ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും പുതിയ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ രാജ്യത്ത് നേരിയ വര്‍ധന. രണ്ട് ലക്ഷത്തി 11,000 രോഗികള്‍ കഴിഞ്ഞ ദിവസം ഉണ്ടായി. മെയ് 24-ന് 1.95 ലക്ഷവും 25-ന് 2.08 ലക്ഷവും ആയിരുന്നു രോഗികള്‍. എന്നാല്‍ ആക്ടീവ് കേസുകള്‍ കുറയുന്നുണ്ട്. ബുധനാഴ്ച മാത്രം 75,601 കേസുകള്‍ കുറഞ്ഞു.
അതേസമയം പുതിയ രോഗികളുടെ എണ്ണത്തെക്കാളധികം പേര്‍ രോഗവിമുക്തരായത് ഇന്നലെ ആശ്വാസവാര്‍ത്തയായി. രണ്ട് ലക്ഷത്തി 82,000 പേര്‍ രോഗത്തില്‍ നിന്നും മോചനം നേടി. ഇന്നലെ മാത്രം മരണം 3,841 ആണ്. കൊവിഡ് മൂലം ആകെ മൂന്നേകാല്‍ ലക്ഷത്തോളം പേര്‍ ഇന്ത്യയില്‍ മരണമടഞ്ഞെന്നാണ് ഔദ്യോഗിക കണക്ക്. യഥാര്‍ഥത്തിലുണ്ടായ മരണം ഇതിന്റെ എത്ര മടങ്ങ് ആയിരിക്കുമെന്ന് യു.പി.യിലും ഡെല്‍ഹിയിലുമൊക്കെ അടുത്തിടെയുണ്ടായ സംഭവവികാസങ്ങള്‍ തെളിയിക്കുന്നുണ്ട്.













