ചിലിയിൽ ഒരാൾ ഒറ്റരാത്രികൊണ്ട് കോടീശ്വരനായ വാർത്ത ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്. മരിച്ചുപോയ തന്റെ പിതാവിന്റെ 60 കൊല്ലം പഴക്കമുള്ള ബാങ്ക് പാസ്ബുക്ക് അപ്രതീക്ഷിതമായി കിട്ടിയതാണ് എക്സെക്വിയൽ ഹിനോജോസ എന്ന ഭാഗ്യവാന് വൻ സമ്പത്ത് നേടിക്കൊടുത്തത്.
പിതാവിന്റെ മരണത്തിന് പത്ത് വർഷത്തിന് ശേഷം, എക്സെക്വിയൽ ഹിനോജോസ തന്റെ പരേതനായ പിതാവിന്റെ സാധനങ്ങൾ അരിച്ചുപെറുക്കി പരിശോധിക്കുമ്പോൾ ആറ് പതിറ്റാണ്ട് പഴക്കമുള്ള ഒരു ബാങ്ക് പാസ്ബുക്ക് കണ്ടെത്തി. 1960-70 കാലഘട്ടത്തിൽ എക്സെക്വിയലിന്റെ അച്ഛൻ ഒരു വീട് വാങ്ങാൻ പണം സ്വരൂപിസിച്ചിരുന്നു. 1.4 ലക്ഷം രൂപ ബാങ്കിൽ നിക്ഷേപിച്ചു. ഇത് അദ്ദേഹം ഉപയോഗിച്ചിരുന്നില്ല. ആറ് പതിറ്റാണ്ടുകാലത്തെ പലിശയും പണപ്പെരുപ്പത്തോത് അനുസരിച്ച ആനുകൂല്യവും ചേർത്ത് ഇപ്പോൾ 1.2 മില്യൺ ഡോളർ ( ₹ 10 കോടി) ആയി വളർന്നു. കുടുംബത്തിലെ ആർക്കും അച്ഛന്റെ ബാങ്ക് അക്കൗണ്ടിനെക്കുറിച്ചും സമ്പാദ്യത്തെക്കുറിച്ചും അറിയില്ലായിരുന്നു.
അച്ഛൻ മരിച്ചതിനുശേഷം 10 വർഷത്തോളം ആ പാസ്ബുക്ക് ഒരു പെട്ടിയിൽ സൂക്ഷിച്ചിരുന്നു. വീട് വൃത്തിയാക്കുന്നതിനിടയിൽ എക്സെക്വീൽ അത് കണ്ടെത്തി. എന്നാല്‍ സമ്പാദ്യം പിന്‍വലിക്കാന്‍ ബാങ്കില്‍ ബന്ധപ്പെട്ടപ്പോള്‍ ആ അക്കൗണ്ട് എത്രയോ കാലം മുമ്പ് ഉപയോഗശൂന്യമായതായും ക്ലോസ് ചെയ്തതായുമുള്ള വിവരമാണ് കിട്ടിയത്. പാസ് ബുക്ക് സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ അതില്‍ ഒരു നിര്‍ണായക വിശദാംശം ഹനോജോസ കണ്ടെത്തിയതോടെ നാടകീയമായ സംഭവങ്ങളാണ് പിന്നീട് നടന്നത്. ബാങ്ക് അക്കൗണ്ടിന് രാജ്യം ഗ്യാരണ്ടി നിന്നിട്ടുണ്ട് എന്ന വിവരമാണ് പാസ്ബുക്കില്‍ നിന്നും കിട്ടിയത്. ഇതോടെ പണം നല്‍കാന്‍ രാജ്യം ബാധ്യസ്ഥമാണെന്ന നില വന്നു.
എന്നാൽ കോടീശ്വരനാകാനുള്ള എക്സെക്വിയലിന്റെ യാത്ര എളുപ്പമുള്ളതായിരുന്നില്ല; അദ്ദേഹത്തിന് അനുകൂലമായി നിരവധി കോടതി വിധികൾ ഉണ്ടായിരുന്നിട്ടും, സർക്കാർ ഓരോ ഘട്ടത്തിലും അപ്പീൽ നൽകി നിയമപോരാട്ടത്തെ രാജ്യത്തെ പരമോന്നത കോടതിയിലേക്ക് എത്തിച്ചു. ഏറെക്കാലത്തെ തര്‍ക്കത്തിനു ശേഷം ചിലിയന്‍ സര്‍ക്കാര്‍ തങ്ങള്‍ നല്‍കിയ ഗ്യാരണ്ടി പാലിക്കാന്‍ തീരുമാനിച്ചതോടെ ഹനോജോസ ഒറ്റ ദിനം കൊണ്ട് കോടീശ്വരനായി.















