• Home
  • exclusive
  • എന്‍.സി.പി. : പീതാംബരന്‍ മാസ്റ്റര്‍ സംസ്ഥാന അധ്യക്ഷപദവി ഉപേക്ഷിക്കുന്നു, കാരണം പാർട്ടിയിൽ ഒറ്റപ്പെട്ടതിലെ മടുപ്പ്… പി.സി.ചാക്കോ ദേശീയ ജനറല്‍ സെക്രട്ടറിയായേക്കും

എന്‍.സി.പി. : പീതാംബരന്‍ മാസ്റ്റര്‍ സംസ്ഥാന അധ്യക്ഷപദവി ഉപേക്ഷിക്കുന്നു, കാരണം പാർട്ടിയിൽ ഒറ്റപ്പെട്ടതിലെ മടുപ്പ്… പി.സി.ചാക്കോ ദേശീയ ജനറല്‍ സെക്രട്ടറിയായേക്കും

എന്‍.സി.പി.യെ സംബന്ധിച്ച് സംഭവ ബഹുലമായ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം സംസ്ഥാനത്തെ സംഘടനയിലും മാറ്റങ്ങളെന്ന് സൂചന. മനസ്സുകൊണ്ട് മാണി സി.കാപ്പനെ അനുകൂലിച്ചിരുന്ന, അവസാന നിമിഷം വരെ എന്‍.സി.പി. കാപ്പനൊപ്പം യു.ഡി.എഫിലേക്ക് പോകണമെന്ന് വാദിച്ചിരുന്ന സംസ്ഥാന അധ്യക്ഷന്‍ ടി.പി.പീതാംബരന്‍ മാസ്റ്റര്‍ തന്നെ പ്രസിഡണ്ടിന്റെ ചുമതലയില്‍ നിന്നും ഒഴിവാക്കണമെന്ന് ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കയാണ്. ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ അലട്ടുന്ന പീതാംബരന്‍ മാസ്റ്റര്‍ സ്വയം മാറിനില്‍ക്കാന്‍ തീരുമാനിച്ചെന്നാണ് അറിയുന്നത്.
തിരഞ്ഞെടുപ്പു സമയത്ത് കോണ്‍ഗ്രസ് വിട്ട് എന്‍.സി.പി.യില്‍ ചേര്‍ന്ന പ്രമുഖ നേതാവ് പി.സി.ചാക്കോയെ പാര്‍ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായി നിയോഗിക്കുമെന്നും അറിയുന്നു.

മാണി സി. കാപ്പന്‍

പാലായിലെ ഇടത് എം.എല്‍.എ.ആയിരുന്ന മാണി സി. കാ്പ്പന് പാലായില്‍ തുടര്‍ന്നും മല്‍സരിക്കാന്‍ സീറ്റ് കിട്ടില്ലെന്നുറപ്പായതോടെ അദ്ദേഹം യു.ഡി.എഫ്. പക്ഷത്തേക്ക് പോകാന്‍ തീരുമാനിച്ചപ്പോള്‍ അതിനെ എന്‍.സി.പി.യില്‍ ശക്തമായി പിന്തുണച്ചയാളായിരുന്നു പീതാംബരന്‍മാസ്റ്റര്‍. എന്നാല്‍ മന്ത്രി ഏ.കെ. ശശീന്ദ്രന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷാഭിമുഖ്യമുള്ള ഗ്രൂപ്പ് ഇതിനെ ശക്തമായി എതിര്‍ത്തു. മാണി സി.കാപ്പനും പീതാംബരന്‍ മാസ്റ്ററും ദേശീയ അധ്യക്ഷന്‍ ശരദ്പവാറിനു മുന്നിലും യു.ഡി.എഫ്. പ്രവേശന ആവശ്യവുമായി പോകുകയുണ്ടായി. എല്ലാ ജില്ലകളിലും നേതൃയോഗങ്ങള്‍ വിളിച്ചു ചേര്‍ത്ത് യു.ഡി.എഫ് പ്രവേശനക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പീതാംബരന്‍ മാസ്റ്റര്‍ ശ്രമിച്ചെങ്കിലും ഭൂരിപക്ഷം ജില്ലാ നേതൃത്വങ്ങളും സഹകരിച്ചില്ല. അവരെല്ലാം പാര്‍ടി ഇടതുമുന്നണിയില്‍ തന്നെ തുടരണം എന്ന പക്ഷക്കാരായിരുന്നു. തുടര്‍ന്ന് ശശീന്ദ്രന്‍ വിഭാഗവും പീതാംബരന്‍ മാസ്റ്ററുടെ ചേരിയും തമ്മില്‍ ശക്തമായ ചേരിതിരിവ് തന്നെ സംസ്ഥാന നേതൃത്വത്തില്‍ രൂപപ്പെട്ടു. എന്നാല്‍ ഒടുവില്‍ ജയിച്ചത് ശശീന്ദ്രന്‍ ഗ്രൂപ്പ്. മാണി സി.കാപ്പന്‍ പോയാലും എന്‍.സി.പി. ഇടതുമുന്നണിയില്‍ തന്നെ നില്‍ക്കാന്‍ തീരുമാനവുമായി.

