1927-ല്‍ ഉദ്ഘാടനം ചെയ്യപ്പെട്ട ഇന്ത്യന്‍ പാര്‍ലമെന്റ് ലോകത്തിലെ പ്രശസ്തങ്ങളായ നിയമനിര്‍മ്മാണസഭകളില്‍ ഒന്നാണെങ്കിലും കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ ഇടിച്ചു താഴ്ത്തിപ്പറയുന്നതു പോലെ പഴക്കമുള്ള ഒന്നല്ല. ലോകത്തിലെ പഴക്കമുള്ള ഇതര പാര്‍ലമെന്റ് മന്ദിരങ്ങളുമായി തട്ടിച്ചു നോക്കിയാല്‍ ഇന്ത്യയുടെത് യൗവ്വനം കഴിഞ്ഞിട്ടേയുള്ളൂ.
ലോകത്തിലെ ഏറ്റവും പഴക്കമുള്ള പാര്‍ലമെന്റ് കെട്ടിടം നെതര്‍ലാന്റിലെതാണ്. ചില്ലറയല്ല പഴക്കം 800 വര്‍ഷമാണ്.!! ഫ്രാന്‍സിന്റെ പാര്‍ലമമെന്റിന് 400 കൊല്ലത്തെ പഴക്കമുണ്ട്. ഇറ്റലിയിലെത് 515 വര്‍ഷം പഴയതാണ്. സാക്ഷാല്‍ അമേരിക്കയുടെ ലോകപ്രശസ്തമായ കാപ്പിറ്റോളിന് പോലും 220 വര്‍ഷത്തെ പഴക്കമുണ്ട്. ഈ മന്ദിരങ്ങളെല്ലാം ഇപ്പോഴും മാറ്റമില്ലാതെ ഉപയോഗിച്ചു വരുന്നു. അപ്പോഴാണ് വെറും 95 വര്‍ഷം മാത്രം പഴക്കമുള്ള അതി മനോഹരമായ ഇന്ത്യന്‍ പാര്‍ലമെന്റ് പുരാവസ്തുവാക്കി പ്രഖ്യാപിക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. 971 കോടി രൂപ ചെലവഴിച്ച് ത്രികോണാകൃതിയില്‍ പാര്‍ലമെന്റും മൊത്തം 20000 കോടി രൂപ ചെലവിട്ട് സെന്‍ട്രല്‍ വിസ്ത സമുച്ചയവും ഉണ്ടാക്കാന്‍ പോകുന്ന മോദി ഈ കോവിഡ് കാലത്തും അതിനു മുമ്പ് ഇന്ത്യയില്‍ സംഭവിച്ചു കഴിഞ്ഞിട്ടുള്ള സാമ്പത്തിക മാന്ദ്യ കാലത്തും ജനങ്ങള്‍ പണമില്ലാതെ വലയുന്നത് കാണുന്നില്ല എന്നത് പ്രതിപക്ഷം പറയുന്നതു പോലെ തന്നെ വിമര്‍ശനവിധേയമാണ്. തകര്‍ന്നു കിടക്കുന്ന ഈ ഘട്ടത്തില്‍, എം.പി. ഫണ്ട് പോലും നിര്‍ത്തിവെച്ചിട്ടുള്ള ഘട്ടത്തില്‍, വികസന പദ്ധതികള്‍ക്കും ക്ഷേമ പദ്ധതികള്‍ക്കും നീക്കിവെക്കാന്‍ പണമില്ലാതെ ഞെരുങ്ങുന്ന ഈ സന്ദര്‍ഭത്തില്‍ അത്ര പഴയതൊന്നുമല്ലാത്ത ഇപ്പോളത്തെ പാര്‍ലമെന്റ് എന്തിന് മാറ്റി 20000 കോടിയുടെ സെന്‍ട്രല്‍ വിസ്ത പണിയുന്നു എന്ന ചോദ്യം ഇന്ത്യയിലെ ദരിദ്രകോടികള്‍ ചോദിക്കേണ്ടത് ജനാധപത്യത്തിലെ ഏറ്റവും വലിയ ചോദ്യമാണ്. സര്‍ക്കാര്‍ അവര്‍ക്കായി പണിയുന്ന ആഡംബര കെട്ടിട സമുച്ചയം ഈ ഘട്ടത്തില്‍ അനിവാര്യതയേ അല്ല എന്ന പ്രതിപക്ഷത്തിന്റെ വിമര്‍ശനത്തിന്റെ പ്രസക്തി ഇവിടെയാണ്.