപ്പ് മുന്നോട്ടു വെക്കുന്നത് ബെന്നി ബഹനാന്റെ പേരാണ്. പി.സി.സി. അധ്യക്ഷപദവി കൂടി ഐ-ഗ്രൂപ്പിന്റെ ഭാഗമായ വ്യക്തിക്ക് നല്‍കുകയാണെങ്കില്‍ യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം എ-ഗ്രൂപ്പിന് ലഭിക്കാന്‍ സാധ്യത കൂടുതലുണ്ട്. അങ്ങിനെയെങ്കില്‍ ബെന്നിക്ക് നറുക്കു വീണേക്കാം.

Spread the love
English Summary: congress groupism in a mess due to kppcc president and udf convener appointment issues

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick