കഴുത കാമം കരഞ്ഞു തീര്‍ക്കുമെന്ന് ഒരു പഴഞ്ചൊല്ലുണ്ട് നമുക്കിടയില്‍. അതിനര്‍ഥം കഴുതയ്ക്ക് കാമം അമിതമാണെന്നാണോ….അറിയില്ല. എന്നാല്‍ ആന്ധ്രപ്രദേശില്‍ കാര്യം അല്‍പം സീരിയസാണ്. അവിടെ കഴുതയുടെ മാംസത്തിന് വന്‍ ഡിമാന്റാണിപ്പോള്‍. ഇതിനായി വ്യാപകമായി കഴുതകളെ കൊല്ലുന്നതായി മൃഗസംരക്ഷണ വകുപ്പ് വേവലാതിപ്പെടുന്നു. സംസ്ഥാനത്ത് കഴുതകളുടെ എണ്ണത്തില്‍ വന്‍ കുറവാണ് ഉണ്ടായിരിക്കുന്നത്.
കഴുതയുടെ ഇറച്ചി ഇത്ര പ്രിയപ്പെട്ടതായതിനു പിന്നില്‍ ജനത്തിന്റെ ഒരു ധാരണയാണ്–കഴുതയിറച്ചി കാമാസക്തി കൂട്ടുമെന്ന വിശ്വാസം. ലൈംഗികാസക്തി വര്‍ധിപ്പിക്കുമെന്ന ധാരണയിലാണ് ജനം വ്യാപകമായി കഴുതകളെ കൊന്നു തിന്നുന്നതെന്നും അത് വെറും അന്ധവിശ്വാസം മാത്രമാണെന്നും മൃഗസംരക്ഷണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. ധനലക്ക്ഷമി പറഞ്ഞു. 2012-ല്‍ സംസ്ഥാനത്ത് 10,161 കഴുതകള്‍ ഉണ്ടായിരുന്നു. എന്നാല്‍ 2019-ല്‍ 4,678 കഴുതകളായി കുറഞ്ഞു. അഞ്ച് വര്‍ഷത്തിനകം 54 ശതമാനം കുറവാണ് കഴുതകളുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നത്. ഇതേ നില തുടര്‍ന്നാല്‍ അടുത്ത അഞ്ച് വര്‍ഷത്തിനകം ആന്ധ്രാ പ്രദേശില്‍ കഴുതകള്‍ ഇല്ലാതാവുമെന്നും അധികൃതര്‍ ആശങ്കപ്പെടുന്നു.