ഏ.കെ. ശശീന്ദ്രന്‍

യു.ഡി.എഫിലേക്ക് പോയ കാ്പ്പനോട് മാനസിക ഐക്യം ഉണ്ടായിരുന്നെങ്കിലും ഭൂരിപക്ഷ തീരുമാനം അനുസരിക്കാന്‍ പീതാംബരന്‍ മാസ്റ്റര്‍ നിര്‍ബന്ധിതനാവുകയായിരുന്നു.
കാപ്പന്‍ വീണ്ടും പാലായില്‍ ്ജയിച്ചത് പീതാംബരന്‍മാസ്റ്ററുടെ പക്ഷത്തിന് കൃത്യമായ ന്യായീകരണമായെങ്കിലും ഭരണം ഇടതിന് കിട്ടിയതിലൂടെ കൂടുതല്‍ ശരിയായ സമീപനം പാര്‍ടിയിലെ ശശീന്ദ്രന്‍ പക്ഷം എടുത്തത് തന്നെയാണെന്ന അഭിപ്രായവും പിന്നീട് വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടു. ചുരുക്കത്തില്‍ പീതാംബരന്‍മാസ്റ്റര്‍ ഒറ്റപ്പെടുന്ന സ്ഥിതി ഉണ്ടായിട്ടുണ്ട്. ഇതില്‍ നിന്നുള്ള മനപ്രയാസവും ഒപ്പം അനാരോഗ്യവും ആണ് ഇപ്പോഴത്തെ ഒഴിവാകലിനു പിന്നിലെന്ന് സൂചനയുണ്ട്.
പീതാംബരന്‍ മാസ്റ്റര്‍ ഒഴിയുകയാണെങ്കില്‍ ഇനി ആ സ്ഥാനത്തേക്ക് സാധ്യത നിലവിലുള്ള വൈസ് പ്രസിഡണ്ട് പി.കെ.രാജന്‍ മാസ്റ്റര്‍ക്കാണ്. പാര്‍ടിക്കകത്ത് ഇക്കാര്യത്തില്‍ വലിയ അഭിപ്രായഭേദങ്ങള്‍ ഇല്ല.

പി.കെ.രാജന്‍

തിരഞ്ഞെടുപ്പു കാലത്ത് കോണ്‍ഗ്രസുമായി പിണങ്ങി എന്‍.സി.പി.യിലേക്ക് വന്ന കോഴിക്കോട്ടെ പ്രമുഖ നേതാവ് പി.എം.സുരേഷ്ബാബുവിന് അര്‍ഹമായ ഒരു പദവി നല്‍കാനും നീക്കമുണ്ട്. സംസ്ഥാന വൈസ് പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി പദവികളില്‍ ഏതെങ്കിലും ഒന്നില്‍ സുരേഷ് ബാബുവിനെ പരിഗണിച്ചേക്കും.

പി.എം.സുരേഷ്ബാബു

കേരള നിയമസഭയിലേക്ക് കോണ്‍ഗ്രസ് ടിക്കറ്റ് പ്രതീക്ഷിച്ച് ഡെല്‍ഹിയില്‍ കേന്ദ്രീകരിച്ച് നീക്കം നടത്തിയ മുന്‍ മന്ത്രിയും കോണ്‍ഗ്രസ് ദേശീയ നേതൃനിരയിലെ പ്രുമുഖ മലയാളിയുമായിരുന്നു പി.സി.ചാക്കോ. എന്നാല്‍ ചാക്കോ പരിഗണിക്കപ്പെട്ടില്ല. അതോടെ ഇടഞ്ഞ ചാക്കോ പഴയ ഗുരുവായ ശരദ്പവാറിന്റെ പാര്‍ടിയില്‍ ചേര്‍ന്നതും തിരഞ്ഞെടുപ്പു ചൂടിനിടയിലാണ്. ഇടതുപ്രചാരണത്തിന് ചാക്കോ കേരളത്തില്‍ എത്തുകയും ചെയ്തു. കോണ്‍ഗ്രസില്‍ ഇപ്പോഴും ശരദ്പവാറുമായി ഹൃദയബന്ധം തുടരുന്ന നേതാവായിരുന്നു ചാക്കോ. അദ്ദേഹം ഒടുവില്‍ ഗുരുവിന്റെ അടുത്തേക്ക് തന്നെ തിരിച്ചെത്തി. എന്‍.സി.പി.യുടെ ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനം പവാര്‍ ചാക്കോയ്ക്ക് നല്‍കുമെന്നാണ് അറിയുന്നത്. എല്ലാ തീരുമാനവും ഏതാനും ദിവസത്തിനകം ശരദ്പവാര്‍ എടുക്കുമെന്നാണ് അറിവായത്.

Leave a Reply

Your email address will not be published. Required fields are marked *